Friday, March 30, 2012

തിരിച്ചു വരവിലേക്കുള്ള ഒരു സൌഹൃദ സംഭാഷണം

'' നിങ്ങളെ എനിക്കിപ്പോള്‍ വെറുപ്പാണ്.. മാറി നിക്കൂ ഞാന്‍ പോകട്ടെ..''

''എന്റ്റെ ചുറ്റും നിന്ന് നിലവിളിക്കുന്നത് എന്തിനാണ്.. എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങളെ എനിക്ക് പരിജയമില്ല..''

''അറിയില്ല എന്ന് ഭാവിച്ചു ഞാന്‍ നിന്നിട്ടും നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്..''

''മാറൂ.. എന്നെ വഴി നടക്കാന്‍ സമ്മതിക്കൂ.. മാറി നിക്കാന്‍.. എനിക്ക് നിങ്ങളുമായുള്ള സൌഹൃദം ഇനി വേണ്ട ''.

''ഇത് വലിയ കഷ്ട്ടമാണല്ലോ.. നിങ്ങളോടല്ലേ ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ അറിയില്ല. പണ്ട് നമ്മള്‍ തമ്മിലുണ്ടായിരുന്ന  ബന്ധം അവിടെ അവസാനിച്ചു. ഇനി തുടരാന്‍ താല്പര്യം ഇല്ല എന്ന്. എന്തിനാണ് എന്നെ ഇങ്ങനെ ധര്‍മ്മ സങ്കടത്തില്‍ ആക്കുന്നത്..''


''വേണ്ട.. ശരിയാവില്ല. ഒന്നും വേണ്ട. എനിക്കിനിയും സങ്കടപെടാന്‍ വയ്യ.. നിങ്ങള്‍ പോയ്കോളൂ..''

''വേണ്ട പോയ്കോളാന്‍ ഞാന്‍ പറഞ്ഞതല്ലേ.. .''

''നിങ്ങള്‍ പറയുന്നതെല്ലാം എനിക്ക് മനസിലാവുന്നു. പക്ഷെ....''

''വീണ്ടും നിങ്ങള്‍ എനിക്ക് ദുഖം മാത്രം സമ്മാനിചാലോ.. വേണ്ട എന്റ്റെ കണ്ണുനീര്‍ വറ്റിയിരിക്കുന്നു.. എന്റ്റെ കണ്‍ തടം ഉണങ്ങി വരണ്ടിരിക്കുന്നു. അവയെ വീണ്ടും നനക്കാന്‍ എനിക്കിനി ആവില്ല''

''നിങ്ങള്‍ നിക്കണ്ട പോയ്കോളൂ.. ഞാന്‍ വരില്ല ഇനി നിങ്ങളുടെ ലോകത്തേക്ക്..''

''അതെ. ശരിയാണ്. എങ്കിലും...''

''വേണ്ട കുട്ടികളെ ഞാനിനി വന്നാലും പഴയ പോലെ ആവാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല.. ''

''നിങ്ങള്‍ എന്നെ സങ്കടത്തിലാക്കുന്നു. എനിക്ക് വിഷമം ഇല്ലെന്നാണോ..''




''മം ഞാന്‍ വരാം. എന്നെ സ്നേഹിക്കുന്ന നിങ്ങള്ക്ക് വേണ്ടി.. എനിക്ക് നിങ്ങളെ എന്ത് സ്നേഹമാണെന്നോ''

''ഞാന്‍ മാറി നിന്നിട്ടും തിരിച്ചു വിളിക്കാന്‍ നിങ്ങള്‍ വന്നല്ലോ. എനിക്കൊത്തിരി സന്തോഷമായി.. നിങ്ങലോടെനിക്കിപ്പോ എന്ത് വികാരം ആണെന്ന് പറയാന്‍ പറ്റുന്നില്ല. സത്യം. ഇനി എന്നെ സങ്കടപെടുത്തരുത്.''

''ഇല്ല. ഇനി ഒരിക്കലും പോവില്ല. വാക്ക്''



ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന അക്ഷര ലോകത്തേക്ക് ഞാന്‍ വീണ്ടും. അവരോടു പിണങ്ങി പോയ എന്നെ അവര്‍ തന്നെ കൂട്ടി കൊണ്ട് വന്നിരിക്കുന്നു.

വാല്‍കഷണം - ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാവും.. ശല്യമായിട്ട്.



Thursday, March 8, 2012

നൈമിഷികം മാത്രം...

ആഞ്ഞടിക്കുന്ന ഈ അലകളെ ഹൃദയത്തില്‍ ഏറ്റു വാങ്ങി
ഇനിയും ഏകനായി ഞാന്‍....
മറഞ്ഞു പോയ നിന്റ്റെ ഓര്‍മ്മകളെ തിരികെ കൊണ്ട് വരാന്‍
ഈ തിരകള്‍ക്കോ ഈ നനുത്ത കാറ്റിനോ ആകുമായിരുന്നെങ്കില്‍...










അവളെ കുറിച്ചോര്‍ത്തു വിതുമ്പി കൊണ്ട് തിരിഞ്ഞു നടന്ന അവന്‍ കണ്ടു മുട്ടിയത്‌
അകന്നു പോയ തന്റ്റെ തോഴനെ ഓര്‍ത്ത്‌ കരയുന്ന മറ്റൊരുവളെ..
അവന്റ്റെ ആശ്വാസ വാക്കുകള്‍ അവള്‍ക്ക് ചിരി സമ്മാനിക്കുമ്പോള്‍
ആ തിരകളും നനുത്ത കാറ്റും തിരികെ കൊണ്ട് വന്ന ഓര്‍മ്മകള്‍ അവനെ തേടുക ആയിരുന്നു..



നിമിഷങ്ങള്‍.. അവ ഓര്‍മ്മകളെ പോലും വെറും ഓര്‍മ്മകളാക്കുന്നു..
ഇന്നിന്റ്റെ പ്രണയവും പ്രണയ നൈരാശ്യവും വെറും നൈമിഷികം മാത്രം...



Wednesday, February 29, 2012

വിശ്വാസം അതല്ലേ എല്ലാം..


ഇന്ന് ഞാന്‍ ജോലിക്കാര്യത്തിനായി ഒരിടം വരെ പോയിട്ട് ഓട്ടോയില്‍ തിരിച്ചു വരുമ്പോള്‍ വെറുതെ പേഴ്സ് ഒന്ന് നോക്കി. എണ്ണി പെറുക്കി എടുത്താല്‍ പതിനാലു രൂപ. ഈശോയെ ഞാന്‍ പൈസ എടുത്തിട്ടില്ല. മറന്നു. ഓ പേടിക്കാന്‍ ഒന്നുമില്ല. എ ടി എം കാര്‍ഡ്‌ കയ്യില്‍ ഉണ്ട്. ഇറങ്ങുമ്പോള്‍ എടുത്തു കൊടുക്കാം. ശോ എന്നാലും എന്‍റെ ഒരു മറവിയേ.. ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓട്ടോക്കാരനോട് കാര്യം പറഞ്ഞു ഞാന്‍ എ ടി എമ്മിലേക്ക് നടന്നു. അപ്പോളാണ് ഇങ്ങനെ ചിന്തിച്ചു നോക്കിയത്. ഞാന്‍ പൈസ കൊടുക്കാതെ പോയാല്‍ ഓട്ടോക്കാരന്‍ എന്ത് ചെയ്യും. എ ടി എമ്മില്‍ നിന്ന് എടുത്തു കൊടുക്കാം എന്ന് പറഞ്ഞിട്ട് ഞാന്‍ ഓടി രക്ഷപെട്ടാലോ.. ഞാന്‍ എ ടി എമ്മിന്റ്റെ ക്യുവില്‍ നില്‍ക്കുകയാണ്. ഇടയ്ക്കു ഓട്ടോക്കാരനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി. അയാള്‍ വേറെന്തോ നോക്കി അയാളുടെ വണ്ടിയില്‍ തന്നെ ഇരിക്കുകയാണ്. ഈ സമയത്ത് ഞാന്‍ ഒന്ന് ശ്രമിച്ചാല്‍ അയാളുടെ കണ്ണ് വെട്ടിച്ചു കടന്നു കളയാവുന്നതെ ഉള്ളൂ. പക്ഷെ അയാള്‍ എന്നെ സംശയിച്ചില്ല. ഞാന്‍ അയാളെ പറ്റിക്കില്ല എന്ന അയാളുടെ വിശ്വാസം. ഒരു പരിചയവുമില്ലാത്ത എന്നെ എങ്ങനെ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നു. ഞാന്‍ പൈസ എടുത്തു കൊണ്ട് വന്നു അയാള്‍ക്ക്‌ കൊടുത്തിട്ട് തിരിഞ്ഞു നടക്കുമ്പോള്‍ മുഴുവനും എനിക്ക് ഇതായിരുന്നു ചിന്ത. നിത്യ ജീവിതത്തില്‍ നമ്മള്‍ ആരെയൊക്കെയാ ഇങ്ങനെ വിശ്വസിക്കുന്നെ ..അല്ലേ ?

നിത്യ ജീവിതത്തില്‍ വിശ്വാസത്തിന്റെ പുറത്ത് മാത്രം എന്തോരം കാര്യങ്ങളാണല്ലേ നടക്കുന്നെ ? പരസ്പര വിശ്വാസത്തിന്റെ പേരില്‍ മാത്രം നടക്കുന്ന എന്തെല്ലാം ഇടപാടുകള്‍.. വിശ്വാസത്തിന്റെ ധൈര്യത്തില്‍ നമ്മള്‍ എന്തെല്ലാം ചെയ്തു കൂട്ടുന്നുണ്ട് ഓരോ ദിവസവും.. എന്നാ ഒക്കെ പോക്കണം കേടു കാണിച്ചാലും എല്ലാം നല്ല പോലങ്ങു നടക്കുമെന്നുള്ള ഒരു വിശ്വാസം.. ഈ മനുഷ്യന്മാരെ സമ്മതിക്കണം അല്ലിയോ..

അല്ല ഒന്നോര്‍ത്തു നോക്കിക്കേ..നമ്മളിപ്പോ അര്‍ജന്റ് ആയിട്ട് ഇരുപത്തി മൂന്നാമത്തെ ഫ്ലോറിലേക്ക് ലിഫ്റ്റില്‍ പോകുവാ നടന്നു കുന്നു കേറി പോകുന്നെക്കാട്ടിലും പെട്ടെന്ന് എത്തുമെന്നാണ് നമ്മുടെ വിശ്വാസം. അത് പകുതി ആകുമ്പോള്‍ കറന്റ് പോയി നിന്ന് പോയാലോ.. അല്ലെ എങ്ങാനും നിന്ന് പോയാലോ.. അതങ്ങു പൊക്കോളും എന്ന് നമ്മള്‍ അങ്ങ് വിശ്വസിക്കും എന്നിട്ടങ്ങു കേറും. അയിനിടക്ക് നിന്ന് പോകുമോ ഫാന്‍ അഴിച്ചു മുകളില്‍ കൂടി കയറണ്ട വരുമോ എന്നൊക്കെ നമ്മള്‍ ചിന്തിക്കാറുണ്ടോ.. കണ്ണില്‍ കണ്ട ബസേലും കാറെലും ഒക്കെ കേറി പോകുമ്പോ അതു ഞാന്‍ കേറുന്ന സമയത്ത് എങ്ങാനും മറിഞ്ഞാലോ എന്ന് ചിന്തിക്കാതെ നമ്മള് നിരൂവിക്കുന്ന സമയത്ത് അവിടെ ചെന്ന് പറ്റും എന്ന് നമ്മളങ്ങ് വിശ്വസിക്കും. അല്ലെ വേണ്ട നടു വേദന വരുമ്പോള്‍ കുറെ പഴയത് ആണെങ്കിലും എവിടുന്നെലും തപ്പി പിടിക്കുന്ന ഒരു ഓയിന്‍റ്‌മെന്‍റ് തേച്ചാല്‍ വേദന കുറയും എന്ന് പോലും നമ്മള്‍ വിശ്വസിക്കത്തില്ലായോ..

നമ്മടെ ഇടയിലുള്ള ഓരോ കുടുംബ ജീവിതവും പരസ്പരവിശ്വാസത്തില്‍ ഊട്ടി ഉറപ്പിച്ചതല്ലായോ. കെട്ടിയോന്‍ കെട്ടിയോളോടും കെട്ടിയോള്‍ കെട്ടിയോനോടും നേരും നെറിയും കാണിക്കണം അല്ലെ കാണിക്കും എന്നല്ലേ വിശ്വാസം.അല്ലെ പിന്നെ കെട്ടിയിട്ടു ഒരാഷ്ച്ച പോലും തികയും മുന്‍പേ കെട്ടിയോളെ ഇട്ടേച്ചു അച്ചായന്മാര്‍ ഗള്‍ഫിലേക്ക് പോകുവോ. എല്ലാം ഒരു വിശ്വാസത്തിന്ന്റെ പുറത്താടാ മക്കളെ..വല്ല റബ്ബര്‍ വെട്ടിയോ പശുവിനെ വളര്‍ത്തിയോ കൊള്ള പലിശക്ക് കടം കൊടുത്തോ മക്കളെ കഷ്ട്ടപെട്ടു പഠിപ്പിച്ചാല്‍ അവര്‍ ഭാവിയില്‍ നമ്മളെ നോക്കും എന്നാണു നമ്മടെ ഒക്കെ വിശ്വാസം[ ഇപ്പോള്‍ അത് അന്ധ വിശ്വാസം ആണ് എന്നാലും.], ഞാന്‍ എന്തോരം ഉഴപ്പിയാലും അപ്പന്‍ എങ്ങനെ എങ്കിലും നാല് നേരം ഭക്ഷണം തന്നോളും എന്ന മക്കളുടെ വിശ്വാസം. ഒന്ന് ഉറക്കെ കരഞ്ഞാല്‍ അമ്മ ഓടി വന്നു ആവശ്യം നിറവേറ്റും എന്ന കുഞ്ഞു കുട്ടികളുടെ വിശ്വാസം..തങ്ങള്‍ കഷ്ട്ടപെട്ടു വളര്‍ത്തിയ മക്കള്‍ വഴി പിഴച്ചു പോകില്ലന്നു അപ്പന്റ്റെം അമ്മയുടെയും വിശ്വാസം, ഞാന്‍ കണ്ടു പിടിച്ചു കൊടുക്കുന്ന ആളെ മോന്‍ അല്ലെങ്കില്‍ മോള്‍ കല്യാണം കഴിക്കും എന്ന മാതാപിതാക്കളുടെ വിശ്വാസം, ഞാന്‍ കണ്ടു പിടിക്കുന്ന ആളെ ഞാനൊന്നു വാശി വച്ച് കരഞ്ഞാല്‍ അപ്പനും അമ്മയും അംഗീകരിക്കും എന്ന മക്കളുടെ വിശ്വാസം.. അങ്ങിനെ കുടുംബ ജീവിതത്തില്‍ വിശ്വാസ്യതയുടെ പ്രാധാന്യം ഒണക്ക കപ്പക്ക് മീന്‍ ചമ്മന്തീ പോലെ ആണ്.[ വായനക്കാര്‍ക്ക്‌ ആവശ്യം പോലെ പുട്ടിന് മീന്‍ കറി/കടല എന്നോ പത്തിരിക്ക് കോഴി എന്നോ മാറ്റാം. എനിക്കിതാ ഇഷ്ട്ടം]

കുഞ്ഞവിരാ കൊച്ചവ്സേപ്പിനോട് വേണ്ട എന്ന് പറഞ്ഞാല്‍ അത്രെ ഉള്ളൂ.. അതാണ്‌ കൂട്ടുകാരന്മാര് തമ്മിലുള്ള വിശ്വാസം. ബാലന്‍ മാഷ്‌ ജ്യോതിഷ് [ സ്ടുടന്റ്റ്‌] മോന്‍ പാസാകും എന്ന് വിശ്വസിച്ചു ഒന്‍പതാം ക്ലാസ്സില്‍ പത്താം തവണയും ആത്മാര്‍ഥമായി പഠിപ്പിച്ചു. അതാണ്‌ അദ്ധ്യാപക വിദ്യാര്‍ഥി വിശ്വാസം..കൊച്ചു മുയലാളിമാര്‍ തൊഴിലാളികളെയും അവര്‍ മൊയലാളിമാരേയും വിശ്വസിക്കുന്നു.കൂട്ടില്‍ കിടക്കുന്ന പട്ടി വരെ അതിനു എവടന്നെലും എല്ലും മുട്ടി കൊണ്ടേ കൊടുക്കും അതിന്റ്റെ യജമാനന്‍ എന്ന് വിശ്വസിക്കുന്നു. ഇതെല്ലാം കൊടുക്കുന്ന പട്ടി തിരിഞ്ഞു കടിക്കില്ല എന്ന് നമ്മളും വിശ്വസിക്കുന്നു.

രാവിലെ കുളിച്ചു കുറി തൊട്ടു ബസ്‌ സ്റാന്‍ഡില്‍ പോയി നിക്കുമ്പോ അവള്‍ അത് വഴി വരുമെന്നുള്ള വിശ്വാസം.. ഇന്നെങ്കിലും ഒരു ചിരി പാസ്സാക്കുമെന്ന വിശ്വാസം..ഒരു സിനിമ കാണാന്‍ പോകുമ്പോ അത് നല്ലതാരിക്കും എന്നുള്ള വിശ്വാസം.. അത് പൊളിഞ്ഞു പാളീസ് ആകുമ്പോ തകരുന്ന വിശ്വാസം.. അത്താഴം കഴിച്ചിട്ട് കിടന്നുറങ്ങിയാല്‍ നേരം വെളുക്കുമ്പോള്‍ ബ്രേക്ക്‌ ഫാസ്റ്റ് തിന്നാന്‍ പറ്റുമല്ലോ എന്നുള്ള വിശ്വാസം.[ ഐ മീന്‍ ഭൂമി കറങ്ങും എന്ന വിശ്വാസം. അതങ്ങിനേം പറയാം]

മഴയത്ത് വള്ളി ചെരിപ്പിട്ടു നടക്കുമ്പോഴും തെന്നി വീഴുകയില്ലായിരിക്കും എന്നുള്ള വിശ്വാസം, ക്ലാസ്‌ പരീക്ഷക്ക്‌ പഠിക്കാതെ പോകുമ്പോള്‍ ടീച്ചറിനു പനി പിടിക്കും എന്ന വിശ്വാസം, പരീക്ഷക്ക്‌ തോറ്റിട്ടു ചെല്ലുമ്പോള്‍ അപ്പന്‍ മുല്ല വള്ളി വെച്ച് അടിക്കുമ്പോള്‍ അമ്മ തടയാന്‍ വരുമെന്നുള്ള വിശ്വാസം, പകുതി പഠിച്ചിട്ട് ബാക്കി പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് നോക്കികൊളും എന്ന വിശ്വാസം.. അങ്ങിനെ നമ്മുടെ മനസിനെ ആശ്വസിപ്പിക്കാന്‍ നമ്മള്‍ തന്നെ കണ്ടെത്തുന്ന കുറെ വിശ്വാസങ്ങള്‍.. എന്തിനേറെ സച്ചിന്‍ അടുത്ത കളിയില്‍ എങ്കിലും നൂറാം സെഞ്ചുറി അടിക്കുമെന്ന് പോലും നമ്മള്‍ വിശ്വസിക്കുന്നു. 

വിശ്വാസം, അന്ധവിശ്വാസം, ആത്മവിശ്വാസം, ദൈവവിശ്വാസം, പരസ്പര വിശ്വാസം, ഇങ്ങനെ നിരവധി അനവധി വിശ്വാസങ്ങളില്‍ അധിഷ്ട്ടിതമായ ഒരു ജീവിതം ആണ് നമ്മള്‍ ജീവിക്കുന്നത്. 

അല്ല ഈ പോസ്റ്റ് മണ്ടത്തരം ആണെങ്കിലും ഇത് വായിച്ചു നിങ്ങള്‍ കമന്റ് ഇടും എന്ന് പോലും ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ വിശ്വാസം അത് തന്നല്ലേ എല്ലാം ?

വാല്‍കക്ഷണം.- ഈ കല്യാണ്‍ ജുവലറിക്കാരനെ സമ്മതിക്കണം അല്ലിയോ..

Tuesday, February 21, 2012

അന്ന് രമ്മ്യേച്ചി മരിച്ചിരുന്നെങ്കില്‍ ..

പതിയെ വാതില്‍ തുറന്നു ഞാന്‍ പുറത്തു കടന്നു. നീണ്ട ഇടനാഴികളില്‍ കൂടി അല്പ്പദൂരം കടന്നു ചെന്നാല്‍ ചാപ്പല്‍ ആണ്. ഞാന്‍ നടന്നു. എന്റ്റെ കാല്‍പ്പാദങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു. എന്റ്റെ കവിള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. എത്ര വേഗം നടക്കാന്‍ ശ്രമിച്ചിട്ടും ചാപ്പല്‍ വരെ ഉള്ള ദൂരം നടന്നെത്താന്‍ പറ്റുന്നില്ല. ആരോ പിന്നിലേക്ക്‌ വലിക്കും പോലെ. ഞാന്‍ ഒരു വിധം നടന്നു ചാപ്പലോളം എത്തി. കുരിശിന്റ്റെ അടുത്തു മാത്രം സീറോ ബള്‍ബ്‌ തെളിഞ്ഞു നിക്കുന്നുണ്ട്. ഞാന്‍ മുട്ട് കുത്തി നിന്ന് ഏങ്ങലടിച്ചു കരഞ്ഞു. എന്റ്റെ കരച്ചിലിന്റ്റെ ശബ്ദം ചാപ്പലിന്റ്റെ നാല് ചുമരുകളിലും മുട്ടി പ്രധിദ്വനിച്ചു. ഇടയ്ക്കിടയ്ക്ക് വരുന്ന തേങ്ങലുകള്‍ തൊണ്ട പൊട്ടി പുറത്തേക്കു ഒഴുകി വലിയ ശബ്ദം ഉണ്ടാക്കി. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ ആവാത്ത വിധം ഉറക്കെ ആയി കരച്ചില്‍.
''എന്താ കുഞ്ഞേ നിനക്ക് പേടി ആണോ. അവള്‍ക്കൊന്നും പറ്റില്ല . അവള്‍ ഇവിടേയ്ക്ക് തന്നെ തിരിച്ചു വരും'' 

സിസ്റ്റര്‍ മാര്‍ഗരറ്റ്‌ എന്നെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. ഞാന്‍ സിസ്റ്ററിനെ വരിഞ്ഞു കെട്ടി പിടിച്ചു കരഞ്ഞു 
'' മണി രണ്ടര ആയി. നീ ഇനിയെങ്കിലും പോയി ഉറങ്ങു. ''
''എനിക്ക് പറ്റുന്നില്ല സിസ്റ്റര്‍. കണ്ണടച്ചാല്‍ രമ്മ്യേച്ചിയുടെ  മുഖമാ''
''നീ പ്രാര്‍ത്ഥിച്ചു കിടക്കു , ഒന്നും സംഭവിക്കില്ല ''
''ഞാന്‍ ഇത്തിരി നേരം കൂടി പ്രാര്‍ഥിചോട്ടെ  സിസ്റ്റര്‍''
''എനിക്ക് വയ്യ കുഞ്ഞേ. ഞാന്‍ കിടക്കുകയാ.. നിനക്ക് പേടി തോന്നുവാണേല്‍ എന്റ്റെ മുറിയില്‍ വന്നു കൊട്ടിയാ മതി''
''ഉം ''. ഞാന്‍ പിടുത്തം പയ്യെ അയച്ചു. സിസ്റ്റര്‍ കണ്ണടച്ച് ഒരു മിനിറ്റ്‌ പ്രാര്‍ഥിച്ചു മുറിയിലേക്ക് പോയി. വീണ്ടും ഭിത്തിയില്‍ രമ്മ്യേച്ചിയുടെ  മുഖം. ചേച്ചിയുടെ പാട്ടിന്റ്റെ ശബ്ദം കാതില്‍. 

ചേച്ചിയും ഞങ്ങളോടൊപ്പം ഇവെനിംഗ് പ്രേയറിനു വരുമായിരുന്നു. ചേച്ചി നന്നായി പാടും.' ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ.... ദൈവമാല്ലാതാര് നിന്നെ രക്ഷിപ്പാനുള്ളൂ...... ' ഈ പാട്ടാണ് ചേച്ചി എപ്പോളും പാടുക.  ചാപ്പലില്‍ മൊത്തം ആ പാട്ട് കേള്‍ക്കും പോലെ.. എന്റ്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന് മനസുരുകി പ്രാര്‍ഥിച്ചു. 

ഞാന്‍ പ്ലസ്‌ ടു വില്‍ പഠിക്കുന്ന കാലം. സിസ്ട്ടരുമാരുടെ വക ഹോസ്റ്റലില്‍ ആണ് താമസം. ആറേഴു പ്ലസ്‌ ടു കുട്ടികളും ബാക്കി മുഴുവന്‍ പാവനാത്മ കോളേജിലെ  ഡിഗ്രി, പി ജി സ്ടുടന്റ്സും.ഞാന്‍ ആദ്യം താഴത്തെ ഫ്ലോറില്‍ ആയിരുന്നു. അത് ബേസ്മെന്റ് ആയ കാരണം അവിടെ തണുപ്പ് കൂടുതല്‍ ആണ്. എനിക്കാണേല്‍ ഫുള്‍ ടൈം ജലദോഷവും പനിയും. അങ്ങിനെ സ്ഥിരം പനിക്കാരി ആയപ്പോള്‍ എന്നെ മാത്രം മുകളിലത്തെ ഫ്ലോരിലേക്ക് മാറ്റി. മൂന്നു എം. എസ്. സി കെമിസ്ട്രി ചേച്ചിമാരും പ്ലസ്‌ ടു കാരി ഞാനും. അവരൊക്കെ വല്യ ചേച്ചിമാര്‍. ഞാന്‍ പഠിക്കാന്‍ നന്നേ പുറകോട്ടായിരുന്നു. രാത്രി ഒരു മണി വരെ ഒക്കെ ഇരുന്നു പഠിക്കും. പക്ഷെ എല്ലാം മറന്നു പോകും. പിന്നെ ഓരോ അസുഖങ്ങളും

ആദ്യമൊന്നും ഞാനാ റൂമിലേക്ക്‌ ചെന്നത് അവര്‍ക്കിഷ്ട്ടമായില്ല എങ്കിലും പിന്നെ പിന്നെ എന്റ്റെ കുസൃതികളോട് അവര്‍ അട്ജസ്റ്റെട് ആയി. കവിത, രമ്യ പിന്നെ സംഗീത ചേച്ചി. ഇവരായിരുന്നു മൂന്നു പേര്‍. രമ്മ്യേച്ചി  ആയിരുന്നു എന്റ്റെ തൊട്ടടുത്ത ബെഡ്ഡില്‍ .ചേച്ചി എനിക്ക് പറഞ്ഞു തരും. രാവിലെ എന്നെ വിളിചെണീപ്പിക്കും. മടിയില്‍ കിടത്തി ഉറക്കും. വഴക്ക് പറയും അങ്ങിനെ എന്റ്റെ സ്വന്തം ചേച്ചിയെ പോലെ. 

അന്ന് രാവിലെ ഞാന്‍ എണീക്കുംപോ കണി കണ്ടത് ചേച്ചിയുടെ കരയുന്ന മുഖമായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ചിട്ട് ചേച്ചി ഒന്നും മിണ്ടിയില്ല. ചേച്ചിയുടെ ഒക്കെ സെമെസ്ട്ടര്‍ എക്സാം നടക്കുന്ന സമയം ആണ്. കവിത ചേച്ചിയും സംഗീത ചേച്ചിയും സ്റ്റഡി റൂമില്‍ ഇരുന്നു പഠിക്കുന്നുണ്ട്. രമ്മ്യേച്ചിയുടെ  മൈഗ്രയിന്‍ കാരണം ചേച്ചി നാട്ടിലെ ഹോസ്പിറ്റലില്‍ പോയിട്ട് തലേന്ന്  വയ്കുന്നേരം എത്തിയതെ ഉണ്ടാരുന്നുള്ളൂ. 

''പഠിച്ചു തീരാഞ്ഞിട്ടാണേല്‍ സാരമില്ല ചേച്ചി, ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലോ ചേച്ചിക്ക് വേണ്ടി '' 

ഞാന്‍ പറഞ്ഞു. ചേച്ചി നന്നായിട്ട് പഠിക്കുന്ന കൂട്ടത്തില്‍ ആയതിനാല്‍ എനിക്ക് അത്ര വലിയ ടെന്‍ഷനും ഇല്ലായിരുന്നു.ഡിഗ്രിക്ക് 89 പെര്സേന്റ്റെജ് ഉള്ള ആളാ. പുസ്തകത്തിന് മുന്നില്‍ ഇരുന്നു കരഞ്ഞ ചേച്ചിയെ ആശ്വസിപ്പിച്ചിട്ടു ഞാന്‍ താഴെ സ്റ്റഡി ഹാളിലേക്ക് പോയി. എട്ടര ആയപ്പോള്‍ ഞാന്‍ റെഡി ആകാന്‍ കയറി വന്നപ്പോള്‍ കവിതെച്ചിയും സംഗീതെച്ചിയും കൂടി എന്തൊക്കെയോ കുശു കുശുക്കുന്നുണ്ടായിരുന്നു .കാര്യം ചോദിച്ചപ്പോള്‍ വ്യ്കിട്ടു പറയാം മോള് ഒരുങ്ങി സ്കൂളില്‍ പൊക്കോളൂന്നു പറഞ്ഞു. അവര് പറഞ്ഞാല്‍ അത്ര തന്നെ . ഞാന്‍ സ്കൂളിലേക്ക് പോയി. പോകുന്നതിനു മുന്‍പ് രമ്മ്യേച്ചിയെ കണ്ടു ഒരുമ്മ കൊടുത്ത് ആള്‍ ദി ബെസ്റ്റ് പറയുകയും ചെയ്തു. 

വ്യ്കിട്ടു സ്കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ വച്ചാണ് ഞാന്‍ അറിയുന്നത് പാവനാത്മ കോളേജിലെ ഏതോ സ്ടുടന്റ്റ്‌ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു അത്രെ. മരിച്ചില്ല. ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു എന്നൊക്കെ. പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ചതിനാണ് അത് ചെയ്തതെന്നും. ഞങ്ങള്‍ എന്നിട്ട് പറഞ്ഞു ചിരിക്കുകയും ചെയ്തു. കക്കാന്‍ അറിയുന്നവനു നിക്കാനും അറിയണം എന്ന്. ഹോസ്റ്റല്‍ മുറ്റത്ത് എത്തിയപ്പോലെക്കും ആകെ ഒരു വല്ലായ്മ. എല്ലാവരും കൂട്ടം കൂടി നിന്ന് ഡിസ്ക്കസ് ചെയ്യുന്നു. ഞാന്‍ പടിയിറങ്ങി ചെന്നതും കവിതേച്ചി ഓടി വന്നു എന്നെ കെട്ടി പിടിച്ചു കരഞ്ഞു.'' നമ്മുടെ രമ്യാ.. അവള്‍... അവള്‍.''. കവിതെച്ചിയെ തള്ളി മാറ്റി ഞാന്‍ റൂമിലേക്ക്‌ ഓടി. ഇല്ല അവിടില്ല. രമ്മ്യേച്ചി  അവിടില്ല. എനിക്ക് വല്ലാതെ ആയി. തല കറങ്ങുന്ന പോലെ.. അപ്പോളേക്കും എല്ലാവരും ഓടി വന്നിരുന്നു അങ്ങോട്ട്‌. വാവിട്ടു കരയാന്‍ അല്ലാതെ എനിക്കൊന്നിനും ആയില്ല. 

പിന്നീടാണറിഞ്ഞതു രമ്മ്യേച്ചി  കാലത്തെ ടവ്വലില്‍ കുറച്ചു ഇക്വേഷന്‍സ് എഴുതി കൊണ്ട് പോയിരുന്നു അത്രെ. കോപ്പി അടിച്ചു ശീലമില്ലാത്ത ചേച്ചിയുടെ കൈ വിറയ്ക്കുന്ന കണ്ട എക്സാമിനെര്‍ അത് കണ്ടു പിടിക്ക്കുകയും എക്സാം ഹാളില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. അവിടുന്നിറങ്ങി നേരെ മുകളിലേക്ക് പോയി ചാടുകയായിരുന്നു.ചാടാന്‍ തുടങ്ങുന്ന കണ്ട പലരും വേണ്ടാ ന്നു വിളിച്ചു പറഞ്ഞിട്ടും ......

റൂമില്‍ ഇരിക്കും തോറും പ്രാന്ത് പിടിക്കുന്ന അവസ്ഥ.  ചേച്ചിയുടെ ബെഡിലേക്ക് നോക്കുമ്പോ കാലത്ത് പുസ്ത്തകത്തിനു മുന്നില്‍ കരഞ്ഞു കൊണ്ടിരുന്ന മുഖം മനസില്‍ വരും. കാലത്ത് എനിക്ക് ഉമ്മ തന്നത് ഫീല്‍ ചെയ്യാന്‍ കഴിയുന്ന പോലെ. നിര്‍ത്താതെ കരയാന്‍ അല്ലാതെ ഒന്ന് മിണ്ടാന്‍ പോലും എനിക്ക് പറ്റിയില്ല. ചേച്ചി എന്തിനാ പോലും അങ്ങിനെ ചെയ്തത്. കോളേജിലെ ഗുഡ്‌ ലിസ്റ്റില്‍ ഉണ്ടായിരുന്ന ചേച്ചിക്ക് ഈ അപമാനം സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. 

എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍  ഈശോ എന്റ്റെ രമ്മ്യേച്ചിയെ  രക്ഷിച്ചു.  ആര്‍ക്കും വേണ്ടാത്ത ഒരു ജീവച്ഛവം ആയി അരക്ക് കീള്‍പോട്ടു തളര്‍ന്നു ഇന്നും എന്റ്റെ രമ്മ്യേച്ചി അവശേഷിക്കുന്നു..... അന്ന് രമ്മ്യേച്ചി മരിച്ചിരുന്നെങ്കില്‍ എന്ന് ഞാനിപ്പോ അറിയാതെ പ്രാര്‍ഥിച്ചു പോകുകയാണ്.. 

Tuesday, February 14, 2012

തോമായണം രണ്ടാം ഗണ്ടം മൂന്നാം ചരിതം നാലാം ഭാഗം


അവറാച്ചന്‍ ചേട്ടന് മൂന്നു  ഭാര്യമാര്‍ ഉണ്ടായിരുന്നു.ഏലിയാമ്മ, അന്ന കുട്ടി, സൂസമ്മ . ഒരിക്കല്‍ തന്റ്റെ രണ്ടാമത്തെ ഭാര്യ അന്ന കുട്ടിയുമായി  തന്റ്റെ ജിപ്സിയില്‍ ഹൈ റേഞ്ച് ചുരം ഇറങ്ങി വരിക ആയിരുന്നു അവറാച്ചന്‍ ചേട്ടന്‍. പെട്ടെന്ന് ജിപ്സിയുടെ വീലിന്റ്റെ ആണി ഊരിപോയി , ഒട്ടും മടിക്കാതെ അന്ന കുട്ടി തന്റ്റെ വിരല്‍ ആണിക്ക് പകരം വീലിലേക്ക് ഇട്ടു സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്തു. അന്ന കുട്ടിയുടെ ഈ പ്രവര്‍ത്തിയില്‍ സംപ്രീതനായ അവറാച്ചന്‍ ചേട്ടന്‍ അവളോട്‌ താന്‍ അവള്‍ക്കു രണ്ടു അവാര്‍ഡ്‌ കൊടുക്കാമെന്നും ഇഷ്ട്ടമുള്ള അവാര്‍ഡ്‌ ചോദിചോളാനും പറഞ്ഞു.

അന്നകുട്ടി ആവശ്യപെട്ട രണ്ടു വരങ്ങള്‍ ഇതായിരുന്നു. തന്റ്റെ മകന്‍ ദേവസ്യാച്ചന് ബിസിനെസ് നോക്കി നടത്താന്‍ ഉള്ള അവകാശം കൊടുക്കണം എന്നും, ഏലിയാമ്മയുടെ മകന്‍ തോമസ്സ് കുട്ടിയെ കൂപ്പില്‍ പണിക്കയക്കണം എന്നും. ഏലിയാമ്മയോടും മക്കളോടും സ്നേഹം കൂടുതല്‍ ഉണ്ടായിരുന്നിട്ടും അന്നക്കുട്ടി യോട് കൊടുത്ത വാക്ക് പാലിക്കാന്‍ ആയി അവറാച്ചന്‍ തന്റ്റെ പ്രിയ പുത്രന്‍ തോമസ് കുട്ടിയെ ഇടുക്കിയിലെ കൊടും വനത്തിനകത്തുള്ള കൂപ്പില്‍ പണിക്ക് വിട്ടു. തോമസ് കുട്ടിയും ഭാര്യ കൊച്ചു ത്രേസ്യായും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തോമസ് കുട്ടിയുടെ അനിയന്‍ പീലിപ്പോസും ഒപ്പം ചേര്‍ന്നു.

കൂപ്പില്‍ ചെന്ന തോമസ് കുട്ടിയും പീലിപ്പോസും കൊച്ചു ത്രേസ്യായും കൂടി ഒരു കുടില്‍ ഒക്കെ കെട്ടി താമസമാക്കി. കാലത്ത് പണിക്ക് പോകാന്‍ ഇറങ്ങിയ തോമസ് കുട്ടിയും പീലിപ്പോസും കൂടി കൊച്ചു ത്രേസ്യയെ തനിച്ചാക്കി പുറത്തേക്കു എങ്ങും പോകരുത് എന്ന് പറഞ്ഞിട്ട് പോയി.കുടിലിനുള്ളില്‍ ഇരിക്കണ്ട എന്ന് പറഞ്ഞു പീലിപ്പോസ് കൊച്ചു ത്രേസ്യയെ വെളിയില്‍ ഇറക്കി ഒരു വട്ടംവരച്ചു അതില്‍ നിര്‍ത്തി. അതില്‍ നിന്നും വെളിയില്‍ ഇറങ്ങരുത് എന്നും പറഞ്ഞു .തോമസ് കുട്ടി കൊടുത്ത ഫ്ലയിംഗ് കിസ്സ്‌ താലോലിച്ചു പീലിപ്പോസ് വരച്ച വട്ടത്തിനുള്ളില്‍ കൊച്ചു ത്രേസ്യ ഏകയായി നിന്നു . അപ്പോളാണ് ഈറ്റ വെട്ടാന്‍ അത് വഴി വന്ന അന്തോണി കൊച്ചു ത്രേസ്യയെ കാണുന്നത്. അവളുടെ ചട്ടയും മുണ്ടും ഉടുത്ത വടിവൊത്ത അഴക്‌ അന്തോണിയുടെ മനസിനെ ഹഡാതാകര്ഷിച്ചു.

പിന്നീടുണ്ടായത് തികച്ചും ആകസ്മികം ആയിരുന്നു. കൊച്ചു ത്രേസ്യയെ അന്തോണി മുല്ലപെരിയാര്‍ ഡാമിന് അക്കരെ ഉള്ള ചെറുതോണിയിലേക്ക് തട്ടി കൊണ്ട് പോയി അവിടുത്തെ ഒരു ഏല തോട്ടത്തില്‍ കെട്ടിയിട്ടു. കൊച്ചു ത്രേസ്യയുടെ കയ്യിലുണ്ടാരുന്ന മൊബൈല്‍ ജി പി എസ് ട്രാക്ക്‌ വഴി കണ്ടു പിടിച്ചു[റേഞ്ച് ഇല്ലാഞ്ഞ കൊണ്ട് വിളിക്കാന്‍ പറ്റിയില്ല] കൊച്ചു ത്രേസ്യ ചെറുതോണിയില്‍ ഉണ്ടെന്നു തോമസ് കുട്ടി മനസിലാക്കി.പിന്നീട്  മുല്ല പെരിയാര്‍ ഡാമിന് കുറുകെ പാലം പണിത് തോമസ് കുട്ടിയും സംഘവും [പാലം പണിയാന്‍ ഒരു കാട്ടു കോഴി സഹായിക്കുകയും ഉണ്ടായി] ചെറുതോണിയില്‍ എത്തി അന്തോണിയോടു യുദ്ധം ചെയ്തു കൊച്ചു ത്രേസ്യയെ തിരികെ കൊണ്ട് വന്നു.
തിരികെ എത്തിയ കൊച്ചു ത്രേസ്യയുടെ മേല്‍ തോമസ് കുട്ടിക്ക് സംശയം ആയി. സംശയം മൂത്ത തോമസ് കുട്ടി കൊച്ചു ത്രേസ്യയെ ഡിവോര്സ് ചെയ്തു. സങ്കടം സഹിക്ക വയ്യാതെ പതിവൃതയായ കൊച്ചു ത്രേസ്യ കപ്പ വാട്ടാന്‍ ഉണ്ടാക്കിയ തീ ചൂളയില്‍ ചാടി ആത്മഹത്യ ചെയ്തു. അവള്‍ പതിവൃത ആയിരുന്നുവെന്ന് ഗബ്രിയേല്‍ മാലാഖ തോമസ് കുട്ടിയോട് സ്വപ്നത്തില്‍ വന്നു പറഞ്ഞു. കുറ്റബോധം മൂത്ത തോമസ് കുട്ടി അന്ന് തന്നെ പള്ളിയില്‍ പോയി കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.

ശുഭം..

NB: ഈ കഥയും ഇതിലെ  കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. നിങ്ങള്‍ വായിച്ച മറ്റേതെങ്കിലും കഥയോട് സാദ്രിശ്യം തോന്നിയാല്‍ തികച്ചും യാദ്രിശ്യചികം മാത്രം.. മനുഷ്യ ജീവിതം എല്ലായിടത്തും ഒരു പോലെ ആണല്ലോ. ആരും എന്നെ തല്ലരുത് എന്ന് അപേക്ഷ.. ചീത്ത വിളിക്കാന്‍ താഴെ കമന്റ് ബോക്സ് നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നന്ദി നമസ്കാരം 

സ്വന്തം 
മേരി പെണ്ണ് 

Monday, February 13, 2012

എന്റ്റെ മൌനത്തില്‍ നീ ജീവിക്കുന്നു..

you are living in my silence.....
എന്നതാ ഇത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ... എനിക്കുമൊന്നും  മനസിലായില്ല കേട്ടോ .  എന്തിരോ എന്തോ പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഉള്ള ഒരു ദിവസം അല്ലെ. ആരെങ്കിലും എന്റ്റെ ബ്ലോഗില്‍ കയറി നോക്കിയാല്‍ ഒരു പോസ്റ്റ്‌ ഇല്ലെങ്കില്‍ ആര്‍ക്കാ അതിന്റ്റെ നാണക്കേട്‌. അത് കൊണ്ട് എവിടുന്നോ കിട്ടിയ ഒരു വാചകവും എടുത്തു കൊണ്ട് അങ്ങ് കാച്ചി. പ്രണയിക്കുന്ന എന്റ്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം കഴിയുന്നതിലും വേഗം രക്ഷപെടുക. ഈ പ്രണയം എന്ന് പറയുന്നത് മണ്ണാങ്കട്ടയും തേങ്ങാ കുലയും ആണ്... 

Sunday, February 12, 2012

പ്രിയ നിസ....

"മിഴിനീർ കുടംനിറഞ്ഞ് പൊട്ടി

കുലംകുത്തിയപ്പോൾ

അവൾ പ്രതീക്ഷിച്ചിരുന്നില്ല


ആ പ്രവാഹത്തിൽ


താനും ഒലിച്ചുപോകുമെന്ന്"

നിസ മോള്‍... ഈ ലോകതിന്റ്റെ കണ്ണുനീര്‍  കാണാന്‍ അവള്‍ക്കിനി ആവില്ല. ആര്‍ക്കും വേണ്ടിയും 


കണ്ണുനീരോഴുക്കാനും   അവള്‍ക്കാവില്ല. വേദന കടിച്ചമര്താന്‍ 


ശ്രമിക്കുന്നതിനിടെ അറിയാതെ നിറഞ്ഞു കവിഞ്ഞ അവളുടെ കണ്ണ് നീര്‍ പ്രവാഹത്തില്‍ അവളെങ്ങോട്ടോ 


ഒലിച്ചകന്നു പൊയ്‌ പോയ്‌..

രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു 


വറ്റിക്കുന്നതിനിടയിലായിരിക്കുമോ ഈ പിഞ്ചു കുഞ്ഞിന്റെ 


വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?... നീ എങ്ങു പോയ്‌ മറഞ്ഞാലും നിന്റ്റെ ഓര്‍മ്മകള്‍ 


ഞങ്ങളോടൊപ്പം ഉണ്ടാവും. 


പ്രിയപ്പെട്ട നിസ...പ്രാര്‍ത്ഥനയോടെ നിറ കണ്ണുകളുമായി നിന്റ്റെ സഹോദരന്മാര്‍..


ഇന്ന് രക്താര്‍ബുദം വന്നു മരണത്തിനു കീഴടങ്ങേണ്ടി  വന്ന നിസ എന്ന കൊച്ചു ബ്ലോഗെര്‍ക്കായി............


അവള്‍ എഴുതിയ കുറെ നല്ല കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.http://neesavellur.blogspot.in/

Thursday, February 9, 2012

കഞ്ഞിയാണഖിലസാരമൂഴിയില്‍....




           പുല്ലു പോവണ്ടാരുന്നു എന്ന് എത്ര പ്രാവശ്യം തോന്നിയെന്നോ. സത്യം പറഞ്ഞാല്‍ ഈ യാത്ര തുടങ്ങുന്നതിനു മുന്‍പേ എനിക്ക് ഒരു ഇന്ട്രെസ്റ്റ്‌ ഇല്ലാരുന്നു. എന്തിനാ വെറുതെ കമ്പനിയില്‍ നിന്ന് പിരിച്ചു വിടുന്നെ എന്നോര്‍ത്തിട്ടാ പോകാമെന്ന് വച്ചത്. അപ്പൊ നിങ്ങള്‍ ഓര്‍ത്തേക്കാം എനിക്ക് ജോലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന്. അങ്ങിനെ ഒന്നും ഇല്ല. എന്റ്റെ പറമ്പില്‍ വീഴുന്ന കരിയില വാരി വിറ്റാല്‍ എനിക്ക് ജീവിക്കാനുള്ള വക കിട്ടും പിന്നെ ഞാനും വീട്ടുകാരും  പട്ടിണി കിടക്കണ്ടല്ലോ എന്നോര്തിട്ടാ...

                   ഇപ്രാവശ്യം അവന്മാര്‍ [കമ്പനിക്കാര്‍ ] ട്രെയിന്‍ ബുക്ക്‌ ചെയ്തു എന്നെ പിന്നേം തോല്‍പ്പിച്ചു. ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹി വരെ രണ്ടു ദിവസം. എങ്ങനെ പോകും എന്റ്റെ കര്‍ത്താവേ എന്നോര്‍ത്ത് മടി പിടിച്ചു മടി പിടിച്ചു ഞാന്‍ പോകുന്ന അന്ന് രാവിലെ വരെ ഒരു സാധനം പോലും  എടുത്തു പാക്‌ ചെയ്തു വച്ചില്ല. അത് പിന്നെ പണ്ടേ അങ്ങനാ. അവസാന നിമിഷം ഒരു തട്ടി കൂട്ട് പാക്കിംഗ് ആണ് എല്ലാ പ്രാവശ്യവും ചെയ്യുന്നത്. വീട്ടില്‍ നിന്ന് ഏത് യാത്രക്ക് ഇറങ്ങിയാലും അപ്പന്റ്റെ വായിലെ ചീത്ത വിളി കേള്‍ക്കാണ്ട് ഞാന്‍ ഇറങ്ങൂല .അത് ഒരു വാശി പോലെയാ. പോകണം എന്ന് ഒരാഷ്ച്ച മുന്‍പേ മെയില്‍ വന്നു എങ്കിലും ഞായറാശ്ച്ച അല്ലെ. ശനിയാശ്ച പാക്‌ ചെയ്‌താല്‍ മതിയല്ലോ എന്നോര്‍ത്ത് ഇരുന്നു. ശനിയാശ്ച പ്രതീക്ഷിക്കാതെ വന്ന ഒരു പ്രധാനപെട്ട വര്‍ക്കും കഴിഞ്ഞു റൂമില്‍ എത്തിയപ്പോ പത്തു മണി. അപ്പൊ പിന്നെ ഉറങ്ങണോ പാക്‌ ചെയ്യണോ. വയറാണെങ്കില്‍ ആവശ്യത്തില്‍ അധികം നിറഞ്ഞിട്ടുമുണ്ട്. റോഡ്‌ സൈഡില്‍ കിട്ടുന്ന എഗ് ഫ്രൈഡ്‌ റൈസ്‌ ഒരു പ്ലേറ്റ് കഴിച്ചാല്‍ പിന്നെ രണ്ടു ദിവസത്തേക്ക് ഒന്നും കഴിക്കണ്ട എന്നാ അവസ്ഥയാ. ഉഗ്രന്‍ ടേസ്റ്റും. ആഹാ.. വന്നു കിടന്നു സുഖമായി ഉറങ്ങി.


           റൂം മേറ്റ് വീട്ടില്‍ പോയിരുന്ന കൊണ്ട് ഒന്‍പതര വരെ ഒരു ശല്യവും ഇല്ലാതെ ഉറങ്ങി. ഒന്‍പതര ആയപ്പോ അപ്പന്‍ വിളിച്ചിട്ട് പള്ളീല്‍ പോയില്ലേടീ എന്ന ഒരു ചോദ്യം. 'ദെ ഒരുങ്ങുവാ അപ്പാ.. പത്തു മണിക്കത്തെ കുര്‍ബാനയ്ക്ക് പോകാനാ'  എന്ന് ഉറക്കച്ചടവില്‍ ആണെങ്കിലും ഒരു കള്ളം പറഞ്ഞു. എവിടെ പോകാന്‍. മലയാളം കുര്‍ബാന കാലത്ത് ഏഴു മണിക്കാ. പള്ളീല്‍ പോകണേല്‍ അര മണിക്കൂര്‍ ട്രാവല്‍ ചെയ്യണം.ആറു മണിക്കെങ്കിലും എണീറ്റാലെ വല്ലതും നടക്കൂ. ആകെ പാടെ കിട്ടുന്ന ഒരു ഞായര്‍ശ്ച്ച ആറു മണിക്ക് എണീറ്റ്‌ നശിപ്പിക്കാനോ.. അസാധ്യം...അസംഭവ്യം.. പത്തു മണിക്ക് ഇംഗ്ലീഷ് കുര്‍ബാന . അര മണിക്കൂറു കൊണ്ട്  കാര്യം തീരും. പക്ഷെ ഒന്നും മനസിലാകാത്ത കൊണ്ട് പോയിട്ട് വല്യ പ്രയോചനം ഇല്ല എന്ന് കരുതി ക്യാന്‍സല്‍ ചെയ്യാറാണ് സ്ഥിരം പതിവ്. അപ്പന്റ്റെ ഉപദേശം കഴിഞ്ഞു അമ്മ വക ഉപദേശം. ''മോളെ ഇന്ന് വയ്കുന്നേരം പോകണ്ടതല്ലേ. എണീറ്റ്‌ പള്ളിയില്‍ പോയി പ്രത്യേകം പ്രാര്‍ത്ഥിക്കു. എന്നിട്ട് വന്നു എല്ലാം പാക്‌ ചെയ്തു വച്ചോ.. സൂക്ഷിച്ചു പോണം, ഒറ്റക്കല്ലേ പോകുന്നത്...'' അങ്ങിനെ ആ പാവത്തിന്റ്റെ ടെന്‍ഷന്‍ എല്ലാം പറഞ്ഞു. ഞാന്‍ എല്ലാം നല്ല കുട്ടിയായി എസ് മൂളി കേട്ടു പുതപ്പിന്റ്റെ അടിയിലേക്ക് ഒന്ന് കൂടി കയറി. പതിനോന്നര  ആയപ്പോള്‍ പിന്നേം എണീറ്റ്‌ പതുക്കെ പല്ല് തേക്കണോ വേണ്ടയോ എന്നാ ചോദ്യത്തിന് മുന്നില്‍ അന്തം വിട്ടു നിന്നു. അല്ലേലും ഇടയ്ക്കു ഫോണ്‍ വന്നാല്‍ പിന്നെ കൂടുതല്‍ നേരം ഉറങ്ങാന്‍ ഒക്കുകേല. അപ്പന്‍ വിളിച്ചില്ലാരുന്നേല്‍ ഒരു ഒരു മണി വരെ കിടക്കാമായിരുന്നു. അങ്ങനാണേല്‍ ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും കൂടി ഒറ്റ അടിക്കു കഴിക്കാം. ഇതിപ്പോ വിശക്കുവേം ചെയ്യുന്നു. എന്തായാലും പല്ല് തേക്കാന്‍ തന്നെ തീരുമാനിച്ചു. വല്ലാത്ത ക്ഷീണം. എണീറ്റ്‌ നിന്നിട്ട് കാലു ഉറക്കുന്നില്ല. ശരീരത്ത് നല്ല ചൂടുമുണ്ട്. പനിയാണോ. ഏയ്‌ വരാന്‍ വഴിയില്ലല്ലോ, ഇന്നലെ രാത്രി വരെ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവതി ആയിരുന്നല്ലോ. പെട്ടെന്ന് എന്താ പോലും. പുതപ്പ് മൂടി ഇത്രേം നേരം ഉറങ്ങിയതിന്റ്റെ ആവും എന്ന് കരുതി സമാധാനിച്ചു.


                 പക്ഷെ പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പതിവിലേറെ ആയാസം അനുഭവപെട്ടോ എന്നൊരു സംശയം. ഐ മീന്‍ ലൂസ് മോഷന്‍. സംശയം അല്ല അത് സത്യം ആണെന്നു പെട്ടെന്ന് തന്നെ ഞാന്‍ മനസിലാക്കി. പണി പാളി മോനെ ദിനേശാ.. ഇന്നലത്തെ എഗ് റൈസ് ആണോ.. ഏയ്‌ ആവാന്‍ വഴിയില്ല. ഞാന്‍ സ്ഥിരം കഴിക്കുന്നതാണല്ലോ. എന്തായാലും കൊടും ചതി ആയിപോയി. ടെന്‍ഷനില്‍ പല്ല് തേക്കാന്‍ മറന്നോ എന്നും ഒരു സംശയം. ഏതായാലും ഒരു കട്ടന്‍ ചായ ഇട്ടു കുടിക്കാം എന്നോര്‍ത്ത് റൂമില്‍ വന്നിട്ട് എഴുന്നേറ്റു നിക്കാന്‍ അങ്ങ് പറ്റുന്നില്ല. ഒന്നൂടെ കഴുത്തില്‍ കയ്യ് വച്ച് നോക്കി. നല്ല ചൂട്. അടുത്ത റൂമിലെ കൊച്ചിനെ വിളിച്ചു കണ്ഫോം  ചെയ്തു. പനി തന്നെ. കര്‍ത്താവേ എന്നോടിതു വേണോ..നിരാശയായി ഞാന്‍ ഒന്നൂടെ കിടന്നു. സത്യത്തില്‍ തലയ്ക്കു നല്ല കനം. നല്ല പനിയുണ്ട്. എനിക്ക് പണ്ടേ ഗുളിക കഴിക്കുന്ന സ്വഭാവം ഇല്ല. പാരമ്പര്യമായി കിട്ടിയതാ. [എന്റ്റെ ചേച്ചി ഗുളിക കഴിക്കാന്‍ ഇഷ്ട്ടമല്ലാതെ കിണറിനു പിന്നില്‍ കുഴിച്ചിട്ട ചരിത്രം ഉണ്ട്. മുറ്റമടിച്ചു ചെന്ന അമ്മ അത് കണ്ടു പിടിച്ചു നാറ്റ കേസായി.] റൂമില്‍ ഒരു സാമ്പിള്‍ ടാബ്ലെറ്റ്‌ പോലുമില്ല. പുല്ലു, പുറത്തു പോകാന്‍ മടിയാ. ഒന്നൂടെ ഒന്നുറങ്ങിയാല്‍ ശരിയാകുമാരിക്കും. അലാറം രണ്ടു മണിക്ക് വച്ച് പതുക്കെ മയങ്ങി. മയങ്ങിയത് പതുക്കെ ആണെങ്കിലും എണീറ്റത് ലേറ്റ്‌ ആയി. എണീറ്റപ്പോള്‍ മണി അഞ്ചര. ഒരു വഹ പാക്‌ ചെയ്തു വച്ചിട്ടില്ല. എട്ടു ഇരുപതിന്  ട്രെയിന്‍. റെയില്‍ വേ സ്റ്റേഷന്‍ വരെ പോകാന്‍ തന്നെ വേണം അര മണിക്കൂര്‍ . എണീറ്റ്‌ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ എന്തൊക്കെയോ ചെയ്തു. അലക്കി വച്ചിരിക്കുന്ന വല്ലതും ഉണ്ടോ എന്ന് അലമാര മുഴുവന്‍ തപ്പി കുറച്ചു ഡ്രസ്സ്‌ ഒപ്പിച്ചു. ഇനി തേക്കണം. എനിക്ക് കലികയറി. അതിലേം ഇതിലേം ഒന്നുരുമ്മി തേച്ചെന്നു വരുത്തി ബാഗില്‍ അടുക്കിയപ്പോളെക്കും അടുത്ത വെടികെട്ട്. ഉറങ്ങിയ സമയം സമാധാന പ്രിയനായി ഇരുന്ന ലൂസ് മോഷന്‍ പിന്നേം.. ഗോവിന്ദ.. ഇനി കുളിക്കണം, ഒരുങ്ങണം, അതിനിടയില്‍ ലൂസ് മോഷനും. പനി പക്ഷെ കുറച്ചു കുറവുണ്ടാരുന്നു.


          ഒരു തരത്തില്‍ എല്ലാം ചെയ്തു ഒപ്പിച്ചു റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഏഴര. ബാഗും വലിച്ചു ജന്ക്ഷനിലേക്ക് ഓടി. അപ്പുറത്തെ റൂമിലെ കൊച്ചിനെ മുന്നേ ഓടിച്ചു. ടാബ്ലെറ്റ്‌ വാങ്ങാന്‍. ഞാന്‍ ഓടി എത്തിയപ്പോലെക്കും അവള് ടാബ്ലെറ്റും കൊണ്ട് വന്നു. ഓട്ടോക്കാരന്‍ അവസരം മുതലെടുത്തു കാശ് കൂടുതല്‍ ചോദിച്ചെങ്കിലും തരാം എന്ന് പറഞ്ഞു വേഗം പോകാന്‍ പറഞ്ഞു. സാധാരണ മജെസ്റ്റിക്  വരെ ഇരുപതു മിനിറ്റ്‌ എടുക്കുന്ന ഓട്ടോ ട്രാഫിക്കിനിടയില്‍ മുങ്ങി. എട്ടു പത്തു ആയപ്പോള്‍ ഒരു കണക്കിന് സ്റ്റേഷന്‍  എത്തി. ഇനിയും പത്തു മിനിറ്റ്‌ ഉണ്ടല്ലോ.. സാ മട്ടില്‍ നടന്നു. കുറെ കൂലികള്‍ വന്നു സഹായിക്കണോ എന്ന് ചോദിച്ചു. ഒരു ഷോള്‍ടര്‍ ബാഗും ഒരു കുഞ്ഞു പെട്ടിയുമേ ഉള്ളൂ.. വേണ്ട എന്ന് പറഞ്ഞു മുന്നോട്ടു നടന്നു. ടിക്കെറ്റ്‌ ബുക്ക്‌ ചെയ്ത സമയത്ത് വെയിറ്റിംഗ് ലിസ്റ്റില്‍ ആരുന്നു. വെള്ളിയാഷ്ച്ച പി എന്‍ ആര്‍ സ്റ്റാറ്റസ് നോക്കി കണ്ഫോം  ആയി എന്ന് ഉറപ്പു വരുത്തി എങ്കിലും പ്രിന്‍റ് ഔട്ട്‌ എടുക്കാന്‍ മറന്നു. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കെറ്റില്‍ നോക്കിയാല്‍ കോച്ച്  നമ്പര്‍ എവിടുന്നു കാണാന്‍ ആണ്. ഏത് പ്ലാറ്റ്‌ ഫോര്മിലാ ട്രെയിന്‍ എന്ന് പോലും അറിയില്ല. മെയിന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോം നമ്പര്‍ എട്ടില്‍ നിന്നും രാജധാനി എക്സ്പ്രസ്‌  സ്റ്റാര്‍ട്ട്‌ ചെയ്തു എന്നാണെന്ന് തോന്നുന്നു അന്നൌന്സിമെന്റ്റ് കേട്ടു.[ഹിന്ദി അത്ര കണ്ടു വശമില്ലാത്ത കൊണ്ട് അതിവിടെ എഴുതാന്‍ തരമില്ല] അടുത്ത് നിന്ന കൂലിയോടു രാജധാനി ഏത് പ്ലാറ്റ്‌  ഫോര്മില്‍ ആണ് എന്ന് ചോദിച്ചതും അങ്ങേരു എന്റ്റെ പെട്ടി എടുത്തോണ്ട് ഓടി.. ജല്ന്ധി ആവോ മാടം ജല്ന്ധി എന്ന് അയാള്‍ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറയുന്നുണ്ടാരുന്നു. അയ്യാള്‍ എന്റ്റെ പെട്ടി എടുത്തു കടന്നു കളയുമോ എന്ന് പേടിച്ചിട്ടോ എന്തോ ഞാനും ഓടി. ഓടുന്നതിനിടയില്‍ റെയില്‍ വേ ക്ലോക്കില്‍ സമയം നോക്കിയപ്പോള്‍ മണി എട്ടു ഇരുപത്തി ഒന്നു. എന്റ്റെ വാച്ചില്‍ അപ്പോളും എട്ടു പതിനഞ്ചു. ആശാനെ ജോഷി ചതിച്ചാശാനെ  എന്ന് പറഞ്ഞു സര്‍വ്വ ശക്തിയും എടുത്തു ഞാനും ഓടി. മെയിന്‍ ഗേറ്റില്‍ നിന്നും എട്ടാമത്തെ പ്ലാറ്റ് ഫോം വരെ ഓടുക. അതും ലാപ്ടോപ് ബാഗും തോളില്‍ ഇട്ടു. കൂലി ചേട്ടന്‍ എടുത്ത പെട്ടിക്കു അതിനേക്കാള്‍ കനം കുറവാരുന്നു. അയാള്‍ ജല്ന്ധി  ആവോ മാടം, ജല്ന്ധി ഭാഗോ  എന്ന് ഉറക്കെ വിളിച്ചോണ്ട് എന്റ്റെ മുന്നേ ഓടി.. ഞാന്‍ പ്രാണന്‍ കയ്യില്‍ പിടിച്ചു പുറകെ  ഓടി.

              പ്ലാറ്റ്ഫോമില്‍  കയറിയതും ഹൃദയഭേധകം.. ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. സ്പീഡ്‌ ആയി തുടങ്ങി. പെട്ടെന്ന് പകച്ചു നിന്ന എന്നെ ആ കൂലി ചേട്ടന്‍ കയറാന്‍ നിര്‍ബന്ധിച്ചു. ട്രെയിനിന്റ്റെ കുറച്ചു ഭാഗം മാത്രമേ ഇനി സ്റ്റേഷന്‍ വിടാന്‍ ഉള്ളൂ.. ഞാന്‍ തന്ത്രപെട്ട് കയറാന്‍ നോക്കി. അകത്തു നിന്ന ഒരാളുടെ കയ്യില്‍ പിടിച്ചു ചാടി കയറി. പുറകെ പെട്ടി എറിഞ്ഞു തന്നു കൂലി ചേട്ടന്‍. അയ്യാള്‍ കമ്പിയില്‍ പിടിച്ചു തൂങ്ങി കയറിയിട്ട് അഞ്ഞൂറ് രൂപ ചോദിച്ചു. ഈശോ പിന്നേം പരീക്ഷണമോ.. എന്റ്റെ പര്‍സ്‌  ബാഗിന്റ്റെ ഏതോ മൂലയില്‍ ആണ്. തപ്പി എടുക്കാന്‍ നിന്നാല്‍ അയാള്‍ ട്രെയിനില്‍ കൂടെ പോരണ്ട വരും. എനിക്ക് കയ്യ് തന്നു കയറ്റിയ ഹിന്ദിക്കാരന്‍ എത്ര കൊടുക്കണം എന്ന് ചോദിച്ചു. ഞാന്‍ അമ്പതു എന്ന് പറഞ്ഞു. അയാള്‍ അഞ്ഞൂറ് വേണം എന്ന് ശാട്യം പിടിച്ചു. കൊടുക്കട്ടെ എന്ന് അയാള്‍ ചോദിച്ചു. അണച്ച് കൊണ്ട് ഞാന്‍ നൂറു കൊടുക്കാന്‍ പറഞ്ഞു. കിട്ടിയ നൂറും വാങ്ങിച്ചു എന്നെ നല്ല ഒന്നാന്തരം ചീത്ത വിളിച്ചു കൊണ്ട് അയാള്‍ കമ്പിയില്‍ നിന്ന് പിടി വിട്ടു ഇറങ്ങി. പാവം.. അയാള്‍ ഇല്ലാരുന്നേല്‍ അയ്യായിരം പോയെനേം. എന്നാലും അഞ്ഞൂറൊക്കെ ചോദിയ്ക്കാന്‍ പാടുണ്ടോ. ചീത്ത കേട്ടിട്ടും ഞാന്‍ കൂസിയില്ല. നൂറു രൂപ കൊടുതതിന്റ്റെ ദുഖം ആരുന്നു എന്റ്റെ മനസില്‍. എല്ലാവരും എന്റ്റെ ചുറ്റും കൂടി. ''എന്താ താമസിച്ചത്. അട്വന്‍ചറസ്‌, ആര്‍ യു ഒകെ.'' തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടാണ് ആ ദുഖത്തില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങിയത്. ഞാന്‍ നന്നായി അണക്കുന്നുണ്ടാരുന്നു. കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍ എന്ന് പറഞ്ഞു എല്ലാവരും ആശ്വസിപ്പിച്ചു. ട്രാഫിക്കില്‍ സ്റ്റക്ക് അപ്പ് ആയതാണെന്നു ആരോ തന്ന വെള്ളം കുടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു. ഏതോ പ്രായം ആയ ചേട്ടന്‍ പറയുന്ന കേട്ടു. ''ഇപ്പളത്തെ കുട്ടികള്‍ക്കൊന്നും ഒരു ശ്രദ്ധയുമില്ല, സമയ നിഷ്ട്ടയില്ല. കണ്ടില്ലേ.. ഒരു അര മണിക്കൂര്‍ മുന്‍പെങ്കിലും വന്നാല്‍ എന്താ.. ട്രാഫിക്‌ ഒക്കെ നമ്മള്‍ പ്രതീക്ഷിക്കണം.'' കുന്തം. കഷ്ട്ടപെട്ടു ഓടി വന്നു കയറി പറ്റി അതിന്റ്റെ ടെന്‍ഷന്‍ തീര്‍ന്നിട്ടില്ല അപ്പളാ അങ്ങേരുടെ ഒരു ഉപദേശം. ഹിന്ദി ആയത് കൊണ്ട് ഞാന്‍ വിട്ടു കൊടുത്തു. ഇല്ലേ കാണാരുന്നു.

          ദെ കിടക്കുന്നു അടുത്ത പ്രശ്നം. ഏതാ കൊച്ചേന്നോ ഏതാ സീറ്റ്‌ നമ്പര്‍ എന്നോ അറിഞ്ഞൂടാ. കണ്ഫോം  ആയ സുന പ്രിന്റ്റ്  ഔട്ട്‌ എടുക്കാന്‍ മറന്നത് ഇത്രക്ക് കൊലച്ചതി ആകുമെന്ന് കരുതിയില്ല. ലാപ്‌ ടോപ്‌ ഓപ്പണ്‍ ചെയ്തു നെറ്റ് കണക്റ്റ്‌ ചെയ്യാന്‍ ഉള്ള ശക്തി ഇല്ല. ഏത് കോച്ചാ എന്ന ചോദ്യം ഉയര്‍ന്നു. സെക്കന്‍ഡ്‌ എ സി ആണെന്ന് മാത്രം അറിയാം. പുല്ലു കണ്ടക ശനി കൊണ്ടേ പോകൂ എന്നാണല്ലോ. മൊബൈല്‍ ഫോണില്‍ നെറ്റ് ഉള്ളത് ഇത്രക്കും ഉപകാരം ഉണ്ടാകുമെന്ന് ഞാന്‍ ആദ്യമായി മനസിലാക്കി. ഫേസ് ബുക്ക്‌ അപ്പ്ഡേറ്റ് നോക്കാനും മെയില്‍ ചെക്ക്‌ ചെയ്യാനും മാത്രമേ ആ സാധനം കൊള്ളുക ഉള്ളൂ എന്നാണ് ഞാന്‍ അത് വരെ കരുതിയത്‌. പെട്ടെന്ന് ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു പി എന്‍ ആര്‍ സ്റ്റാറ്റസ് അടിച്ചു കൊടുത്തു. എ ടു കോച്ച് . സീറ്റ്‌ നമ്പര്‍ മുപ്പത്തി ആറു. ബെഡ് ഷീറ്റ് വിതരണം ചെയ്യുന്ന ചേട്ടന്‍ പറഞ്ഞു ഇവിടുന്നു എട്ടു കോച്ചു നടക്കാന്‍ ഉണ്ടെന്നു. പിന്നേം പരീക്ഷണം. എന്തും വരട്ടെ, അണപ്പ് കുറെ ഒന്നു ശാന്തമായപ്പോള്‍ പതുക്കെ പെട്ടിയും എടുത്തു നടന്നു. ട്രെയിനിലെ തന്നെ ഒരു ജീവനക്കാരന്‍ ഇടയ്ക്കു വന്നു സഹായിച്ചു. ഭാഗ്യം അവനു നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു നാക്ക്‌ വായിലിട്ടില്ല അവനും കയ്യ് നീട്ടി. കറക്റ്റ്‌ സീറ്റ്‌ നമ്പറില്‍ എത്തിച്ചു തന്നു കേട്ടോ. പോണാല്‍ പോകട്ടെ എന്ന് കരുതി ഒരു പത്തു രൂവ എടുത്തു നീട്ടി. അവന്റെ മുഖത്ത്  പുച്ഛം വിളയാടി. അവനു അമ്പതു രൂവാ വേണം അത്രെ. എനിക്ക് ദേഷ്യം കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. കണ്ട്രോള് മാതാവേ കണ്ട്രോള് തരണേ എന്ന് പ്രാര്‍ത്ഥിച്ചു. ഇരുപതു രൂപ കൊടുത്തിട്ട് വേണേല്‍ മതി. ഇല്ലേല്‍ നീ പെട്ടി മേടിച്ച സ്ഥലത്ത് കൊണ്ടേ വച്ചോ ഞാന്‍ കൊണ്ട് വന്നോളാം എന്ന് പറഞ്ഞു. അവനും പ്രാകികൊണ്ട് അതും മേടിച്ചു കൊണ്ട് പോയി.

           ഏതായാലും രണ്ടു ആളുകളുടെ പ്രാക്കും നന്നായി ഏറ്റു. സീറ്റിലിരുന്നു കഴിഞ്ഞില്ല. അടുത്ത വിളി വന്നു. ഇത്രയും ഓടിയതല്ലേ നന്നായി ഒന്ന് ഇളകിയിട്ടുണ്ട്. നേച്ചര്‍ കാളിംഗ്. ട്രെയിനിലെ ടോയ്ലെറ്റില്‍ പോകുന്ന കാര്യം ഓര്‍ത്താലെ വോമിറ്റ്‌ ചെയ്യാന്‍ വരുന്ന എനിക്ക് അവിടുത്തെ ഒരു സ്ഥിരം അന്തേ വാസി ആകാന്‍ ഉള്ള അവസരം ലഭ്യമായി. പാവം ഞാന്‍. അവര് കൊണ്ടേ തന്ന ഫുഡ്‌ എല്ലാം വേണ്ട എന്ന് പറഞ്ഞു. ദേഷ്യോം സങ്കടം എല്ലാം കൂടെ വന്നു ഞാന്‍ തലേന്ന് രാത്രി കഴിച്ച എഗ് റൈസിനെ ഓര്‍ത്തു കുറ്റബോധം കൊണ്ട് ഒരു യന്ത്രമായി മാറി.. കിട്ടിയ സീറ്റ്‌ അതിലും ഭയാനകം. സൈഡ് സീറ്റ്‌, ലോവെര്‍ ബര്‍ത്ത്. എന്റ്റെ ഒപ്പോസിറ്റ്‌ ഒരു ആര്‍മി കാരന്‍ അങ്ങേരുടെ സകല സാമാനങ്ങളും പൊതിഞ്ഞു കെട്ടി ഹിമാചല്‍ പ്രദേശിലേക്ക് സ്ഥലം മാറി പോകുന്നു. എന്റ്റെ പെട്ടി വക്കാന്‍ പോലും ഇടമില്ല. എങ്ങിനെയൊക്കെയോ ഞാന്‍ അത് അവിടെ കുത്തി കേറ്റി. അങ്ങേരുടെ വളിച്ച ചിരി എന്നെ അലോസരപെടുത്തി. അപ്പുറത്തെ സീറ്റില്‍ രണ്ടു ആന്റ്റിമാര്‍ . അല്ല ഒരെണ്ണം അമ്മച്ചി ആണ്. മറ്റേതു ആന്റ്റിയും ആന്റ്റി  മലയാളി ആരുന്നു. ഭാഗ്യം. ഒരു പയ്യന്‍സ് ഉണ്ടായിരുന്നു അവരുടെ കൂടെ. അവന്‍ കിടക്കാന്‍ മാത്രമേ വരുന്നുള്ളൂ. അവന്റ്റെ ഫ്രണ്ട്സ് എല്ലാം അപ്പുറത്ത് ആരുന്നുവത്രെ. എനി വേ മലയാളി ആന്റ്റിയോട്  ഞാന്‍ പോയി മിണ്ടി. പുള്ളിക്കാരി ആള്‍സോ ഫ്രം ആര്‍മി. മറ്റേ അമ്മച്ചി ഹിന്ദിക്കാരിയാ  അവരുടെ കേട്ടിയോനും ഫ്രം ആര്‍മി അത്രെ. അങ്ങിനെ ഒരു ആര്‍മി കംപാര്‍ട്ടുമേന്റ്റില്‍ ഞാന്‍ പെട്ട് പോയി.

       ഇന്‍ 1976 വെന്‍ ഐ വാസ്‌ ഇന്‍ കാര്‍ഗില്‍ തുടങ്ങിയ കത്തികള്‍ കേള്‍ണ്ടി വരുമോ എന്ന് ഞാന്‍ പേടിച്ചു. ഭാഗ്യം അവര് പാവങ്ങള്‍ ആരുന്നു. എന്നെ പിടിച്ചു നോക്കിയ ആന്റി പൊള്ളുന്ന പനി ഉണ്ടെന്നു പറഞ്ഞു ഞെട്ടല്‍ രേഖപെടുത്തി. അമ്മച്ചി പുറകെ ഞെട്ടല്‍ രേഖപെടുത്തി. കയ്യില്‍ ഇരുന്ന രണ്ടു ഗുളിക എടുത്തു തട്ടി ഞാന്‍ ഉറങ്ങാന്‍ കിടന്നു. എവിടെ.. ജീവന്‍ കളഞ്ഞുള്ള ആ ഓട്ടത്തില്‍ ഇളകിയ വയര്‍ ഉണ്ടോ അതിനു സമ്മതിക്കുന്നു. അര മണിക്കൂര്‍ ഇടവിട്ട്‌ ടോയ്ലെറ്റ്‌ എന്നെ മാടി വിളിച്ചു കൊണ്ടേ ഇരുന്നു. ഇതിനുംമാത്രം എവിടുന്നാ ഈ പോകുന്നെ എന്ന് വരെ ഞാന്‍ സംശയിച്ചു. അതും പൈപ്പ് തുറന്നു വച്ച പോലെ...


        കാലത്ത് ആയപ്പോളെക്കും പനി കുറഞ്ഞു. പക്ഷെ ടോയ്ലെറ്റ്‌ സഹവാസം ഉച്ച വരെ തുടരേണ്ടി വന്നു . പേടിച്ചു ഒരു വഹ കഴിക്കാതെ അന്നും തള്ളി നീക്കി. രാത്രി ഒരുവിധം സമാധാനത്തോടെ ഉറങ്ങി. ചൊവ്വാഴ്ച മോര്‍ണിംഗ് ആറര മണിയോടെ വല്യ ശബ്ദ കോലാഹലങ്ങള്‍ ഒന്നും ഇല്ലാതെ ട്രെയിന്‍ നിസാവുദ്ധീന്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തി. ഞാന്‍ വരുന്നതറിയാതെ ഡല്‍ഹി തണുത്തു മരവിച്ചു മഞ്ഞു പുതപ്പിനടിയില്‍ കിടക്കുന്നുണ്ടാരുന്നു.[ സാഹിത്യം]  കൂടെ ഉണ്ടായിരുന്നവരെ എല്ലാം ഓരോ ആളുകള്‍ സ്വീകരിക്കാന്‍ വന്നിട്ടുണ്ട്. ആ അമ്മച്ചി തന്റ്റെ ആര്‍മിക്കാരന്‍ കെട്ടിയോനെ എനിക്ക് പരിചയപെടുത്തി. മലയാളി ആന്റ്റിക്ക്  പെട്ടി ഇറക്കാന്‍ ഞാന്‍ സഹായിച്ചു കൊടുത്തു. അവര്‍ക്ക് ചന്ടീഗട്ട് പോകണം അത്രെ. അപ്പുറത്തെ പ്ലാറ്റ്‌ ഫോര്മില്‍ വരെ അവരുടെ മൂന്നു പെട്ടി കൊണ്ട് വക്കാന്‍ കൂലി ഇരുന്നൂറ്റി അമ്പതു രൂപ ചോദിച്ചു. ബാന്‍ഗ്ലൂരിലെ  കൂലിയെ കാളും മെച്ചം ആണ്... എന്നാലും... പാവം ആന്റിക്ക് ആണേല്‍ സംസാരിക്കാനും അറിയില്ല. പിന്നെ ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ തര്‍ക്കിച്ചു തര്‍ക്കിച്ചു നൂറു രൂപ വരെ എത്തിച്ചു കൊടുത്തു. അവരുടെ നന്ദി നിറഞ്ഞ കണ്ണുകളില്‍ നിന്ന് നോട്ടം വിടുവിച്ചു യാത്ര പറഞ്ഞു ഞാന്‍ പ്രീ പൈഡ് ഓട്ടോ സ്റ്റാന്റിലേക്ക്. വയ വിശന്നു കരിയുന്ന മണം കൊണ്ടാണോ അതോ രണ്ടു ദീസം കുളിക്കാത്ത മണം  കൊണ്ടാണോ ആളുകള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഏയ്‌ ഏതാ ഈ ചുന്ദരി കുട്ടി എന്നാവും. എവിടെ പോയാലും ഈ ആരാധകര്‍ .. ശോ..ഏതായാലും ഏഴര ആയപ്പോള്‍ കമ്പനി ഗസ്റ്റ് ഹൌസില്‍ എത്തി. കുളിച്ചു പല്ല് തേച്ചു വന്നു ഒരു കോഫ്ഫിക്ക് ഓര്‍ഡര്‍ കൊടുത്തു. പുല്ലു വിശന്നിട്ടു ജീവന്‍ പൊരിയുന്നു. അവിടുത്തെ മെനുവില്‍ ആണെങ്കില്‍ ഒരു മാതിരി വായില്‍ കൊള്ളാത്ത പേരുകളും. തലേ ദിവസം ഉച്ചയോടെ നിന്ന ലൂസ് മോഷന്‍ തല പൊക്കാന്‍ അവയുടെ പേര് വായിച്ചാല്‍ തന്നെ മതിയാവും. അയ്യോ എനിക്ക് വിശക്കുന്നെ.. ആരെങ്കിലും ഇച്ചിരി കഞ്ഞി തരണേ എന്ന് ഉറക്കെ കാറാന്‍ തോന്നി. അമ്മച്ചിയെ വിളിച്ചു കഞ്ഞി കുടിക്കാന്‍ മുട്ടുന്നു എന്ന് പറഞ്ഞു. അവിടിരുന്നു പറയാം എന്നല്ലാതെ അമ്മച്ചി കഞ്ഞി കൊണ്ട് തരൂലല്ലോ..

           എന്തായാലും വേണ്ടില്ല ഫോണ്‍ എടുത്തു നമ്പര്‍ കറക്കി.[കറക്കിയില്ല കുത്തിയതെ ഉള്ളൂ സ്റ്റൈലിന് കറക്കി എന്ന് പറഞ്ഞതാ] രാജീവേട്ടാ വിശക്കുന്നു.. എനിക്കിച്ചിരി കഞ്ഞി വേണം..രാജീവേട്ടന്‍ ഹലോ എന്ന് പറയുന്നതിന് മുന്‍പേ ഞാന്‍ ഇത് പറഞ്ഞു കഴിഞ്ഞു. രാജീവേട്ടന്‍ ഓഫീസില് ആണത്രെ.. ചേച്ചി ഡ്യുട്ടിക്കും  പോയി.. എനിക്ക് ഉറക്കെ കരയാന്‍ തോന്നി. എങ്ങനേലും വയ്കുന്നേരം ആയാല്‍ മതിയെന്നേ ഉണ്ടാരുന്നുള്ളൂ.. അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു. റൂം ഹീറ്റെറിനു മുന്നില്‍ കുറെ നേരം കുണ്ടിതയായി കുത്തിയിരുന്നു. പിന്നെ സമയം നോക്കി നോക്കി കിടന്നുറങ്ങി പോയി. എഴുനേറ്റതും വിശപ്പ്‌ പിന്നേം അലറി വിളിക്കാന്‍ തുടങ്ങി.. രാജീവേട്ടനെ വിളിച്ചു കഞ്ഞി റെഡി ആക്കി വയ്ക്കോ ഞാനിതാ വന്നേ എന്ന് വിളിച്ചു പറഞ്ഞു. മെട്രോയില്‍ ഒരു മണിക്കൂര്‍ യാത്ര ഉണ്ട്. പണ്ടാരം മോഡേണ്‍ സുന്ദരിമാരുടെ ഇടയില്‍ പാവം ഞാന്‍ വിശന്നു വലഞ്ഞു ഒരു മണിക്കൂര്‍ തള്ളി നീക്കിയത് എങ്ങനെ ആണെന്ന് എനിക്ക് പോലും അറിയില്ല. പണ്ടൊക്കെ ഒരു മണിക്കൂര്‍ എന്നൊക്കെ പറയുമ്പോ ഒരു അര മണിക്കൂര് കൊണ്ട് ചെല്ലുവാരുന്നു. ഇപ്പളത്തെ  ഒരു മണിക്കൂറൊക്കെ ഒരു  ഒന്നൊന്നര മണിക്കൂര്‍ വരും.കഷ്ട്ടകാലം അല്ലാണ്ടെന്താ.. ഒരു തരത്തില്‍ ഞാന്‍ ചെന്ന് പെട്ടു  രാജീവെട്ടന്റ്റെ വീട്ടില്‍ ചെന്നപ്പോ ചേച്ചി അവിടെ അരി അടുപ്പത്ത് ഇടുന്നതെ ഉള്ളൂ.. വെള്ളം വന്നില്ലാരുന്നു അത്രെ. പുല്ലു എനിക്ക് ചത്താ മതീന്ന് തോന്നി.ഗതി കെട്ടവന്‍ തല മൊട്ട അടിച്ചാല്‍ കല്ല്‌ മഴ. പിന്നെ അരി വേകും വരെ കൂട്ടിരുന്നു അരി വേവിച്ചു കഞ്ഞിയാക്കി നാരങ്ങാ അച്ചാറും കൂട്ടി കുടിച്ചപ്പോളാ എന്റ്റെ ശ്വാസം നേരെ വീണത്‌. സംഭവ ബഹുലമായ മൂന്ന് ദിവസത്തെ നീണ്ട പട്ടിണിക്ക് ശേഷം ഒരിച്ചിരി കഞ്ഞി ഉള്ളില്‍ ചെന്നപ്പോ സ്വര്‍ഗം കണ്ട സന്തോഷം.. ഈ ലോകത്തില്‍ എന്തിനേക്കാളും എനിക്ക് വലുത് കഞ്ഞി ആണെന്ന് ഞാന്‍ മന്സിലാക്കുകയായിരുന്നു ആ നിമിഷം. കഞ്ഞിയാണഖിലസാരമൂഴിയില്‍.....




Wednesday, January 25, 2012

അസൂയ - ഒരു അവലോകനം.

എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള കാര്യമാണ് ഈ എന്നെ  ഉണ്ടാക്കിയിരിക്കുന്നത് അസൂയ വച്ചാണോ എന്ന്. കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വരെ അസൂയ. പെണ്ണുങ്ങള്‍ക്ക്‌ പൊതുവേ അസൂയ കൂടുതലുണ്ടെന്ന് പരക്കെ ഒരു ശ്രുതി ഉണ്ടെങ്കിലും മനുഷ്യരായി പിറന്ന എല്ലാത്തിനും മേല്‍ പറഞ്ഞ സാധനം നല്ല രീതിയില്‍ ഉണ്ടെന്നു അനുമാനിക്കാം. ഈ അസൂയ പലപ്പോളും നമുക്ക് നന്മയായി ഫലിച്ചിട്ടും ഉണ്ടാകാം. ഒരു എത്തി നോട്ടം....

ചെറുപ്പകാലം തൊട്ടേ ഉള്ള നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ കുറെ 'അസൂയകഥകള്‍' നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉണ്ടാകും അല്ലെ ഈ അസൂയ.[ ഉണ്ടാകുമോ.. ഏയ്‌..ഇല്ലാരിക്കും.എന്നാലും ഒരു രസത്തിനു അവിടുന്ന് തന്നെ തുടങ്ങാം]. ജനിച്ചു വീണു ലേബര്‍ വാര്‍ഡില്‍ അടുത്ത കട്ടിലില്‍ കിടന്ന കൊച്ചു അമ്മിഞ്ഞ കുടിക്കുന്ന കണ്ടപ്പോള്‍ തോന്നിയതാവണം ആദ്യത്തെ അസൂയ. അസൂയ മൂത്ത് വാവിട്ടു കരഞ്ഞ എനിക്കും കിട്ടി പാല്. [അതേ വാര്‍ഡില്‍ അല്ലാതെ സ്പെഷ്യല്‍ റൂമില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഈ വികാരം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കരുത്. ഞാന്‍ കൈ മലര്‍ത്തി എന്ന് വരും. ചോദിക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്. ഈ പാര്‍ട്ട്‌ ഇച്ചിരി ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് എനിക്കും തോന്നാതില്ല]

പിന്നെ മലര്‍ന്നു കിടക്കുംപോളും കമിഴ്ന്നു കിടക്കുംപോളും തോന്നുന്ന അല്ലറ ചില്ലറ അസൂയ, മുട്ടില്‍ നീന്താറാകുമ്പോള്‍ നടക്കാന്‍ അറിയാവുന്നവരോട് തോന്നുന്ന അസൂയ, നടന്നു തുടങ്ങുമ്പോള്‍ വീഴാതെ നടക്കാന്‍ അറിയാവുന്നവരോട് അസൂയ... അങ്ങിനെ ഒരു ഒന്നൊന്നര വയസു വരെ വല്യ മൂല്യ പ്രസക്തി ഇല്ലാത്ത ചെറിയ ചെറിയ അസൂയ പരമ്പരകള്‍...

ഇച്ചിരൂടെ അങ്ങ് വളര്‍ന്നു കഴിഞ്ഞപ്പോള്‍ പതുക്കെ പള്ളിയില്‍ ഒക്കെ പോക്ക് തുടങ്ങി. അമ്മച്ചീടെ കയ്യില്‍ പിടിച്ചു. അപ്പൊ അടുത്തിരിക്കുന്ന കൊച്ചിനോട് അസൂയ. അവന്റ്റെ കയ്യില്‍ ഉള്ള കളിപ്പാട്ടം എന്റ്റെ കയ്യില്‍ ഇല്ലല്ലോ.[ എന്റ്റെ കയ്യില്‍ അതിലും നല്ലത് ഉണ്ടാവും എന്നാലും]. അമ്മച്ചിയുടെ കയ്യില്‍ പിടിക്കാതെ സ്വതന്ത്രമായി നടക്കുന്ന സഹോദരങ്ങളോട് അസൂയ..[കയ്യീന്ന് പിടി വിട്ടാ അന്ന് അമ്മച്ചി എന്റ്റെ പിന്നാലെ ഓടി തളരണ്ട അവസ്ഥ ആയിരുന്നു അക്കാലം. അമ്മച്ചിയെ കുറ്റപ്പെടുത്താന്‍ ആവില്ല. എന്റ്റെ കയ്യിലിരുപ്പിന്റ്റെ ഗുണം കൊണ്ടാ..എന്നാലും]..

സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോ കഥാനായകന്‍ അസൂയ ഞാന്‍ വളരുന്നതിനൊപ്പം  പ്രതി ദിനം വളര്‍ന്നു വന്നു.സീക്കെന്‍സ്‌ വച്ച ഉടുപ്പിട്ട് അടുത്തിരുന്ന കൊച്ചിനോട്, മുത്തുകള്‍ മേലെ തൂങ്ങി കിടക്കുന്ന പച്ച കളര്‍ സ്ലേറ്റ് ഉള്ള കൊച്ചിനോട് [എന്റ്റെത് തടിയുടെ സ്ലേറ്റ് ആരുന്നു], പൂക്കള്‍ ഉള്ള നീളന്‍ കുട ഉള്ള കൂട്ടുകാരോട്, അങ്ങിനെ ലിസ്റ്റ് നീണ്ടു പോകും. ഈ സാധനങ്ങള്‍ ഒക്കെ വേണമെന്ന് പറഞ്ഞു നിലത്ത് ഉരുണ്ടും മറിഞ്ഞും കരഞ്ഞു വാശി പിടിച്ചു അപ്പന്റ്റെ കയ്യില്‍ നിന്നും എല്ലാം കൈക്കല്‍ ആക്കിയിട്ടുണ്ട് കേട്ടോ..ആ പ്രധാനപെട്ട ഒരു സാധനം വിട്ടു പോയി.. ''മണമുള്ള മായ്ക്കു ലബര്‍''[സാധാരണ ഇറേസര്‍ റബ്ബര്‍ , കുഞ്ഞിലെ ഇങ്ങനെയാ ആ സാധനത്തെ വിളിച്ചിരുന്നത്‌].. ഒരു പ്രത്യേക മണമാ ആ റബ്ബറിന്..ആദ്യമായി ഒരു കൂട്ടുകാരിയുടെ കയ്യില്‍ അത് കണ്ടപ്പോള്‍ തോന്നിയ അസൂയ. അമ്പേ.. ഓര്‍ക്കാന്‍ പോലും വയ്യ..

യു പി സ്കൂള്‍ ജീവിതം ഇത്തരുണത്തില്‍ ഉള്ള അസൂയകള്‍ കൊണ്ട് അലങ്ക്രിതം ആയിരുന്നു. പകര്‍ത്തു ബുക്കില്‍ നല്ല കയ്യക്ഷരം ഉള്ളവരോട്, നല്ല നല്ല പടങ്ങള്‍ ഉള്ള പേപ്പര്‍ ഇട്ടു പുസ്തകം പൊതിയുന്ന അഹങ്കാരി പരിഷകളോട്,  കയ്യില്‍ രണ്ടു മടക്കന്‍ കുടയുള്ള കുട്ടികളോട്[എനിക്ക് അപ്പളും പരട്ട നീളന്‍ കുട..ഹും], നീളന്‍ കോലന്‍ മുടിയുള്ള പെണ്ണുങ്ങളോട് [അവറ്റകള്‍ക്ക് പൊതുവേ നിലത്തും താഴേം നിക്കാന്‍ പറ്റാത്ത രീതിയില്‍ അഹങ്കാരം ഉള്ളവര്‍ ആയിരിക്കും], അക്കു കളിക്കുമ്പോള്‍ എപ്പളും ജയിക്കുന്ന ഒരു പൊങ്ങച്ചക്കാരി പെണ്ണിനോട്.. അങ്ങിനെ അങ്ങിനെ ലിസ്റ്റ് നീളുന്നു.  അപ്പനോടും അമ്മച്ചിയോടും പലവട്ടം അസൂയ തോന്നിയിട്ടുണ്ട്. അവര്‍ക്ക് ഇങ്ങനെ ഹോം വര്‍ക്ക് ചെയ്യ് എന്ന് പറഞ്ഞു നിര്‍ബന്ധിച്ചാല്‍ മതിയല്ലോ പടിക്കണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. ' പഠിച്ചു റാങ്ക് ഒക്കെ വാങ്ങുന്ന കുട്ടികളോട് എനിക്ക് ഈ പറഞ്ഞ സാധനം ഒരിക്കലും തോന്നിയിട്ടില്ല. എങ്ങാനും വാശി വച്ച് പഠിച്ചു എനിക്കെങ്ങാനും റാങ്ക് കിട്ടിയാലോ. അവര്‍ക്കൊക്കെ സങ്കടം ആവൂലെ.. ഞാന്‍ പണ്ടേ സഹാനുഭൂതി ഉള്ള കൂട്ടത്തിലാ. നമ്മളായിട്ട് ആരുടേം മനസ്സ് നോവിക്കാന്‍ പാടില്ല'. 

പ്രകൃതിയോട് അന്നും ഇന്നും എന്നും അസൂയ ആണ്. അതിനോട് വാശി വച്ച് ഒന്നും നേടാന്‍ ആവില്ലല്ലോ എന്നോര്‍ത്ത് സങ്കടവും. പറവകള്‍, ചിത്ര ശലഭങ്ങള്‍, പൂക്കള്‍, എവിടെയും പറന്നു കളിക്കുന്ന കാറ്റ്, ചിന്നി ചിന്നി ഒഴുകുന്ന പുഴ, തീരങ്ങളും തിരയും പങ്കു വയ്ക്കുന്ന സ്നേഹം, മഴവില്ല്, പല രൂപത്തില്‍ ആകാശത്ത് ഓടി കളിക്കുന്ന മേഘങ്ങള്‍ അങ്ങിനെ പ്രകൃതിയുടെ അത്ഭുത സൃഷ്ടികളോട് എല്ലാത്തിനെയും ഒരിക്കലും തീരാത്ത അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. 

കോളേജില്‍ ഒക്കെ പോയി തുടങ്ങിയപ്പോളെക്കും എന്റ്റെ  അസൂയ എന്നെക്കാളും വളര്‍ന്നു കഴിഞ്ഞോ എന്നൊരു സംശയം. സ്വയം ഒരു സുന്ദരി ആണെന്ന് അഹങ്കരിക്കുന്ന എനിക്ക് മറ്റു സുന്ദരിമാരോട് ''തീരെ'' അസൂയ ഇല്ലായിരുന്നു കേട്ടോ. പലപ്പോളും ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ കര്‍ത്താവിനു എല്ലാരേം ഒരുപോലെ സൃഷ്ടിച്ചാല്‍ എന്താരുന്നു എന്ന്. അല്ല പിന്നെ ഇതൊരുമാതിരി തിരിച്ചു വ്യത്യാസം അല്ലായോ. കുറെ സുന്ദരി കോതകളും ഫെര്‍ ആന്‍ഡ്‌ ലവലി തേച്ചു മുഖം മിനുക്കി സുന്ദരികള്‍ ആണെന്ന് ഭാവിക്കാന്‍ കുറെ പേരും. അനീതി ആണ് അത്. [എല്ലാര്‍ക്കും ആന്തരിക സൌന്ദര്യം ഉണ്ട്. എന്നാലും ആ ഒരു ഇതില്ലേ .. ഏത്...] . കൂട്ടുകാരെല്ലാം ഒരുമിച്ചു നടന്നു പോകുമ്പോള്‍ എന്നെ നോക്കാതെ വേറൊരുത്തിയെ ഒരു ചെക്കന്‍ വായി നോക്കുമ്പോള്‍ ഏതൊരു പെണ്ണിനാ  മറ്റേ പെണ്ണിനോട് അസൂയ തോന്നാത്തെ. [ഇവിടെ എന്റ്റെ ഭാഗത്ത് അല്ലെ ന്യായം. അല്ലെ..] കോളജില്‍ വച്ച് സപ്ലി വയ്ക്കാതെ ഒറ്റ അടിക്കു സെമെസ്റ്റെര്‍ എക്സാം പാസ്സായിട്ടുള്ള കാലു വാരി സുഹൃത്തുക്കളോടും ഒരു പൊടിക്ക് അസൂയ തോന്നാതിരുന്നിട്ടില്ല.

എങ്ങനെങ്ങാണ്ടോക്കെ തട്ടീം മുട്ടീം നേര്‍ച്ചയുടെ ബലത്തില്‍ പാസ്സായിട്ടു ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നപ്പോള്‍ അവിടേം വര്‍ക്ക്‌ ഔട്ട്‌ ആകുന്നതു ഈ അസൂയ തന്നെ. സ്വന്തമായി ഒരു ജോലിയുള്ള എല്ലാ മഹതികളോടും മഹാന്മാരോടും ഒന്നൊര കട്ടക്ക് അസൂയ. പിന്നെ ഒന്നിച്ചു പഠിച്ച പലര്‍ക്കും തന്നെക്കാള്‍ മുന്പ്പേ ജോലി കിട്ടുമ്പോള്‍ ഉള്ള 'സന്തോഷം കലര്‍ന്ന അസൂയ..'.. ജോലി കിട്ടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ എന്നെ ക്കാള്‍ ആത്മാര്‍ഥമായി പണി എടുക്കന്നവനോട് ബോസ്സ് കാണിക്കുന്ന സ്നേഹത്തിന് മുന്നില്‍ ദേഷ്യം കലര്‍ന്ന അസൂയ..

പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരോട് അസൂയ..
നന്നായി വരക്കുന്നവരോട് അസൂയ..
പാട്ട് പാടുന്നവരോട് ആരാധന കലര്‍ന്ന അസൂയ..
നല്ല തമാശകള്‍ പറയുന്നവരോട് അസൂയ...
ഡ്രൈവിംഗ് അറിയില്ലായിരുന്ന സമയത്ത് അത് അറിയാവുന്നവരോട് അസൂയ..
ഇപ്പൊ ദെ ഈ ബ്ലോഗിങ് ലോകത്ത് വന്നു നിങ്ങളെ ഒക്കെ കണ്ടപ്പോള്‍ നന്നായി എഴുതുന്ന എഴുത്തുകാരോട് സ്നേഹം കലര്‍ന്ന അസൂയ..

''അങ്ങിനെ നോക്കിയാല്‍ സര്‍വ്വം അസൂയ മയം''.
ന്ഹും..[ദീര്‍ഘ നിശ്വാസം ]. ഒരുപാട് കാര്യങ്ങളില്‍ ഈ അസൂയ പലതും നേടി എടുക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. നിങ്ങളെയും കാണുമാരിക്കും അല്ലെ..ഇപ്പൊ ഞാന്‍ ആദ്യം പറഞ്ഞ കാര്യം സത്യം ആണെന്ന് തെളിഞ്ഞില്ലേ..''എന്നെ ഉണ്ടാക്കിയെക്കുന്നത് അസൂയ വച്ചാ''.

NB- ഞാന്‍ പറയാന്‍ വിട്ട ചില അസൂയ ഓര്‍മ്മകള്‍ നിങ്ങള്ക്ക് ഉണ്ടാകുമല്ലോ. അഭിപ്രായതോടൊപ്പം അവയും പങ്കു വയ്ക്കുമല്ലോ അല്ലെ..

Friday, January 6, 2012

തേങ്ങാക്കൊല...

''എന്തുവാ നിങ്ങള് വിചാരിച്ചേ. കുഞ്ഞമ്മ അധ്വാനിച്ചു ജീവിക്കുന്നവളാ. മാനം വിറ്റു ജീവിക്കണ്ട ഗതികേടൊന്നും ഇതുവരെ എനിക്കുണ്ടായിട്ടില്ല.'' തന്റ്റെ നേരെ വച്ച് നീട്ടിയ അമ്പതു രൂപാ നോട്ടില്‍ കാര്‍ക്കിച്ചു തുപ്പി കൊണ്ട് അത് കൊണ്ട് നീട്ടിയവന്റ്റെ കോളരേല്‍ കുത്തി പിടിച്ചു കൊണ്ടാണ് കുഞ്ഞമ്മ ഇത് പറയുന്നത്. ഇത് കണ്ടു ഓടി വന്ന രായപ്പന്‍ ചേട്ടന്‍ [പഞ്ചായത്ത് മെമ്പറാണ് കക്ഷി] കുഞ്ഞമ്മയെ സമാധാനപെടുത്തി. എന്നിട്ട് ദേവസ്യാച്ചനെ  ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തി എന്തൊക്കെയോ വഴക്ക് പറഞ്ഞു.

കുഞ്ഞമ്മ മീന്‍ വിറ്റാണ് കുടുംബം നടത്തുന്നത്. ഭര്‍ത്താവ് നാരായണന്‍ അരക്ക്  കീഴ്പ്പോട്ടു തളര്‍ന്നു കിടപ്പിലാണ്. കോട്ടയം മീന്ച്ചന്തയിലെ കട മുതലാളി ആരുന്നു കുഞ്ഞമ്മയുടെ അപ്പന്‍. നാരായണന്‍ കുഞ്ഞമ്മേടെ അപ്പന്റ്റെ കട വാടകക്ക് എടുത്തു മീന്‍ കച്ചോടം നടത്തുന്ന ആളും.കുഞ്ഞമ്മ ആ കാലത്തെ അറിയപെടുന്ന ഒരു സുന്ദരി ആയിരുന്നു. മാസാവസാനം വാടക കൊടുക്കാന്‍ വീട്ടിലെത്തുംപോളാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്. പിന്നീട് പല തവണ കണ്ടു. അടുത്തു.ഇഷ്ട്ടതിലായി. അവസാനം നാരായണന്‍ ഇല്ലാതെ കുഞ്ഞമ്മയ്ക്ക് ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ . കുഞ്ഞമ്മേടെ അപ്പന്‍ പരീത് കുട്ടി എല്ലാ അപ്പന്മാരെയും പോലെ ഒന്നാന്തരം ഉടക്ക്.'' അതെങ്ങനാ ജാതി വേറെ അല്ലായോ. ഒക്കുകേല. വരുത്തന്മാരുടെ കൂടെ കൊച്ചിനെ പറഞ്ഞയച്ചാ എങ്ങനാ. അത് മാത്രമോ പന്ത്രണ്ട് മീന്‍ ലോറി ഉള്ള അവിരയുടെ മകന്‍ ദേവസ്യയുടെ ആലോചന കഴിഞ്ഞ ആശ്ച വന്നതേ ഉള്ളൂ. അവിരായുടെ കുടുംബത്തില്‍ കേറി ചെന്നാലുള്ള അന്തസ്സ് ഈ വരുത്തന്‍ ഹിന്ദുവിന്റ്റെ കൂടെ വിട്ടാല്‍ കിട്ടുമോ''. അമ്പിനും വില്ലിനും അടുക്കാതെ പരീത് കുട്ടി വാശി പിടിച്ചു നിന്നു.

ദേവസ്യാച്ചന്‍ ഇതിനോടകം മോഹന വാഗ്ധാനങ്ങളുമായി പല തവണ കുഞ്ഞമ്മയെ സമീപിച്ചിരുന്നു. കുഞ്ഞമ്മയുടെ പ്രണയത്തിനു മുന്നില്‍ അപ്പനോ അമ്മയോ സഹോദരങ്ങളോ പോട്ടെ പന്ത്രണ്ട് മീന്‍ ലോറികളുടെ അവകാശിയായ ദേവസ്യയുടെ വീട്ടിലെ സൌകര്യങ്ങളും ഒന്നുമല്ല. കുഞ്ഞമ്മ കരഞ്ഞു നോക്കി, അപേക്ഷിച്ചു നോക്കി, ഉപവാസം, പട്ടിണി അങ്ങനെ പല അടവുകള്‍. എവിടെ പരീത് കുട്ടി അവളെ വീട്ടിനു വെളിയില്‍ ഇറക്കിയില്ല. ഞായറാശ്ച്ച കുര്‍ബാനയ്ക്ക് പള്ളീല്‍ പോകുമ്പോളാ അവള്‍ ഒന്ന് വെട്ടം കാണുന്നത്. അങ്ങനെ ഒരു ഞായറാശ്ച്ച അമ്മച്ചിയുടെ കൂടെ പള്ളിയില്‍ പോയ കുഞ്ഞമ്മ അമ്മച്ചി കുര്‍ബാന സ്വീകരിക്കാന്‍ പോയ സമയത്ത് പള്ളീന്നു ഓടി നാരായണന്ട്ടെ വീട്ടിലെത്തി. എന്തിനേറെ പറയുന്നു . രണ്ടു പേരും പരീതിനെ പറ്റിച്ചു വിവാഹിതരായി. നാരായണന്റ്റെ കട അതോടെ അങ്ങേരു പൂട്ടിച്ചു. അടുപ്പ് പുകയാന്‍ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ നാരായണന്‍ തെങ്ങ് കയറ്റത്തിന് പോയി. കല്യാണം കഴിഞ്ഞു മൂന്നു മാസം അങ്ങ് തികഞ്ഞില്ല. തെങ്ങ് കയറാന്‍ പോയ നാരായണന്‍ തെങ്ങീന്നു താഴെ വീണു. പുറകെ നാരായണന്റ്റെ പോക്കതെക്ക് രണ്ടു കുല തേങ്ങായും. അങ്ങിനെ ആ പ്രണയം ഒരു തേങ്ങകുലയില്‍ അവസാനിച്ചു. നാരായണന്‍ അരക്ക് താഴോട്ട് തളര്‍ന്നു കിടപ്പാണ്.

അങ്ങനെ ദേവസ്യച്ചന്റ്റെ മീന്‍ ലോറി വരുമാനം എണ്ണി തിട്ടപെടുത്തി അലമാരയില്‍ വച്ച് അതിന്റ്റെ താക്കോല് മടിയില്‍ തിരുകി വക്കണ്ട കുഞ്ഞമ്മ ദേണ്ടെ ഇപ്പൊ മീന്‍ വിക്കാന്‍ നടക്കുന്നു.ദേവസ്യാച്ചന് ഇത് സഹിക്കുമോ . കുഞ്ഞമ്മയോടു അന്നേ കടുത്ത  ആരാധന ഉള്ള ദേവസ്യാച്ചനു ഇന്നും ആ ആഗ്രഹം മനസീന്നു പോയിട്ടില്ല .അത് കൊണ്ടാണ്  ഇന്നും ദേവസ്യാച്ചന്‍ കുഞ്ഞമ്മയെ സമീപിക്കാന്‍ ഒരു കൈ  നോക്കിയത്. ദേവസ്യാച്ചന്‍ കുഞ്ഞമ്മയോടു ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു ചെല്ലുന്നത് ഇത് ആദ്യമായി ഒന്നും അല്ല. .....


നിക്കട്ടെ.. അവിടെ നിക്കട്ടെ.. എങ്ങോട്ടാ ഈ വായിച്ചു വായിച്ചു പോകുന്നത്. കഥ അത്രെമേ ഉള്ളൂ..ഇനിയിപ്പോ കുഞ്ഞമ്മയായി ദേവസ്യാച്ചന്‍ ആയി, തേങ്ങാ കൊല വീണു തളര്‍ന്നു കെടക്കുന്ന നാരായണന്‍ ചേട്ടനായി , അവരുടെ പാടായി.. നമ്മളതിനു എന്നാ വേണം.. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ശരിക്കും എന്താണെന്ന് വച്ചാല്‍..അതായത്...അല്ല അതായത്... ഈ പ്രണയം എന്ന് പറയുന്ന മാങ്ങാത്തൊലി ഒരു തേങ്ങാ കുലയില്‍ തീര്‍ന്നു പോകാവുന്ന അല്പായുസ്സുള്ള ഒരു പ്രത്യേക തരം രോഗം ആണ്. അത് കൊണ്ട് തന്നെ '' beware of തേങ്ങാ കുല''. അല്ല ഏത് തേങ്ങാ കൊലയാ എപ്പളാ പാര ആകുക എന്ന് പറയാന്‍ പറ്റില്ലല്ലോ. ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണെ..പിന്നെ ദേവസ്യച്ചനെ പോലെ ഉള്ളവര്‍ക്ക് അതൊരു പുന്ന്യകൊല ആകാനുമം സാധ്യത ഉണ്ട്.

NB; ഒരു സാദാരണ കാരന്റ്റെ പ്രണയ ജീവിതത്തില്‍ തേങ്ങാ കൊലക്കുള്ള സ്ഥനം ഒട്ടും ചെറുതല്ല എന്ന് മനസിലാക്കി തരുക ആയിരുന്നു ശരിക്കും  കവിയുടെ ഉദ്ദേശ്യം.


Thursday, January 5, 2012

അപ്പനെയാണെനിക്കിഷ്ട്ടം­.....

'എന്റ്റെ ചെക്കാ അവളെ ഇങ്ങനെ ഉപദ്രവിക്കാതടാ'' അന്നമ്മ ചേട്ടത്തി അലറി. ചേട്ടത്തി വന്നു മത്തായിച്ചനെ(മാത്യു അതാണ്‌ അവന്റ്റെ പേര്) പിടിച്ചു മാറ്റുംപോളെക്കും എന്റ്റെ കണ്ണുകള്‍ കുടു കുടാ ഒഴുകാന്‍ തുടങ്ങിയിരുന്നു.കുനിച്ചു നിര്‍ത്തി മുട്ടുകൈ വച്ച് ഇടിക്കുകയായിരുന്നു ആ പരമ ദുഷ്ട്ടന്‍  എന്നെ.. അവനെ കരാട്ടെ ക്ലാസ്സില്‍ വിടണ്ടാന്നു അന്നമ്മ ചേട്ടത്തി മത്തായിച്ചന്റ്റെ അപ്പനോട് ഒരുപാട് പറഞ്ഞതാ ..അപ്പന്‍ സമ്മതിച്ചില്ല..''ഇവളെ ആരേലും ഉപദ്രവിക്കാന്‍ വന്നാല്‍ അവന്‍ നോക്കികോളും.അതിനാ ഞാന്‍ അവനെ വിടുന്നത് '' എന്നായിരുന്നു അപ്പന്റ്റെ  മറുപടി.. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നാ അവസ്ഥയായിരുന്നു പക്ഷെ. അവന്‍ പുതിയ അടവുകള്‍ പഠിക്കുന്നത് എന്റ്റെ പിടലിക്കായിരുന്നു.. ചേട്ടത്തി വച്ച് കൊടുത്ത പുളപ്പന്‍ അടിയുടെ വേദന തീര്‍ക്കാന്‍ അവന്‍ ഒന്നൂടെ വന്നു എന്റ്റെ കൊങ്ങക്ക്‌ കുത്തി പിടിച്ചിട്ടു ഇനി മേലാല്‍ അമ്മച്ചി കേക്കുന്ന പോലെ കരഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞിട്ട് പോയി...


എന്റ്റെ നാലാമത്തെ വയസ്സില്‍ എത്തിയതാണ് ഞാനാ വീട്ടില്‍.അപ്പന്‍ (മത്തയിച്ചന്റ്റെ അപ്പനാണ് ഞാനും അപ്പനെന്നാ വിളിക്കാറ്.)കാഞ്ഞിരപള്ളിയില്‍ കച്ചോടത്തിനു പോയപ്പോ വഴിയില്‍ വിശന്നു കരഞ്ഞു തളര്‍ന്നു കൈ അയഞ്ഞ ഒരു പെറ്റികോട്ടുമിട്ട് നില്‍കുന്ന എന്നെ കണ്ടതാണ്..അപ്പന്റ്റെ കുടുംബത്തില്‍ പെണ്‍പിള്ളേര്‍ കുറവായത് കൊണ്ട് അപ്പന് പെണ്‍കൊച്ചുങ്ങളെ വല്യ ഇഷ്ട്ടമായിരുന്നു..അന്നെന്നെ കൂടെ കൂട്ടിയതാണ്. എന്നെ കൂട്ടി വീട്ടില്‍ ചെന്നപ്പോ അന്നമ്മ ചെട്ടത്തിക്ക് ഹാലിളകി മത്തായിച്ചനേം കൂട്ടി സ്വന്തം വീട്ടിലേക്കു പോയെങ്കിലും ചേട്ടത്തിയുടെ അപ്പന്‍ തിരിച്ചോടിച്ചു..തിരിച്ചു വീട്ടിലെത്തിയ ചേട്ടത്തി അപ്പന്‍ പറഞ്ഞ കഥകളെല്ലാം പണിപ്പെട്ട് വിശ്വസിച്ചു..ഒന്ന് രണ്ടു ദിവസം തട്ടുകേടൊക്കെ കാണിച്ചെങ്കിലും പിന്നെ എന്നോട് വല്യ സ്നേഹമായി..അല്ലേലും ചേട്ടത്തി പാവമാ.. അപ്പനും ചേട്ടത്തീം സ്നേഹിച്ചു കെട്ടിയതാ. പരുമല പള്ളിയിലെ വല്യ പെരുന്നാള്‍ പ്രദിഷണത്തില്‍ വച്ച് ആദ്യമായി കണ്ട കഥയൊക്കെ നാണത്തോടെ ചേട്ടത്തി പറയാറുണ്ട്‌...ചേട്ടത്തി പറയുന്നത് അപ്പന്‍ ഒരു സംഭവമാണെന്നാ..


മത്തായിച്ചനും എനിക്കും ഒരേ പ്രായം..രണ്ടു പേരേം ഒരുമിച്ചാ സ്കൂളില്‍ ചേര്‍ത്തത്..അവനെ ഇംഗ്ലീഷ് മീഡിയത്തിലും എന്നെ ഗവണ്മെന്റ് സ്കൂളിലും..അപ്പനും ചെട്ടത്തിക്കും എന്നെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ വിടണം എന്നായിരുന്നു .പക്ഷെ വീട്ടിലെ കുറെ കാരണവന്മാര്‍ " അവളെ സ്കൂളില്‍ പോലും വിടണ്ട..അന്നമ്മക്കൊരു സഹായമായി അടുക്കളയില്‍ നിക്കട്ടെ '' എന്നാണ് ഉത്തരവിട്ടത്..ചേട്ടത്തി നിര്‍ബന്ദിച്ചു പറഞ്ഞിട്ടാ  ഗവണ്മെന്റ്  സ്കൂളിലെങ്കിലും  വിട്ടത്.

മത്തായിച്ചന്‍ പറയുന്ന ഇംഗ്ലീഷ് കേട്ടാണ് ഞാന്‍ പഠിച്ചത്. അവനു എന്നെ പണ്ട് മുതലേ കണ്ടുകൂടാ . തരം കിട്ടുംപോളൊക്കെ എന്നെ ഉപദ്രവിക്കും ആ പരമ ദുഷ്ട്ടന്‍. അപ്പന് എന്നോടാണ് സ്നേഹം പോലും. അതവന്റ്റെ മനസിന്റ്റെ കുഴപ്പമാണ് കേട്ടോ. അപ്പന് അങ്ങനൊന്നുമില്ല. ഞാന്‍ പഠിക്കാന്‍ നന്നേ മോശമാരുന്നു. മത്തായിച്ചനെ  കൊണ്ട് ആകെയുള്ള ഗുണം അവനെന്നെ കണക്ക് പഠിപ്പിക്കുമായിരുന്നു എന്നുള്ളതാണ്. അന്നും ഇന്നും നാലും മൂന്നും ഏഴു എന്ന് കൂട്ടാന്‍ കാല്‍സി ഇല്ലാതെ പറ്റില്ല എനിക്ക്, അവനാണെങ്കില്‍ കണക്കില്‍ പുപ്പുലിയും. അവന്‍ സ്വന്തം ഇഷ്ട്ടപ്രകാരം പഠിപ്പിക്കുന്നത് ഒന്നുമല്ല കേട്ടോ. അപ്പന്റെ ആക്രോശം പേടിച്ചാ .
പ്രായം പിന്നേം മുന്നോട്ടു പോയപ്പോ ഞങ്ങള്‍ കൂട്ടുകാരൊക്കെ ആയി കേട്ടോ. പത്തില്‍ അവനു ഡിസ്റ്റിംഗ്ഷനും എനിക്ക് ഫസ്റ്റ് ക്ലാസും. അന്ന് അവനാണ് അപ്പനെ നിര്‍ബന്ധിച്ചത് ഒരു സ്കൂളില്‍ ചേര്‍ക്കാന്‍. അന്നും കുറെ കള്ള കാരണവ കൂട്ടം എതിര്‍ക്കാന്‍ വന്നെങ്കിലും മത്തായിച്ചന്റ്റെ തര്‍ക്കുത്തരങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാല് മടക്കി. അങ്ങനെ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ്റ് തോമസ്‌ സ്കൂളില്‍ പ്ലസ്‌ ടു ഒരുമിച്ചു പഠിച്ചു . അവന്റ്റെ താന്തോന്നി താരങ്ങള്‍ക്ക് ഞാനായിരുന്നു കൂട്ട്.അന്നേ അവന്‍ ഒരു പൊടിക്ക് അടിക്കുമായിരുന്നു. കൂട്ടുകാരുമായി ചേര്‍ന്ന് ബിയറും മറ്റും. അപ്പനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്തിയ  എന്നെ അവന്‍ അവന്റ്റെ മസില്‍ പവറു കൊണ്ട് അടക്കി നിര്‍ത്തി.. ഒരു കൊച്ചു പ്രേമവും ഉണ്ടായിരുന്നു അന്നവന്.ആന്‍സ്‌ മേരി. എന്നേക്കാള്‍ സുന്ദരിയായിരുന്ന കൊണ്ടാണോ എന്തോ എനിക്കവളെ നന്നേ ഇഷ്ട്ടമാല്ലായിരുന്നു. അഹങ്കാരി. പിന്നെ അവന്റ്റെ കയ്യിലിരിക്കുന്നത് മേടിച്ചു കെട്ടി ആരോഗ്യം കളയണ്ടാന്നു കരുതി അവളെ കാണുമ്പോള്‍ ഒക്കെ ഒരു വളിച്ച ചിരി പാസ്സാക്കിയിരുന്നു. അവന്‍ സ്കൂളെന്നോ വഴിയെന്നോ നോട്ടമില്ലാതെ ഉപദ്രവിക്കും. ഒരിക്കല്‍ ക്ലാസ്സില്‍ വച്ച് എന്തിനോ എന്നെ ഉപദ്രവിക്കുന്ന കണ്ട പ്രിന്സിപ്പാളിന്റ്റെ അടുത്ത് പെങ്ങളാണ് എന്ന് പറഞ്ഞു രക്ഷപെട്ടതാണ് അവന്‍. അതപ്പന്റ്റെ ചെവിയില്‍ എത്തിയതിന്റ്റെ വേദന എനിക്കിന്നും ഉണ്ട്. ഒരു മയമില്ലാത്ത ഇടിയാണ് കാലപാമ്പിന്റ്റെ.
എന്നിട്ടെന്താ പ്ലസ്‌ ടു കഴിഞ്ഞപ്പോ ഞാന്‍ ഡിസ്റ്റിംഗ്ഷന്‍ കാരിയും അവന്‍ സെക്കന്‍ഡ്‌ ക്ലാസും ആയി. അന്നു  മത്തായിച്ചന് ആദ്യമായി എന്നെ നിര്‍ബന്ദിച്ചു സ്കൂളില്‍ ചേര്‍ത്തതിനു കുറ്റ ബോധം തോന്നി. അവനതു പറയുകേം ചെയ്തു. മനുഷ്യനെ നാണം കെടുത്താന്‍ ഓരോന്നിനെ പഠിക്കാന്‍ വിട്ടോളും എന്ന്. ‘’എല്ലാം ഈ അമ്മച്ചി കാരണമാ.’’ അപ്പോളും അമ്മച്ചിക്ക് കുറ്റം. ഞാന്‍ പിന്നെ എന്ട്രന്‍സ് ഒക്കെ എഴുതി എടുത്തു ഡോക്ടര് പഠിക്കാന്‍ പോയി അവന്‍ മാനേജ്മെന്റ് സീറ്റില്‍ എഞ്ചിനീയരും ആയി.

ഇപ്പോള്‍ മത്തായി യു കെ യില്‍ ആണ്. അന്നത്തെ ആന്‍സ്‌ മരിയയെയും കെട്ടി സുഖമായി ജീവിക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്റ്റെ അടുത്ത് വരും ചെക്ക്‌ അപ്പിന്. കള്ള്‌ കുടിച്ചു കുടിച്ചു ലിവര്‍ മൊത്തം തകരാറിലാ. വരുമ്പോ എപ്പളും പറയും അന്ന് ഞാന്‍ കുടിക്കുന്ന കാര്യം നീ അപ്പനോട് പറഞ്ഞിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു എന്ന്. എന്നിട്ടൊരു കൊങ്ങക്ക് പിടുത്തമുണ്ട് പണ്ടത്തെ പോലെ. എല്ലാം നീ ഒറ്റ ഒരുത്തി കാരണമാടീ പോത്തേന്നു പറയും.

ഞാന്‍ അപ്പന്റ്റെം ചെട്ടത്തിയുടെയും കല്ലറയില്‍ തിരി കത്തിച്ചിട്ടു വരുന്ന വഴിയ ഇപ്പൊ. സ്റ്റീഫന്‍ [എന്റ്റെ കെട്ടിയോന്‍] അവിടെ പള്ളി മുറ്റത്ത്‌ പള്ളീലച്ചന്റ്റെ കുറ്റം പറച്ചില്‍ ഗാങ്ങില്‍ നിന്ന് ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ട്. പള്ളി മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന  എട്വേര്‍ഡും അന്ന മോളും ഓടി വന്നു എന്റ്റെ സാരി തുമ്പില്‍ തൂങ്ങി. എഡ്വേര്‍ഡ്‌ എന്റ്റെ മോന്‍ ആണ്. അന്നയെ സ്റ്റീഫന് ഒരിക്കല്‍ ആലുവാ റെയില്‍ വേ സ്റ്റേഷനില്‍  നിന്ന് കിട്ടിയതാ. അന്ന് അന്നയെയും കൂട്ടി വീട്ടില്‍ വന്നപ്പോ അന്നാമ്മ ചേട്ടത്തി ചെയ്ത അതേ പണി തന്നെ ഞാനും ചെയ്തു. അല്ലേലും പഠിക്കുന്ന കാലത്തേ സ്റ്റീഫന് കുറെ പെണ്പില്ലെരുമായി കൂട്ടുള്ള കാര്യം എനിക്കറിയാമായിരുന്നു. വഴക്കിട്ടു വീട്ടീന്നു ഇറങ്ങാന്‍ പോകുമ്പോ അപ്പന്റ്റെ ഫോട്ടോ എന്നെ തിരിച്ചു വിളിക്കുംപോലെ തോന്നി.അന്ന് കാഞ്ഞിരപ്പള്ളി മാര്‍കെറ്റില്‍ വിശന്നു വലഞ്ഞ ഞാന്‍ ഇന്നിവിടെ വരെ എത്തിയത് ആ മനുഷ്യന്റ്റെ കാരുണ്യം കൊണ്ടായിരുന്നു. അന്ന മോളെ കണ്ടപ്പോ അന്ന് അപ്പന്റ്റെ കയ്യില്‍ കിട്ടിയ നിന്നെയാ ഞാന്‍ അവളില്‍  കണ്ടത് എന്ന് സ്റ്റീഫന്‍ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. ഇപ്പൊ അവള് ഞങ്ങടെ മോളാണ്. അല്ലേലും അപ്പന്റ്റെ കല്ലറയില്‍ വന്നാല്‍ ഞാന്‍ ഇങ്ങനാ.. എല്ലാം ഓര്‍ക്കും. കുറെ കരയും. പിന്നെ അപ്പനെ പോലെ തന്നെ ഒരു കേട്ടിയോനെ എനിക്ക് തന്നതിന് കര്‍ത്താവിനോട് നന്ദി പറയും. എട്വേര്ടിനെയും അന്നയെയും ചേര്‍ത്ത് പിടിച്ചു കാറിന്റെ അരികിലേക്ക് നടക്കുമ്പോ സ്റ്റീഫന്‍ എപ്പളും പറയാറുള്ള കാര്യം ഞാന്‍ ഓര്‍ക്കുകയായിരുന്നു. ''എടുത്തു ചാട്ടവും മണ്ടത്തരങ്ങളും അതിലുപരി സംശയവും പെണ്ണുങ്ങളുടെ സിരകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ജന്മ സ്വഭാവങ്ങളാണ്''....