Friday, March 30, 2012

തിരിച്ചു വരവിലേക്കുള്ള ഒരു സൌഹൃദ സംഭാഷണം

'' നിങ്ങളെ എനിക്കിപ്പോള്‍ വെറുപ്പാണ്.. മാറി നിക്കൂ ഞാന്‍ പോകട്ടെ..''

''എന്റ്റെ ചുറ്റും നിന്ന് നിലവിളിക്കുന്നത് എന്തിനാണ്.. എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങളെ എനിക്ക് പരിജയമില്ല..''

''അറിയില്ല എന്ന് ഭാവിച്ചു ഞാന്‍ നിന്നിട്ടും നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്..''

''മാറൂ.. എന്നെ വഴി നടക്കാന്‍ സമ്മതിക്കൂ.. മാറി നിക്കാന്‍.. എനിക്ക് നിങ്ങളുമായുള്ള സൌഹൃദം ഇനി വേണ്ട ''.

''ഇത് വലിയ കഷ്ട്ടമാണല്ലോ.. നിങ്ങളോടല്ലേ ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ അറിയില്ല. പണ്ട് നമ്മള്‍ തമ്മിലുണ്ടായിരുന്ന  ബന്ധം അവിടെ അവസാനിച്ചു. ഇനി തുടരാന്‍ താല്പര്യം ഇല്ല എന്ന്. എന്തിനാണ് എന്നെ ഇങ്ങനെ ധര്‍മ്മ സങ്കടത്തില്‍ ആക്കുന്നത്..''


''വേണ്ട.. ശരിയാവില്ല. ഒന്നും വേണ്ട. എനിക്കിനിയും സങ്കടപെടാന്‍ വയ്യ.. നിങ്ങള്‍ പോയ്കോളൂ..''

''വേണ്ട പോയ്കോളാന്‍ ഞാന്‍ പറഞ്ഞതല്ലേ.. .''

''നിങ്ങള്‍ പറയുന്നതെല്ലാം എനിക്ക് മനസിലാവുന്നു. പക്ഷെ....''

''വീണ്ടും നിങ്ങള്‍ എനിക്ക് ദുഖം മാത്രം സമ്മാനിചാലോ.. വേണ്ട എന്റ്റെ കണ്ണുനീര്‍ വറ്റിയിരിക്കുന്നു.. എന്റ്റെ കണ്‍ തടം ഉണങ്ങി വരണ്ടിരിക്കുന്നു. അവയെ വീണ്ടും നനക്കാന്‍ എനിക്കിനി ആവില്ല''

''നിങ്ങള്‍ നിക്കണ്ട പോയ്കോളൂ.. ഞാന്‍ വരില്ല ഇനി നിങ്ങളുടെ ലോകത്തേക്ക്..''

''അതെ. ശരിയാണ്. എങ്കിലും...''

''വേണ്ട കുട്ടികളെ ഞാനിനി വന്നാലും പഴയ പോലെ ആവാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല.. ''

''നിങ്ങള്‍ എന്നെ സങ്കടത്തിലാക്കുന്നു. എനിക്ക് വിഷമം ഇല്ലെന്നാണോ..''




''മം ഞാന്‍ വരാം. എന്നെ സ്നേഹിക്കുന്ന നിങ്ങള്ക്ക് വേണ്ടി.. എനിക്ക് നിങ്ങളെ എന്ത് സ്നേഹമാണെന്നോ''

''ഞാന്‍ മാറി നിന്നിട്ടും തിരിച്ചു വിളിക്കാന്‍ നിങ്ങള്‍ വന്നല്ലോ. എനിക്കൊത്തിരി സന്തോഷമായി.. നിങ്ങലോടെനിക്കിപ്പോ എന്ത് വികാരം ആണെന്ന് പറയാന്‍ പറ്റുന്നില്ല. സത്യം. ഇനി എന്നെ സങ്കടപെടുത്തരുത്.''

''ഇല്ല. ഇനി ഒരിക്കലും പോവില്ല. വാക്ക്''



ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന അക്ഷര ലോകത്തേക്ക് ഞാന്‍ വീണ്ടും. അവരോടു പിണങ്ങി പോയ എന്നെ അവര്‍ തന്നെ കൂട്ടി കൊണ്ട് വന്നിരിക്കുന്നു.

വാല്‍കഷണം - ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാവും.. ശല്യമായിട്ട്.



Thursday, March 8, 2012

നൈമിഷികം മാത്രം...

ആഞ്ഞടിക്കുന്ന ഈ അലകളെ ഹൃദയത്തില്‍ ഏറ്റു വാങ്ങി
ഇനിയും ഏകനായി ഞാന്‍....
മറഞ്ഞു പോയ നിന്റ്റെ ഓര്‍മ്മകളെ തിരികെ കൊണ്ട് വരാന്‍
ഈ തിരകള്‍ക്കോ ഈ നനുത്ത കാറ്റിനോ ആകുമായിരുന്നെങ്കില്‍...










അവളെ കുറിച്ചോര്‍ത്തു വിതുമ്പി കൊണ്ട് തിരിഞ്ഞു നടന്ന അവന്‍ കണ്ടു മുട്ടിയത്‌
അകന്നു പോയ തന്റ്റെ തോഴനെ ഓര്‍ത്ത്‌ കരയുന്ന മറ്റൊരുവളെ..
അവന്റ്റെ ആശ്വാസ വാക്കുകള്‍ അവള്‍ക്ക് ചിരി സമ്മാനിക്കുമ്പോള്‍
ആ തിരകളും നനുത്ത കാറ്റും തിരികെ കൊണ്ട് വന്ന ഓര്‍മ്മകള്‍ അവനെ തേടുക ആയിരുന്നു..



നിമിഷങ്ങള്‍.. അവ ഓര്‍മ്മകളെ പോലും വെറും ഓര്‍മ്മകളാക്കുന്നു..
ഇന്നിന്റ്റെ പ്രണയവും പ്രണയ നൈരാശ്യവും വെറും നൈമിഷികം മാത്രം...



Wednesday, February 29, 2012

വിശ്വാസം അതല്ലേ എല്ലാം..


ഇന്ന് ഞാന്‍ ജോലിക്കാര്യത്തിനായി ഒരിടം വരെ പോയിട്ട് ഓട്ടോയില്‍ തിരിച്ചു വരുമ്പോള്‍ വെറുതെ പേഴ്സ് ഒന്ന് നോക്കി. എണ്ണി പെറുക്കി എടുത്താല്‍ പതിനാലു രൂപ. ഈശോയെ ഞാന്‍ പൈസ എടുത്തിട്ടില്ല. മറന്നു. ഓ പേടിക്കാന്‍ ഒന്നുമില്ല. എ ടി എം കാര്‍ഡ്‌ കയ്യില്‍ ഉണ്ട്. ഇറങ്ങുമ്പോള്‍ എടുത്തു കൊടുക്കാം. ശോ എന്നാലും എന്‍റെ ഒരു മറവിയേ.. ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓട്ടോക്കാരനോട് കാര്യം പറഞ്ഞു ഞാന്‍ എ ടി എമ്മിലേക്ക് നടന്നു. അപ്പോളാണ് ഇങ്ങനെ ചിന്തിച്ചു നോക്കിയത്. ഞാന്‍ പൈസ കൊടുക്കാതെ പോയാല്‍ ഓട്ടോക്കാരന്‍ എന്ത് ചെയ്യും. എ ടി എമ്മില്‍ നിന്ന് എടുത്തു കൊടുക്കാം എന്ന് പറഞ്ഞിട്ട് ഞാന്‍ ഓടി രക്ഷപെട്ടാലോ.. ഞാന്‍ എ ടി എമ്മിന്റ്റെ ക്യുവില്‍ നില്‍ക്കുകയാണ്. ഇടയ്ക്കു ഓട്ടോക്കാരനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി. അയാള്‍ വേറെന്തോ നോക്കി അയാളുടെ വണ്ടിയില്‍ തന്നെ ഇരിക്കുകയാണ്. ഈ സമയത്ത് ഞാന്‍ ഒന്ന് ശ്രമിച്ചാല്‍ അയാളുടെ കണ്ണ് വെട്ടിച്ചു കടന്നു കളയാവുന്നതെ ഉള്ളൂ. പക്ഷെ അയാള്‍ എന്നെ സംശയിച്ചില്ല. ഞാന്‍ അയാളെ പറ്റിക്കില്ല എന്ന അയാളുടെ വിശ്വാസം. ഒരു പരിചയവുമില്ലാത്ത എന്നെ എങ്ങനെ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നു. ഞാന്‍ പൈസ എടുത്തു കൊണ്ട് വന്നു അയാള്‍ക്ക്‌ കൊടുത്തിട്ട് തിരിഞ്ഞു നടക്കുമ്പോള്‍ മുഴുവനും എനിക്ക് ഇതായിരുന്നു ചിന്ത. നിത്യ ജീവിതത്തില്‍ നമ്മള്‍ ആരെയൊക്കെയാ ഇങ്ങനെ വിശ്വസിക്കുന്നെ ..അല്ലേ ?

നിത്യ ജീവിതത്തില്‍ വിശ്വാസത്തിന്റെ പുറത്ത് മാത്രം എന്തോരം കാര്യങ്ങളാണല്ലേ നടക്കുന്നെ ? പരസ്പര വിശ്വാസത്തിന്റെ പേരില്‍ മാത്രം നടക്കുന്ന എന്തെല്ലാം ഇടപാടുകള്‍.. വിശ്വാസത്തിന്റെ ധൈര്യത്തില്‍ നമ്മള്‍ എന്തെല്ലാം ചെയ്തു കൂട്ടുന്നുണ്ട് ഓരോ ദിവസവും.. എന്നാ ഒക്കെ പോക്കണം കേടു കാണിച്ചാലും എല്ലാം നല്ല പോലങ്ങു നടക്കുമെന്നുള്ള ഒരു വിശ്വാസം.. ഈ മനുഷ്യന്മാരെ സമ്മതിക്കണം അല്ലിയോ..

അല്ല ഒന്നോര്‍ത്തു നോക്കിക്കേ..നമ്മളിപ്പോ അര്‍ജന്റ് ആയിട്ട് ഇരുപത്തി മൂന്നാമത്തെ ഫ്ലോറിലേക്ക് ലിഫ്റ്റില്‍ പോകുവാ നടന്നു കുന്നു കേറി പോകുന്നെക്കാട്ടിലും പെട്ടെന്ന് എത്തുമെന്നാണ് നമ്മുടെ വിശ്വാസം. അത് പകുതി ആകുമ്പോള്‍ കറന്റ് പോയി നിന്ന് പോയാലോ.. അല്ലെ എങ്ങാനും നിന്ന് പോയാലോ.. അതങ്ങു പൊക്കോളും എന്ന് നമ്മള്‍ അങ്ങ് വിശ്വസിക്കും എന്നിട്ടങ്ങു കേറും. അയിനിടക്ക് നിന്ന് പോകുമോ ഫാന്‍ അഴിച്ചു മുകളില്‍ കൂടി കയറണ്ട വരുമോ എന്നൊക്കെ നമ്മള്‍ ചിന്തിക്കാറുണ്ടോ.. കണ്ണില്‍ കണ്ട ബസേലും കാറെലും ഒക്കെ കേറി പോകുമ്പോ അതു ഞാന്‍ കേറുന്ന സമയത്ത് എങ്ങാനും മറിഞ്ഞാലോ എന്ന് ചിന്തിക്കാതെ നമ്മള് നിരൂവിക്കുന്ന സമയത്ത് അവിടെ ചെന്ന് പറ്റും എന്ന് നമ്മളങ്ങ് വിശ്വസിക്കും. അല്ലെ വേണ്ട നടു വേദന വരുമ്പോള്‍ കുറെ പഴയത് ആണെങ്കിലും എവിടുന്നെലും തപ്പി പിടിക്കുന്ന ഒരു ഓയിന്‍റ്‌മെന്‍റ് തേച്ചാല്‍ വേദന കുറയും എന്ന് പോലും നമ്മള്‍ വിശ്വസിക്കത്തില്ലായോ..

നമ്മടെ ഇടയിലുള്ള ഓരോ കുടുംബ ജീവിതവും പരസ്പരവിശ്വാസത്തില്‍ ഊട്ടി ഉറപ്പിച്ചതല്ലായോ. കെട്ടിയോന്‍ കെട്ടിയോളോടും കെട്ടിയോള്‍ കെട്ടിയോനോടും നേരും നെറിയും കാണിക്കണം അല്ലെ കാണിക്കും എന്നല്ലേ വിശ്വാസം.അല്ലെ പിന്നെ കെട്ടിയിട്ടു ഒരാഷ്ച്ച പോലും തികയും മുന്‍പേ കെട്ടിയോളെ ഇട്ടേച്ചു അച്ചായന്മാര്‍ ഗള്‍ഫിലേക്ക് പോകുവോ. എല്ലാം ഒരു വിശ്വാസത്തിന്ന്റെ പുറത്താടാ മക്കളെ..വല്ല റബ്ബര്‍ വെട്ടിയോ പശുവിനെ വളര്‍ത്തിയോ കൊള്ള പലിശക്ക് കടം കൊടുത്തോ മക്കളെ കഷ്ട്ടപെട്ടു പഠിപ്പിച്ചാല്‍ അവര്‍ ഭാവിയില്‍ നമ്മളെ നോക്കും എന്നാണു നമ്മടെ ഒക്കെ വിശ്വാസം[ ഇപ്പോള്‍ അത് അന്ധ വിശ്വാസം ആണ് എന്നാലും.], ഞാന്‍ എന്തോരം ഉഴപ്പിയാലും അപ്പന്‍ എങ്ങനെ എങ്കിലും നാല് നേരം ഭക്ഷണം തന്നോളും എന്ന മക്കളുടെ വിശ്വാസം. ഒന്ന് ഉറക്കെ കരഞ്ഞാല്‍ അമ്മ ഓടി വന്നു ആവശ്യം നിറവേറ്റും എന്ന കുഞ്ഞു കുട്ടികളുടെ വിശ്വാസം..തങ്ങള്‍ കഷ്ട്ടപെട്ടു വളര്‍ത്തിയ മക്കള്‍ വഴി പിഴച്ചു പോകില്ലന്നു അപ്പന്റ്റെം അമ്മയുടെയും വിശ്വാസം, ഞാന്‍ കണ്ടു പിടിച്ചു കൊടുക്കുന്ന ആളെ മോന്‍ അല്ലെങ്കില്‍ മോള്‍ കല്യാണം കഴിക്കും എന്ന മാതാപിതാക്കളുടെ വിശ്വാസം, ഞാന്‍ കണ്ടു പിടിക്കുന്ന ആളെ ഞാനൊന്നു വാശി വച്ച് കരഞ്ഞാല്‍ അപ്പനും അമ്മയും അംഗീകരിക്കും എന്ന മക്കളുടെ വിശ്വാസം.. അങ്ങിനെ കുടുംബ ജീവിതത്തില്‍ വിശ്വാസ്യതയുടെ പ്രാധാന്യം ഒണക്ക കപ്പക്ക് മീന്‍ ചമ്മന്തീ പോലെ ആണ്.[ വായനക്കാര്‍ക്ക്‌ ആവശ്യം പോലെ പുട്ടിന് മീന്‍ കറി/കടല എന്നോ പത്തിരിക്ക് കോഴി എന്നോ മാറ്റാം. എനിക്കിതാ ഇഷ്ട്ടം]

കുഞ്ഞവിരാ കൊച്ചവ്സേപ്പിനോട് വേണ്ട എന്ന് പറഞ്ഞാല്‍ അത്രെ ഉള്ളൂ.. അതാണ്‌ കൂട്ടുകാരന്മാര് തമ്മിലുള്ള വിശ്വാസം. ബാലന്‍ മാഷ്‌ ജ്യോതിഷ് [ സ്ടുടന്റ്റ്‌] മോന്‍ പാസാകും എന്ന് വിശ്വസിച്ചു ഒന്‍പതാം ക്ലാസ്സില്‍ പത്താം തവണയും ആത്മാര്‍ഥമായി പഠിപ്പിച്ചു. അതാണ്‌ അദ്ധ്യാപക വിദ്യാര്‍ഥി വിശ്വാസം..കൊച്ചു മുയലാളിമാര്‍ തൊഴിലാളികളെയും അവര്‍ മൊയലാളിമാരേയും വിശ്വസിക്കുന്നു.കൂട്ടില്‍ കിടക്കുന്ന പട്ടി വരെ അതിനു എവടന്നെലും എല്ലും മുട്ടി കൊണ്ടേ കൊടുക്കും അതിന്റ്റെ യജമാനന്‍ എന്ന് വിശ്വസിക്കുന്നു. ഇതെല്ലാം കൊടുക്കുന്ന പട്ടി തിരിഞ്ഞു കടിക്കില്ല എന്ന് നമ്മളും വിശ്വസിക്കുന്നു.

രാവിലെ കുളിച്ചു കുറി തൊട്ടു ബസ്‌ സ്റാന്‍ഡില്‍ പോയി നിക്കുമ്പോ അവള്‍ അത് വഴി വരുമെന്നുള്ള വിശ്വാസം.. ഇന്നെങ്കിലും ഒരു ചിരി പാസ്സാക്കുമെന്ന വിശ്വാസം..ഒരു സിനിമ കാണാന്‍ പോകുമ്പോ അത് നല്ലതാരിക്കും എന്നുള്ള വിശ്വാസം.. അത് പൊളിഞ്ഞു പാളീസ് ആകുമ്പോ തകരുന്ന വിശ്വാസം.. അത്താഴം കഴിച്ചിട്ട് കിടന്നുറങ്ങിയാല്‍ നേരം വെളുക്കുമ്പോള്‍ ബ്രേക്ക്‌ ഫാസ്റ്റ് തിന്നാന്‍ പറ്റുമല്ലോ എന്നുള്ള വിശ്വാസം.[ ഐ മീന്‍ ഭൂമി കറങ്ങും എന്ന വിശ്വാസം. അതങ്ങിനേം പറയാം]

മഴയത്ത് വള്ളി ചെരിപ്പിട്ടു നടക്കുമ്പോഴും തെന്നി വീഴുകയില്ലായിരിക്കും എന്നുള്ള വിശ്വാസം, ക്ലാസ്‌ പരീക്ഷക്ക്‌ പഠിക്കാതെ പോകുമ്പോള്‍ ടീച്ചറിനു പനി പിടിക്കും എന്ന വിശ്വാസം, പരീക്ഷക്ക്‌ തോറ്റിട്ടു ചെല്ലുമ്പോള്‍ അപ്പന്‍ മുല്ല വള്ളി വെച്ച് അടിക്കുമ്പോള്‍ അമ്മ തടയാന്‍ വരുമെന്നുള്ള വിശ്വാസം, പകുതി പഠിച്ചിട്ട് ബാക്കി പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് നോക്കികൊളും എന്ന വിശ്വാസം.. അങ്ങിനെ നമ്മുടെ മനസിനെ ആശ്വസിപ്പിക്കാന്‍ നമ്മള്‍ തന്നെ കണ്ടെത്തുന്ന കുറെ വിശ്വാസങ്ങള്‍.. എന്തിനേറെ സച്ചിന്‍ അടുത്ത കളിയില്‍ എങ്കിലും നൂറാം സെഞ്ചുറി അടിക്കുമെന്ന് പോലും നമ്മള്‍ വിശ്വസിക്കുന്നു. 

വിശ്വാസം, അന്ധവിശ്വാസം, ആത്മവിശ്വാസം, ദൈവവിശ്വാസം, പരസ്പര വിശ്വാസം, ഇങ്ങനെ നിരവധി അനവധി വിശ്വാസങ്ങളില്‍ അധിഷ്ട്ടിതമായ ഒരു ജീവിതം ആണ് നമ്മള്‍ ജീവിക്കുന്നത്. 

അല്ല ഈ പോസ്റ്റ് മണ്ടത്തരം ആണെങ്കിലും ഇത് വായിച്ചു നിങ്ങള്‍ കമന്റ് ഇടും എന്ന് പോലും ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ വിശ്വാസം അത് തന്നല്ലേ എല്ലാം ?

വാല്‍കക്ഷണം.- ഈ കല്യാണ്‍ ജുവലറിക്കാരനെ സമ്മതിക്കണം അല്ലിയോ..

Tuesday, February 21, 2012

അന്ന് രമ്മ്യേച്ചി മരിച്ചിരുന്നെങ്കില്‍ ..

പതിയെ വാതില്‍ തുറന്നു ഞാന്‍ പുറത്തു കടന്നു. നീണ്ട ഇടനാഴികളില്‍ കൂടി അല്പ്പദൂരം കടന്നു ചെന്നാല്‍ ചാപ്പല്‍ ആണ്. ഞാന്‍ നടന്നു. എന്റ്റെ കാല്‍പ്പാദങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു. എന്റ്റെ കവിള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. എത്ര വേഗം നടക്കാന്‍ ശ്രമിച്ചിട്ടും ചാപ്പല്‍ വരെ ഉള്ള ദൂരം നടന്നെത്താന്‍ പറ്റുന്നില്ല. ആരോ പിന്നിലേക്ക്‌ വലിക്കും പോലെ. ഞാന്‍ ഒരു വിധം നടന്നു ചാപ്പലോളം എത്തി. കുരിശിന്റ്റെ അടുത്തു മാത്രം സീറോ ബള്‍ബ്‌ തെളിഞ്ഞു നിക്കുന്നുണ്ട്. ഞാന്‍ മുട്ട് കുത്തി നിന്ന് ഏങ്ങലടിച്ചു കരഞ്ഞു. എന്റ്റെ കരച്ചിലിന്റ്റെ ശബ്ദം ചാപ്പലിന്റ്റെ നാല് ചുമരുകളിലും മുട്ടി പ്രധിദ്വനിച്ചു. ഇടയ്ക്കിടയ്ക്ക് വരുന്ന തേങ്ങലുകള്‍ തൊണ്ട പൊട്ടി പുറത്തേക്കു ഒഴുകി വലിയ ശബ്ദം ഉണ്ടാക്കി. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ ആവാത്ത വിധം ഉറക്കെ ആയി കരച്ചില്‍.
''എന്താ കുഞ്ഞേ നിനക്ക് പേടി ആണോ. അവള്‍ക്കൊന്നും പറ്റില്ല . അവള്‍ ഇവിടേയ്ക്ക് തന്നെ തിരിച്ചു വരും'' 

സിസ്റ്റര്‍ മാര്‍ഗരറ്റ്‌ എന്നെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. ഞാന്‍ സിസ്റ്ററിനെ വരിഞ്ഞു കെട്ടി പിടിച്ചു കരഞ്ഞു 
'' മണി രണ്ടര ആയി. നീ ഇനിയെങ്കിലും പോയി ഉറങ്ങു. ''
''എനിക്ക് പറ്റുന്നില്ല സിസ്റ്റര്‍. കണ്ണടച്ചാല്‍ രമ്മ്യേച്ചിയുടെ  മുഖമാ''
''നീ പ്രാര്‍ത്ഥിച്ചു കിടക്കു , ഒന്നും സംഭവിക്കില്ല ''
''ഞാന്‍ ഇത്തിരി നേരം കൂടി പ്രാര്‍ഥിചോട്ടെ  സിസ്റ്റര്‍''
''എനിക്ക് വയ്യ കുഞ്ഞേ. ഞാന്‍ കിടക്കുകയാ.. നിനക്ക് പേടി തോന്നുവാണേല്‍ എന്റ്റെ മുറിയില്‍ വന്നു കൊട്ടിയാ മതി''
''ഉം ''. ഞാന്‍ പിടുത്തം പയ്യെ അയച്ചു. സിസ്റ്റര്‍ കണ്ണടച്ച് ഒരു മിനിറ്റ്‌ പ്രാര്‍ഥിച്ചു മുറിയിലേക്ക് പോയി. വീണ്ടും ഭിത്തിയില്‍ രമ്മ്യേച്ചിയുടെ  മുഖം. ചേച്ചിയുടെ പാട്ടിന്റ്റെ ശബ്ദം കാതില്‍. 

ചേച്ചിയും ഞങ്ങളോടൊപ്പം ഇവെനിംഗ് പ്രേയറിനു വരുമായിരുന്നു. ചേച്ചി നന്നായി പാടും.' ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ.... ദൈവമാല്ലാതാര് നിന്നെ രക്ഷിപ്പാനുള്ളൂ...... ' ഈ പാട്ടാണ് ചേച്ചി എപ്പോളും പാടുക.  ചാപ്പലില്‍ മൊത്തം ആ പാട്ട് കേള്‍ക്കും പോലെ.. എന്റ്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന് മനസുരുകി പ്രാര്‍ഥിച്ചു. 

ഞാന്‍ പ്ലസ്‌ ടു വില്‍ പഠിക്കുന്ന കാലം. സിസ്ട്ടരുമാരുടെ വക ഹോസ്റ്റലില്‍ ആണ് താമസം. ആറേഴു പ്ലസ്‌ ടു കുട്ടികളും ബാക്കി മുഴുവന്‍ പാവനാത്മ കോളേജിലെ  ഡിഗ്രി, പി ജി സ്ടുടന്റ്സും.ഞാന്‍ ആദ്യം താഴത്തെ ഫ്ലോറില്‍ ആയിരുന്നു. അത് ബേസ്മെന്റ് ആയ കാരണം അവിടെ തണുപ്പ് കൂടുതല്‍ ആണ്. എനിക്കാണേല്‍ ഫുള്‍ ടൈം ജലദോഷവും പനിയും. അങ്ങിനെ സ്ഥിരം പനിക്കാരി ആയപ്പോള്‍ എന്നെ മാത്രം മുകളിലത്തെ ഫ്ലോരിലേക്ക് മാറ്റി. മൂന്നു എം. എസ്. സി കെമിസ്ട്രി ചേച്ചിമാരും പ്ലസ്‌ ടു കാരി ഞാനും. അവരൊക്കെ വല്യ ചേച്ചിമാര്‍. ഞാന്‍ പഠിക്കാന്‍ നന്നേ പുറകോട്ടായിരുന്നു. രാത്രി ഒരു മണി വരെ ഒക്കെ ഇരുന്നു പഠിക്കും. പക്ഷെ എല്ലാം മറന്നു പോകും. പിന്നെ ഓരോ അസുഖങ്ങളും

ആദ്യമൊന്നും ഞാനാ റൂമിലേക്ക്‌ ചെന്നത് അവര്‍ക്കിഷ്ട്ടമായില്ല എങ്കിലും പിന്നെ പിന്നെ എന്റ്റെ കുസൃതികളോട് അവര്‍ അട്ജസ്റ്റെട് ആയി. കവിത, രമ്യ പിന്നെ സംഗീത ചേച്ചി. ഇവരായിരുന്നു മൂന്നു പേര്‍. രമ്മ്യേച്ചി  ആയിരുന്നു എന്റ്റെ തൊട്ടടുത്ത ബെഡ്ഡില്‍ .ചേച്ചി എനിക്ക് പറഞ്ഞു തരും. രാവിലെ എന്നെ വിളിചെണീപ്പിക്കും. മടിയില്‍ കിടത്തി ഉറക്കും. വഴക്ക് പറയും അങ്ങിനെ എന്റ്റെ സ്വന്തം ചേച്ചിയെ പോലെ. 

അന്ന് രാവിലെ ഞാന്‍ എണീക്കുംപോ കണി കണ്ടത് ചേച്ചിയുടെ കരയുന്ന മുഖമായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ചിട്ട് ചേച്ചി ഒന്നും മിണ്ടിയില്ല. ചേച്ചിയുടെ ഒക്കെ സെമെസ്ട്ടര്‍ എക്സാം നടക്കുന്ന സമയം ആണ്. കവിത ചേച്ചിയും സംഗീത ചേച്ചിയും സ്റ്റഡി റൂമില്‍ ഇരുന്നു പഠിക്കുന്നുണ്ട്. രമ്മ്യേച്ചിയുടെ  മൈഗ്രയിന്‍ കാരണം ചേച്ചി നാട്ടിലെ ഹോസ്പിറ്റലില്‍ പോയിട്ട് തലേന്ന്  വയ്കുന്നേരം എത്തിയതെ ഉണ്ടാരുന്നുള്ളൂ. 

''പഠിച്ചു തീരാഞ്ഞിട്ടാണേല്‍ സാരമില്ല ചേച്ചി, ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലോ ചേച്ചിക്ക് വേണ്ടി '' 

ഞാന്‍ പറഞ്ഞു. ചേച്ചി നന്നായിട്ട് പഠിക്കുന്ന കൂട്ടത്തില്‍ ആയതിനാല്‍ എനിക്ക് അത്ര വലിയ ടെന്‍ഷനും ഇല്ലായിരുന്നു.ഡിഗ്രിക്ക് 89 പെര്സേന്റ്റെജ് ഉള്ള ആളാ. പുസ്തകത്തിന് മുന്നില്‍ ഇരുന്നു കരഞ്ഞ ചേച്ചിയെ ആശ്വസിപ്പിച്ചിട്ടു ഞാന്‍ താഴെ സ്റ്റഡി ഹാളിലേക്ക് പോയി. എട്ടര ആയപ്പോള്‍ ഞാന്‍ റെഡി ആകാന്‍ കയറി വന്നപ്പോള്‍ കവിതെച്ചിയും സംഗീതെച്ചിയും കൂടി എന്തൊക്കെയോ കുശു കുശുക്കുന്നുണ്ടായിരുന്നു .കാര്യം ചോദിച്ചപ്പോള്‍ വ്യ്കിട്ടു പറയാം മോള് ഒരുങ്ങി സ്കൂളില്‍ പൊക്കോളൂന്നു പറഞ്ഞു. അവര് പറഞ്ഞാല്‍ അത്ര തന്നെ . ഞാന്‍ സ്കൂളിലേക്ക് പോയി. പോകുന്നതിനു മുന്‍പ് രമ്മ്യേച്ചിയെ കണ്ടു ഒരുമ്മ കൊടുത്ത് ആള്‍ ദി ബെസ്റ്റ് പറയുകയും ചെയ്തു. 

വ്യ്കിട്ടു സ്കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ വച്ചാണ് ഞാന്‍ അറിയുന്നത് പാവനാത്മ കോളേജിലെ ഏതോ സ്ടുടന്റ്റ്‌ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു അത്രെ. മരിച്ചില്ല. ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു എന്നൊക്കെ. പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ചതിനാണ് അത് ചെയ്തതെന്നും. ഞങ്ങള്‍ എന്നിട്ട് പറഞ്ഞു ചിരിക്കുകയും ചെയ്തു. കക്കാന്‍ അറിയുന്നവനു നിക്കാനും അറിയണം എന്ന്. ഹോസ്റ്റല്‍ മുറ്റത്ത് എത്തിയപ്പോലെക്കും ആകെ ഒരു വല്ലായ്മ. എല്ലാവരും കൂട്ടം കൂടി നിന്ന് ഡിസ്ക്കസ് ചെയ്യുന്നു. ഞാന്‍ പടിയിറങ്ങി ചെന്നതും കവിതേച്ചി ഓടി വന്നു എന്നെ കെട്ടി പിടിച്ചു കരഞ്ഞു.'' നമ്മുടെ രമ്യാ.. അവള്‍... അവള്‍.''. കവിതെച്ചിയെ തള്ളി മാറ്റി ഞാന്‍ റൂമിലേക്ക്‌ ഓടി. ഇല്ല അവിടില്ല. രമ്മ്യേച്ചി  അവിടില്ല. എനിക്ക് വല്ലാതെ ആയി. തല കറങ്ങുന്ന പോലെ.. അപ്പോളേക്കും എല്ലാവരും ഓടി വന്നിരുന്നു അങ്ങോട്ട്‌. വാവിട്ടു കരയാന്‍ അല്ലാതെ എനിക്കൊന്നിനും ആയില്ല. 

പിന്നീടാണറിഞ്ഞതു രമ്മ്യേച്ചി  കാലത്തെ ടവ്വലില്‍ കുറച്ചു ഇക്വേഷന്‍സ് എഴുതി കൊണ്ട് പോയിരുന്നു അത്രെ. കോപ്പി അടിച്ചു ശീലമില്ലാത്ത ചേച്ചിയുടെ കൈ വിറയ്ക്കുന്ന കണ്ട എക്സാമിനെര്‍ അത് കണ്ടു പിടിക്ക്കുകയും എക്സാം ഹാളില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. അവിടുന്നിറങ്ങി നേരെ മുകളിലേക്ക് പോയി ചാടുകയായിരുന്നു.ചാടാന്‍ തുടങ്ങുന്ന കണ്ട പലരും വേണ്ടാ ന്നു വിളിച്ചു പറഞ്ഞിട്ടും ......

റൂമില്‍ ഇരിക്കും തോറും പ്രാന്ത് പിടിക്കുന്ന അവസ്ഥ.  ചേച്ചിയുടെ ബെഡിലേക്ക് നോക്കുമ്പോ കാലത്ത് പുസ്ത്തകത്തിനു മുന്നില്‍ കരഞ്ഞു കൊണ്ടിരുന്ന മുഖം മനസില്‍ വരും. കാലത്ത് എനിക്ക് ഉമ്മ തന്നത് ഫീല്‍ ചെയ്യാന്‍ കഴിയുന്ന പോലെ. നിര്‍ത്താതെ കരയാന്‍ അല്ലാതെ ഒന്ന് മിണ്ടാന്‍ പോലും എനിക്ക് പറ്റിയില്ല. ചേച്ചി എന്തിനാ പോലും അങ്ങിനെ ചെയ്തത്. കോളേജിലെ ഗുഡ്‌ ലിസ്റ്റില്‍ ഉണ്ടായിരുന്ന ചേച്ചിക്ക് ഈ അപമാനം സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. 

എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍  ഈശോ എന്റ്റെ രമ്മ്യേച്ചിയെ  രക്ഷിച്ചു.  ആര്‍ക്കും വേണ്ടാത്ത ഒരു ജീവച്ഛവം ആയി അരക്ക് കീള്‍പോട്ടു തളര്‍ന്നു ഇന്നും എന്റ്റെ രമ്മ്യേച്ചി അവശേഷിക്കുന്നു..... അന്ന് രമ്മ്യേച്ചി മരിച്ചിരുന്നെങ്കില്‍ എന്ന് ഞാനിപ്പോ അറിയാതെ പ്രാര്‍ഥിച്ചു പോകുകയാണ്.. 

Tuesday, February 14, 2012

തോമായണം രണ്ടാം ഗണ്ടം മൂന്നാം ചരിതം നാലാം ഭാഗം


അവറാച്ചന്‍ ചേട്ടന് മൂന്നു  ഭാര്യമാര്‍ ഉണ്ടായിരുന്നു.ഏലിയാമ്മ, അന്ന കുട്ടി, സൂസമ്മ . ഒരിക്കല്‍ തന്റ്റെ രണ്ടാമത്തെ ഭാര്യ അന്ന കുട്ടിയുമായി  തന്റ്റെ ജിപ്സിയില്‍ ഹൈ റേഞ്ച് ചുരം ഇറങ്ങി വരിക ആയിരുന്നു അവറാച്ചന്‍ ചേട്ടന്‍. പെട്ടെന്ന് ജിപ്സിയുടെ വീലിന്റ്റെ ആണി ഊരിപോയി , ഒട്ടും മടിക്കാതെ അന്ന കുട്ടി തന്റ്റെ വിരല്‍ ആണിക്ക് പകരം വീലിലേക്ക് ഇട്ടു സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്തു. അന്ന കുട്ടിയുടെ ഈ പ്രവര്‍ത്തിയില്‍ സംപ്രീതനായ അവറാച്ചന്‍ ചേട്ടന്‍ അവളോട്‌ താന്‍ അവള്‍ക്കു രണ്ടു അവാര്‍ഡ്‌ കൊടുക്കാമെന്നും ഇഷ്ട്ടമുള്ള അവാര്‍ഡ്‌ ചോദിചോളാനും പറഞ്ഞു.

അന്നകുട്ടി ആവശ്യപെട്ട രണ്ടു വരങ്ങള്‍ ഇതായിരുന്നു. തന്റ്റെ മകന്‍ ദേവസ്യാച്ചന് ബിസിനെസ് നോക്കി നടത്താന്‍ ഉള്ള അവകാശം കൊടുക്കണം എന്നും, ഏലിയാമ്മയുടെ മകന്‍ തോമസ്സ് കുട്ടിയെ കൂപ്പില്‍ പണിക്കയക്കണം എന്നും. ഏലിയാമ്മയോടും മക്കളോടും സ്നേഹം കൂടുതല്‍ ഉണ്ടായിരുന്നിട്ടും അന്നക്കുട്ടി യോട് കൊടുത്ത വാക്ക് പാലിക്കാന്‍ ആയി അവറാച്ചന്‍ തന്റ്റെ പ്രിയ പുത്രന്‍ തോമസ് കുട്ടിയെ ഇടുക്കിയിലെ കൊടും വനത്തിനകത്തുള്ള കൂപ്പില്‍ പണിക്ക് വിട്ടു. തോമസ് കുട്ടിയും ഭാര്യ കൊച്ചു ത്രേസ്യായും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തോമസ് കുട്ടിയുടെ അനിയന്‍ പീലിപ്പോസും ഒപ്പം ചേര്‍ന്നു.

കൂപ്പില്‍ ചെന്ന തോമസ് കുട്ടിയും പീലിപ്പോസും കൊച്ചു ത്രേസ്യായും കൂടി ഒരു കുടില്‍ ഒക്കെ കെട്ടി താമസമാക്കി. കാലത്ത് പണിക്ക് പോകാന്‍ ഇറങ്ങിയ തോമസ് കുട്ടിയും പീലിപ്പോസും കൂടി കൊച്ചു ത്രേസ്യയെ തനിച്ചാക്കി പുറത്തേക്കു എങ്ങും പോകരുത് എന്ന് പറഞ്ഞിട്ട് പോയി.കുടിലിനുള്ളില്‍ ഇരിക്കണ്ട എന്ന് പറഞ്ഞു പീലിപ്പോസ് കൊച്ചു ത്രേസ്യയെ വെളിയില്‍ ഇറക്കി ഒരു വട്ടംവരച്ചു അതില്‍ നിര്‍ത്തി. അതില്‍ നിന്നും വെളിയില്‍ ഇറങ്ങരുത് എന്നും പറഞ്ഞു .തോമസ് കുട്ടി കൊടുത്ത ഫ്ലയിംഗ് കിസ്സ്‌ താലോലിച്ചു പീലിപ്പോസ് വരച്ച വട്ടത്തിനുള്ളില്‍ കൊച്ചു ത്രേസ്യ ഏകയായി നിന്നു . അപ്പോളാണ് ഈറ്റ വെട്ടാന്‍ അത് വഴി വന്ന അന്തോണി കൊച്ചു ത്രേസ്യയെ കാണുന്നത്. അവളുടെ ചട്ടയും മുണ്ടും ഉടുത്ത വടിവൊത്ത അഴക്‌ അന്തോണിയുടെ മനസിനെ ഹഡാതാകര്ഷിച്ചു.

പിന്നീടുണ്ടായത് തികച്ചും ആകസ്മികം ആയിരുന്നു. കൊച്ചു ത്രേസ്യയെ അന്തോണി മുല്ലപെരിയാര്‍ ഡാമിന് അക്കരെ ഉള്ള ചെറുതോണിയിലേക്ക് തട്ടി കൊണ്ട് പോയി അവിടുത്തെ ഒരു ഏല തോട്ടത്തില്‍ കെട്ടിയിട്ടു. കൊച്ചു ത്രേസ്യയുടെ കയ്യിലുണ്ടാരുന്ന മൊബൈല്‍ ജി പി എസ് ട്രാക്ക്‌ വഴി കണ്ടു പിടിച്ചു[റേഞ്ച് ഇല്ലാഞ്ഞ കൊണ്ട് വിളിക്കാന്‍ പറ്റിയില്ല] കൊച്ചു ത്രേസ്യ ചെറുതോണിയില്‍ ഉണ്ടെന്നു തോമസ് കുട്ടി മനസിലാക്കി.പിന്നീട്  മുല്ല പെരിയാര്‍ ഡാമിന് കുറുകെ പാലം പണിത് തോമസ് കുട്ടിയും സംഘവും [പാലം പണിയാന്‍ ഒരു കാട്ടു കോഴി സഹായിക്കുകയും ഉണ്ടായി] ചെറുതോണിയില്‍ എത്തി അന്തോണിയോടു യുദ്ധം ചെയ്തു കൊച്ചു ത്രേസ്യയെ തിരികെ കൊണ്ട് വന്നു.
തിരികെ എത്തിയ കൊച്ചു ത്രേസ്യയുടെ മേല്‍ തോമസ് കുട്ടിക്ക് സംശയം ആയി. സംശയം മൂത്ത തോമസ് കുട്ടി കൊച്ചു ത്രേസ്യയെ ഡിവോര്സ് ചെയ്തു. സങ്കടം സഹിക്ക വയ്യാതെ പതിവൃതയായ കൊച്ചു ത്രേസ്യ കപ്പ വാട്ടാന്‍ ഉണ്ടാക്കിയ തീ ചൂളയില്‍ ചാടി ആത്മഹത്യ ചെയ്തു. അവള്‍ പതിവൃത ആയിരുന്നുവെന്ന് ഗബ്രിയേല്‍ മാലാഖ തോമസ് കുട്ടിയോട് സ്വപ്നത്തില്‍ വന്നു പറഞ്ഞു. കുറ്റബോധം മൂത്ത തോമസ് കുട്ടി അന്ന് തന്നെ പള്ളിയില്‍ പോയി കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.

ശുഭം..

NB: ഈ കഥയും ഇതിലെ  കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. നിങ്ങള്‍ വായിച്ച മറ്റേതെങ്കിലും കഥയോട് സാദ്രിശ്യം തോന്നിയാല്‍ തികച്ചും യാദ്രിശ്യചികം മാത്രം.. മനുഷ്യ ജീവിതം എല്ലായിടത്തും ഒരു പോലെ ആണല്ലോ. ആരും എന്നെ തല്ലരുത് എന്ന് അപേക്ഷ.. ചീത്ത വിളിക്കാന്‍ താഴെ കമന്റ് ബോക്സ് നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നന്ദി നമസ്കാരം 

സ്വന്തം 
മേരി പെണ്ണ് 

Monday, February 13, 2012

എന്റ്റെ മൌനത്തില്‍ നീ ജീവിക്കുന്നു..

you are living in my silence.....
എന്നതാ ഇത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ... എനിക്കുമൊന്നും  മനസിലായില്ല കേട്ടോ .  എന്തിരോ എന്തോ പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഉള്ള ഒരു ദിവസം അല്ലെ. ആരെങ്കിലും എന്റ്റെ ബ്ലോഗില്‍ കയറി നോക്കിയാല്‍ ഒരു പോസ്റ്റ്‌ ഇല്ലെങ്കില്‍ ആര്‍ക്കാ അതിന്റ്റെ നാണക്കേട്‌. അത് കൊണ്ട് എവിടുന്നോ കിട്ടിയ ഒരു വാചകവും എടുത്തു കൊണ്ട് അങ്ങ് കാച്ചി. പ്രണയിക്കുന്ന എന്റ്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം കഴിയുന്നതിലും വേഗം രക്ഷപെടുക. ഈ പ്രണയം എന്ന് പറയുന്നത് മണ്ണാങ്കട്ടയും തേങ്ങാ കുലയും ആണ്... 

Sunday, February 12, 2012

പ്രിയ നിസ....

"മിഴിനീർ കുടംനിറഞ്ഞ് പൊട്ടി

കുലംകുത്തിയപ്പോൾ

അവൾ പ്രതീക്ഷിച്ചിരുന്നില്ല


ആ പ്രവാഹത്തിൽ


താനും ഒലിച്ചുപോകുമെന്ന്"

നിസ മോള്‍... ഈ ലോകതിന്റ്റെ കണ്ണുനീര്‍  കാണാന്‍ അവള്‍ക്കിനി ആവില്ല. ആര്‍ക്കും വേണ്ടിയും 


കണ്ണുനീരോഴുക്കാനും   അവള്‍ക്കാവില്ല. വേദന കടിച്ചമര്താന്‍ 


ശ്രമിക്കുന്നതിനിടെ അറിയാതെ നിറഞ്ഞു കവിഞ്ഞ അവളുടെ കണ്ണ് നീര്‍ പ്രവാഹത്തില്‍ അവളെങ്ങോട്ടോ 


ഒലിച്ചകന്നു പൊയ്‌ പോയ്‌..

രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു 


വറ്റിക്കുന്നതിനിടയിലായിരിക്കുമോ ഈ പിഞ്ചു കുഞ്ഞിന്റെ 


വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?... നീ എങ്ങു പോയ്‌ മറഞ്ഞാലും നിന്റ്റെ ഓര്‍മ്മകള്‍ 


ഞങ്ങളോടൊപ്പം ഉണ്ടാവും. 


പ്രിയപ്പെട്ട നിസ...പ്രാര്‍ത്ഥനയോടെ നിറ കണ്ണുകളുമായി നിന്റ്റെ സഹോദരന്മാര്‍..


ഇന്ന് രക്താര്‍ബുദം വന്നു മരണത്തിനു കീഴടങ്ങേണ്ടി  വന്ന നിസ എന്ന കൊച്ചു ബ്ലോഗെര്‍ക്കായി............


അവള്‍ എഴുതിയ കുറെ നല്ല കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.http://neesavellur.blogspot.in/