Wednesday, January 25, 2012

അസൂയ - ഒരു അവലോകനം.

എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള കാര്യമാണ് ഈ എന്നെ  ഉണ്ടാക്കിയിരിക്കുന്നത് അസൂയ വച്ചാണോ എന്ന്. കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വരെ അസൂയ. പെണ്ണുങ്ങള്‍ക്ക്‌ പൊതുവേ അസൂയ കൂടുതലുണ്ടെന്ന് പരക്കെ ഒരു ശ്രുതി ഉണ്ടെങ്കിലും മനുഷ്യരായി പിറന്ന എല്ലാത്തിനും മേല്‍ പറഞ്ഞ സാധനം നല്ല രീതിയില്‍ ഉണ്ടെന്നു അനുമാനിക്കാം. ഈ അസൂയ പലപ്പോളും നമുക്ക് നന്മയായി ഫലിച്ചിട്ടും ഉണ്ടാകാം. ഒരു എത്തി നോട്ടം....

ചെറുപ്പകാലം തൊട്ടേ ഉള്ള നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ കുറെ 'അസൂയകഥകള്‍' നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉണ്ടാകും അല്ലെ ഈ അസൂയ.[ ഉണ്ടാകുമോ.. ഏയ്‌..ഇല്ലാരിക്കും.എന്നാലും ഒരു രസത്തിനു അവിടുന്ന് തന്നെ തുടങ്ങാം]. ജനിച്ചു വീണു ലേബര്‍ വാര്‍ഡില്‍ അടുത്ത കട്ടിലില്‍ കിടന്ന കൊച്ചു അമ്മിഞ്ഞ കുടിക്കുന്ന കണ്ടപ്പോള്‍ തോന്നിയതാവണം ആദ്യത്തെ അസൂയ. അസൂയ മൂത്ത് വാവിട്ടു കരഞ്ഞ എനിക്കും കിട്ടി പാല്. [അതേ വാര്‍ഡില്‍ അല്ലാതെ സ്പെഷ്യല്‍ റൂമില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഈ വികാരം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കരുത്. ഞാന്‍ കൈ മലര്‍ത്തി എന്ന് വരും. ചോദിക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്. ഈ പാര്‍ട്ട്‌ ഇച്ചിരി ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് എനിക്കും തോന്നാതില്ല]

പിന്നെ മലര്‍ന്നു കിടക്കുംപോളും കമിഴ്ന്നു കിടക്കുംപോളും തോന്നുന്ന അല്ലറ ചില്ലറ അസൂയ, മുട്ടില്‍ നീന്താറാകുമ്പോള്‍ നടക്കാന്‍ അറിയാവുന്നവരോട് തോന്നുന്ന അസൂയ, നടന്നു തുടങ്ങുമ്പോള്‍ വീഴാതെ നടക്കാന്‍ അറിയാവുന്നവരോട് അസൂയ... അങ്ങിനെ ഒരു ഒന്നൊന്നര വയസു വരെ വല്യ മൂല്യ പ്രസക്തി ഇല്ലാത്ത ചെറിയ ചെറിയ അസൂയ പരമ്പരകള്‍...

ഇച്ചിരൂടെ അങ്ങ് വളര്‍ന്നു കഴിഞ്ഞപ്പോള്‍ പതുക്കെ പള്ളിയില്‍ ഒക്കെ പോക്ക് തുടങ്ങി. അമ്മച്ചീടെ കയ്യില്‍ പിടിച്ചു. അപ്പൊ അടുത്തിരിക്കുന്ന കൊച്ചിനോട് അസൂയ. അവന്റ്റെ കയ്യില്‍ ഉള്ള കളിപ്പാട്ടം എന്റ്റെ കയ്യില്‍ ഇല്ലല്ലോ.[ എന്റ്റെ കയ്യില്‍ അതിലും നല്ലത് ഉണ്ടാവും എന്നാലും]. അമ്മച്ചിയുടെ കയ്യില്‍ പിടിക്കാതെ സ്വതന്ത്രമായി നടക്കുന്ന സഹോദരങ്ങളോട് അസൂയ..[കയ്യീന്ന് പിടി വിട്ടാ അന്ന് അമ്മച്ചി എന്റ്റെ പിന്നാലെ ഓടി തളരണ്ട അവസ്ഥ ആയിരുന്നു അക്കാലം. അമ്മച്ചിയെ കുറ്റപ്പെടുത്താന്‍ ആവില്ല. എന്റ്റെ കയ്യിലിരുപ്പിന്റ്റെ ഗുണം കൊണ്ടാ..എന്നാലും]..

സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോ കഥാനായകന്‍ അസൂയ ഞാന്‍ വളരുന്നതിനൊപ്പം  പ്രതി ദിനം വളര്‍ന്നു വന്നു.സീക്കെന്‍സ്‌ വച്ച ഉടുപ്പിട്ട് അടുത്തിരുന്ന കൊച്ചിനോട്, മുത്തുകള്‍ മേലെ തൂങ്ങി കിടക്കുന്ന പച്ച കളര്‍ സ്ലേറ്റ് ഉള്ള കൊച്ചിനോട് [എന്റ്റെത് തടിയുടെ സ്ലേറ്റ് ആരുന്നു], പൂക്കള്‍ ഉള്ള നീളന്‍ കുട ഉള്ള കൂട്ടുകാരോട്, അങ്ങിനെ ലിസ്റ്റ് നീണ്ടു പോകും. ഈ സാധനങ്ങള്‍ ഒക്കെ വേണമെന്ന് പറഞ്ഞു നിലത്ത് ഉരുണ്ടും മറിഞ്ഞും കരഞ്ഞു വാശി പിടിച്ചു അപ്പന്റ്റെ കയ്യില്‍ നിന്നും എല്ലാം കൈക്കല്‍ ആക്കിയിട്ടുണ്ട് കേട്ടോ..ആ പ്രധാനപെട്ട ഒരു സാധനം വിട്ടു പോയി.. ''മണമുള്ള മായ്ക്കു ലബര്‍''[സാധാരണ ഇറേസര്‍ റബ്ബര്‍ , കുഞ്ഞിലെ ഇങ്ങനെയാ ആ സാധനത്തെ വിളിച്ചിരുന്നത്‌].. ഒരു പ്രത്യേക മണമാ ആ റബ്ബറിന്..ആദ്യമായി ഒരു കൂട്ടുകാരിയുടെ കയ്യില്‍ അത് കണ്ടപ്പോള്‍ തോന്നിയ അസൂയ. അമ്പേ.. ഓര്‍ക്കാന്‍ പോലും വയ്യ..

യു പി സ്കൂള്‍ ജീവിതം ഇത്തരുണത്തില്‍ ഉള്ള അസൂയകള്‍ കൊണ്ട് അലങ്ക്രിതം ആയിരുന്നു. പകര്‍ത്തു ബുക്കില്‍ നല്ല കയ്യക്ഷരം ഉള്ളവരോട്, നല്ല നല്ല പടങ്ങള്‍ ഉള്ള പേപ്പര്‍ ഇട്ടു പുസ്തകം പൊതിയുന്ന അഹങ്കാരി പരിഷകളോട്,  കയ്യില്‍ രണ്ടു മടക്കന്‍ കുടയുള്ള കുട്ടികളോട്[എനിക്ക് അപ്പളും പരട്ട നീളന്‍ കുട..ഹും], നീളന്‍ കോലന്‍ മുടിയുള്ള പെണ്ണുങ്ങളോട് [അവറ്റകള്‍ക്ക് പൊതുവേ നിലത്തും താഴേം നിക്കാന്‍ പറ്റാത്ത രീതിയില്‍ അഹങ്കാരം ഉള്ളവര്‍ ആയിരിക്കും], അക്കു കളിക്കുമ്പോള്‍ എപ്പളും ജയിക്കുന്ന ഒരു പൊങ്ങച്ചക്കാരി പെണ്ണിനോട്.. അങ്ങിനെ അങ്ങിനെ ലിസ്റ്റ് നീളുന്നു.  അപ്പനോടും അമ്മച്ചിയോടും പലവട്ടം അസൂയ തോന്നിയിട്ടുണ്ട്. അവര്‍ക്ക് ഇങ്ങനെ ഹോം വര്‍ക്ക് ചെയ്യ് എന്ന് പറഞ്ഞു നിര്‍ബന്ധിച്ചാല്‍ മതിയല്ലോ പടിക്കണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. ' പഠിച്ചു റാങ്ക് ഒക്കെ വാങ്ങുന്ന കുട്ടികളോട് എനിക്ക് ഈ പറഞ്ഞ സാധനം ഒരിക്കലും തോന്നിയിട്ടില്ല. എങ്ങാനും വാശി വച്ച് പഠിച്ചു എനിക്കെങ്ങാനും റാങ്ക് കിട്ടിയാലോ. അവര്‍ക്കൊക്കെ സങ്കടം ആവൂലെ.. ഞാന്‍ പണ്ടേ സഹാനുഭൂതി ഉള്ള കൂട്ടത്തിലാ. നമ്മളായിട്ട് ആരുടേം മനസ്സ് നോവിക്കാന്‍ പാടില്ല'. 

പ്രകൃതിയോട് അന്നും ഇന്നും എന്നും അസൂയ ആണ്. അതിനോട് വാശി വച്ച് ഒന്നും നേടാന്‍ ആവില്ലല്ലോ എന്നോര്‍ത്ത് സങ്കടവും. പറവകള്‍, ചിത്ര ശലഭങ്ങള്‍, പൂക്കള്‍, എവിടെയും പറന്നു കളിക്കുന്ന കാറ്റ്, ചിന്നി ചിന്നി ഒഴുകുന്ന പുഴ, തീരങ്ങളും തിരയും പങ്കു വയ്ക്കുന്ന സ്നേഹം, മഴവില്ല്, പല രൂപത്തില്‍ ആകാശത്ത് ഓടി കളിക്കുന്ന മേഘങ്ങള്‍ അങ്ങിനെ പ്രകൃതിയുടെ അത്ഭുത സൃഷ്ടികളോട് എല്ലാത്തിനെയും ഒരിക്കലും തീരാത്ത അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. 

കോളേജില്‍ ഒക്കെ പോയി തുടങ്ങിയപ്പോളെക്കും എന്റ്റെ  അസൂയ എന്നെക്കാളും വളര്‍ന്നു കഴിഞ്ഞോ എന്നൊരു സംശയം. സ്വയം ഒരു സുന്ദരി ആണെന്ന് അഹങ്കരിക്കുന്ന എനിക്ക് മറ്റു സുന്ദരിമാരോട് ''തീരെ'' അസൂയ ഇല്ലായിരുന്നു കേട്ടോ. പലപ്പോളും ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ കര്‍ത്താവിനു എല്ലാരേം ഒരുപോലെ സൃഷ്ടിച്ചാല്‍ എന്താരുന്നു എന്ന്. അല്ല പിന്നെ ഇതൊരുമാതിരി തിരിച്ചു വ്യത്യാസം അല്ലായോ. കുറെ സുന്ദരി കോതകളും ഫെര്‍ ആന്‍ഡ്‌ ലവലി തേച്ചു മുഖം മിനുക്കി സുന്ദരികള്‍ ആണെന്ന് ഭാവിക്കാന്‍ കുറെ പേരും. അനീതി ആണ് അത്. [എല്ലാര്‍ക്കും ആന്തരിക സൌന്ദര്യം ഉണ്ട്. എന്നാലും ആ ഒരു ഇതില്ലേ .. ഏത്...] . കൂട്ടുകാരെല്ലാം ഒരുമിച്ചു നടന്നു പോകുമ്പോള്‍ എന്നെ നോക്കാതെ വേറൊരുത്തിയെ ഒരു ചെക്കന്‍ വായി നോക്കുമ്പോള്‍ ഏതൊരു പെണ്ണിനാ  മറ്റേ പെണ്ണിനോട് അസൂയ തോന്നാത്തെ. [ഇവിടെ എന്റ്റെ ഭാഗത്ത് അല്ലെ ന്യായം. അല്ലെ..] കോളജില്‍ വച്ച് സപ്ലി വയ്ക്കാതെ ഒറ്റ അടിക്കു സെമെസ്റ്റെര്‍ എക്സാം പാസ്സായിട്ടുള്ള കാലു വാരി സുഹൃത്തുക്കളോടും ഒരു പൊടിക്ക് അസൂയ തോന്നാതിരുന്നിട്ടില്ല.

എങ്ങനെങ്ങാണ്ടോക്കെ തട്ടീം മുട്ടീം നേര്‍ച്ചയുടെ ബലത്തില്‍ പാസ്സായിട്ടു ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നപ്പോള്‍ അവിടേം വര്‍ക്ക്‌ ഔട്ട്‌ ആകുന്നതു ഈ അസൂയ തന്നെ. സ്വന്തമായി ഒരു ജോലിയുള്ള എല്ലാ മഹതികളോടും മഹാന്മാരോടും ഒന്നൊര കട്ടക്ക് അസൂയ. പിന്നെ ഒന്നിച്ചു പഠിച്ച പലര്‍ക്കും തന്നെക്കാള്‍ മുന്പ്പേ ജോലി കിട്ടുമ്പോള്‍ ഉള്ള 'സന്തോഷം കലര്‍ന്ന അസൂയ..'.. ജോലി കിട്ടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ എന്നെ ക്കാള്‍ ആത്മാര്‍ഥമായി പണി എടുക്കന്നവനോട് ബോസ്സ് കാണിക്കുന്ന സ്നേഹത്തിന് മുന്നില്‍ ദേഷ്യം കലര്‍ന്ന അസൂയ..

പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരോട് അസൂയ..
നന്നായി വരക്കുന്നവരോട് അസൂയ..
പാട്ട് പാടുന്നവരോട് ആരാധന കലര്‍ന്ന അസൂയ..
നല്ല തമാശകള്‍ പറയുന്നവരോട് അസൂയ...
ഡ്രൈവിംഗ് അറിയില്ലായിരുന്ന സമയത്ത് അത് അറിയാവുന്നവരോട് അസൂയ..
ഇപ്പൊ ദെ ഈ ബ്ലോഗിങ് ലോകത്ത് വന്നു നിങ്ങളെ ഒക്കെ കണ്ടപ്പോള്‍ നന്നായി എഴുതുന്ന എഴുത്തുകാരോട് സ്നേഹം കലര്‍ന്ന അസൂയ..

''അങ്ങിനെ നോക്കിയാല്‍ സര്‍വ്വം അസൂയ മയം''.
ന്ഹും..[ദീര്‍ഘ നിശ്വാസം ]. ഒരുപാട് കാര്യങ്ങളില്‍ ഈ അസൂയ പലതും നേടി എടുക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. നിങ്ങളെയും കാണുമാരിക്കും അല്ലെ..ഇപ്പൊ ഞാന്‍ ആദ്യം പറഞ്ഞ കാര്യം സത്യം ആണെന്ന് തെളിഞ്ഞില്ലേ..''എന്നെ ഉണ്ടാക്കിയെക്കുന്നത് അസൂയ വച്ചാ''.

NB- ഞാന്‍ പറയാന്‍ വിട്ട ചില അസൂയ ഓര്‍മ്മകള്‍ നിങ്ങള്ക്ക് ഉണ്ടാകുമല്ലോ. അഭിപ്രായതോടൊപ്പം അവയും പങ്കു വയ്ക്കുമല്ലോ അല്ലെ..

Friday, January 6, 2012

തേങ്ങാക്കൊല...

''എന്തുവാ നിങ്ങള് വിചാരിച്ചേ. കുഞ്ഞമ്മ അധ്വാനിച്ചു ജീവിക്കുന്നവളാ. മാനം വിറ്റു ജീവിക്കണ്ട ഗതികേടൊന്നും ഇതുവരെ എനിക്കുണ്ടായിട്ടില്ല.'' തന്റ്റെ നേരെ വച്ച് നീട്ടിയ അമ്പതു രൂപാ നോട്ടില്‍ കാര്‍ക്കിച്ചു തുപ്പി കൊണ്ട് അത് കൊണ്ട് നീട്ടിയവന്റ്റെ കോളരേല്‍ കുത്തി പിടിച്ചു കൊണ്ടാണ് കുഞ്ഞമ്മ ഇത് പറയുന്നത്. ഇത് കണ്ടു ഓടി വന്ന രായപ്പന്‍ ചേട്ടന്‍ [പഞ്ചായത്ത് മെമ്പറാണ് കക്ഷി] കുഞ്ഞമ്മയെ സമാധാനപെടുത്തി. എന്നിട്ട് ദേവസ്യാച്ചനെ  ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തി എന്തൊക്കെയോ വഴക്ക് പറഞ്ഞു.

കുഞ്ഞമ്മ മീന്‍ വിറ്റാണ് കുടുംബം നടത്തുന്നത്. ഭര്‍ത്താവ് നാരായണന്‍ അരക്ക്  കീഴ്പ്പോട്ടു തളര്‍ന്നു കിടപ്പിലാണ്. കോട്ടയം മീന്ച്ചന്തയിലെ കട മുതലാളി ആരുന്നു കുഞ്ഞമ്മയുടെ അപ്പന്‍. നാരായണന്‍ കുഞ്ഞമ്മേടെ അപ്പന്റ്റെ കട വാടകക്ക് എടുത്തു മീന്‍ കച്ചോടം നടത്തുന്ന ആളും.കുഞ്ഞമ്മ ആ കാലത്തെ അറിയപെടുന്ന ഒരു സുന്ദരി ആയിരുന്നു. മാസാവസാനം വാടക കൊടുക്കാന്‍ വീട്ടിലെത്തുംപോളാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്. പിന്നീട് പല തവണ കണ്ടു. അടുത്തു.ഇഷ്ട്ടതിലായി. അവസാനം നാരായണന്‍ ഇല്ലാതെ കുഞ്ഞമ്മയ്ക്ക് ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ . കുഞ്ഞമ്മേടെ അപ്പന്‍ പരീത് കുട്ടി എല്ലാ അപ്പന്മാരെയും പോലെ ഒന്നാന്തരം ഉടക്ക്.'' അതെങ്ങനാ ജാതി വേറെ അല്ലായോ. ഒക്കുകേല. വരുത്തന്മാരുടെ കൂടെ കൊച്ചിനെ പറഞ്ഞയച്ചാ എങ്ങനാ. അത് മാത്രമോ പന്ത്രണ്ട് മീന്‍ ലോറി ഉള്ള അവിരയുടെ മകന്‍ ദേവസ്യയുടെ ആലോചന കഴിഞ്ഞ ആശ്ച വന്നതേ ഉള്ളൂ. അവിരായുടെ കുടുംബത്തില്‍ കേറി ചെന്നാലുള്ള അന്തസ്സ് ഈ വരുത്തന്‍ ഹിന്ദുവിന്റ്റെ കൂടെ വിട്ടാല്‍ കിട്ടുമോ''. അമ്പിനും വില്ലിനും അടുക്കാതെ പരീത് കുട്ടി വാശി പിടിച്ചു നിന്നു.

ദേവസ്യാച്ചന്‍ ഇതിനോടകം മോഹന വാഗ്ധാനങ്ങളുമായി പല തവണ കുഞ്ഞമ്മയെ സമീപിച്ചിരുന്നു. കുഞ്ഞമ്മയുടെ പ്രണയത്തിനു മുന്നില്‍ അപ്പനോ അമ്മയോ സഹോദരങ്ങളോ പോട്ടെ പന്ത്രണ്ട് മീന്‍ ലോറികളുടെ അവകാശിയായ ദേവസ്യയുടെ വീട്ടിലെ സൌകര്യങ്ങളും ഒന്നുമല്ല. കുഞ്ഞമ്മ കരഞ്ഞു നോക്കി, അപേക്ഷിച്ചു നോക്കി, ഉപവാസം, പട്ടിണി അങ്ങനെ പല അടവുകള്‍. എവിടെ പരീത് കുട്ടി അവളെ വീട്ടിനു വെളിയില്‍ ഇറക്കിയില്ല. ഞായറാശ്ച്ച കുര്‍ബാനയ്ക്ക് പള്ളീല്‍ പോകുമ്പോളാ അവള്‍ ഒന്ന് വെട്ടം കാണുന്നത്. അങ്ങനെ ഒരു ഞായറാശ്ച്ച അമ്മച്ചിയുടെ കൂടെ പള്ളിയില്‍ പോയ കുഞ്ഞമ്മ അമ്മച്ചി കുര്‍ബാന സ്വീകരിക്കാന്‍ പോയ സമയത്ത് പള്ളീന്നു ഓടി നാരായണന്ട്ടെ വീട്ടിലെത്തി. എന്തിനേറെ പറയുന്നു . രണ്ടു പേരും പരീതിനെ പറ്റിച്ചു വിവാഹിതരായി. നാരായണന്റ്റെ കട അതോടെ അങ്ങേരു പൂട്ടിച്ചു. അടുപ്പ് പുകയാന്‍ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ നാരായണന്‍ തെങ്ങ് കയറ്റത്തിന് പോയി. കല്യാണം കഴിഞ്ഞു മൂന്നു മാസം അങ്ങ് തികഞ്ഞില്ല. തെങ്ങ് കയറാന്‍ പോയ നാരായണന്‍ തെങ്ങീന്നു താഴെ വീണു. പുറകെ നാരായണന്റ്റെ പോക്കതെക്ക് രണ്ടു കുല തേങ്ങായും. അങ്ങിനെ ആ പ്രണയം ഒരു തേങ്ങകുലയില്‍ അവസാനിച്ചു. നാരായണന്‍ അരക്ക് താഴോട്ട് തളര്‍ന്നു കിടപ്പാണ്.

അങ്ങനെ ദേവസ്യച്ചന്റ്റെ മീന്‍ ലോറി വരുമാനം എണ്ണി തിട്ടപെടുത്തി അലമാരയില്‍ വച്ച് അതിന്റ്റെ താക്കോല് മടിയില്‍ തിരുകി വക്കണ്ട കുഞ്ഞമ്മ ദേണ്ടെ ഇപ്പൊ മീന്‍ വിക്കാന്‍ നടക്കുന്നു.ദേവസ്യാച്ചന് ഇത് സഹിക്കുമോ . കുഞ്ഞമ്മയോടു അന്നേ കടുത്ത  ആരാധന ഉള്ള ദേവസ്യാച്ചനു ഇന്നും ആ ആഗ്രഹം മനസീന്നു പോയിട്ടില്ല .അത് കൊണ്ടാണ്  ഇന്നും ദേവസ്യാച്ചന്‍ കുഞ്ഞമ്മയെ സമീപിക്കാന്‍ ഒരു കൈ  നോക്കിയത്. ദേവസ്യാച്ചന്‍ കുഞ്ഞമ്മയോടു ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു ചെല്ലുന്നത് ഇത് ആദ്യമായി ഒന്നും അല്ല. .....


നിക്കട്ടെ.. അവിടെ നിക്കട്ടെ.. എങ്ങോട്ടാ ഈ വായിച്ചു വായിച്ചു പോകുന്നത്. കഥ അത്രെമേ ഉള്ളൂ..ഇനിയിപ്പോ കുഞ്ഞമ്മയായി ദേവസ്യാച്ചന്‍ ആയി, തേങ്ങാ കൊല വീണു തളര്‍ന്നു കെടക്കുന്ന നാരായണന്‍ ചേട്ടനായി , അവരുടെ പാടായി.. നമ്മളതിനു എന്നാ വേണം.. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ശരിക്കും എന്താണെന്ന് വച്ചാല്‍..അതായത്...അല്ല അതായത്... ഈ പ്രണയം എന്ന് പറയുന്ന മാങ്ങാത്തൊലി ഒരു തേങ്ങാ കുലയില്‍ തീര്‍ന്നു പോകാവുന്ന അല്പായുസ്സുള്ള ഒരു പ്രത്യേക തരം രോഗം ആണ്. അത് കൊണ്ട് തന്നെ '' beware of തേങ്ങാ കുല''. അല്ല ഏത് തേങ്ങാ കൊലയാ എപ്പളാ പാര ആകുക എന്ന് പറയാന്‍ പറ്റില്ലല്ലോ. ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണെ..പിന്നെ ദേവസ്യച്ചനെ പോലെ ഉള്ളവര്‍ക്ക് അതൊരു പുന്ന്യകൊല ആകാനുമം സാധ്യത ഉണ്ട്.

NB; ഒരു സാദാരണ കാരന്റ്റെ പ്രണയ ജീവിതത്തില്‍ തേങ്ങാ കൊലക്കുള്ള സ്ഥനം ഒട്ടും ചെറുതല്ല എന്ന് മനസിലാക്കി തരുക ആയിരുന്നു ശരിക്കും  കവിയുടെ ഉദ്ദേശ്യം.


Thursday, January 5, 2012

അപ്പനെയാണെനിക്കിഷ്ട്ടം­.....

'എന്റ്റെ ചെക്കാ അവളെ ഇങ്ങനെ ഉപദ്രവിക്കാതടാ'' അന്നമ്മ ചേട്ടത്തി അലറി. ചേട്ടത്തി വന്നു മത്തായിച്ചനെ(മാത്യു അതാണ്‌ അവന്റ്റെ പേര്) പിടിച്ചു മാറ്റുംപോളെക്കും എന്റ്റെ കണ്ണുകള്‍ കുടു കുടാ ഒഴുകാന്‍ തുടങ്ങിയിരുന്നു.കുനിച്ചു നിര്‍ത്തി മുട്ടുകൈ വച്ച് ഇടിക്കുകയായിരുന്നു ആ പരമ ദുഷ്ട്ടന്‍  എന്നെ.. അവനെ കരാട്ടെ ക്ലാസ്സില്‍ വിടണ്ടാന്നു അന്നമ്മ ചേട്ടത്തി മത്തായിച്ചന്റ്റെ അപ്പനോട് ഒരുപാട് പറഞ്ഞതാ ..അപ്പന്‍ സമ്മതിച്ചില്ല..''ഇവളെ ആരേലും ഉപദ്രവിക്കാന്‍ വന്നാല്‍ അവന്‍ നോക്കികോളും.അതിനാ ഞാന്‍ അവനെ വിടുന്നത് '' എന്നായിരുന്നു അപ്പന്റ്റെ  മറുപടി.. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നാ അവസ്ഥയായിരുന്നു പക്ഷെ. അവന്‍ പുതിയ അടവുകള്‍ പഠിക്കുന്നത് എന്റ്റെ പിടലിക്കായിരുന്നു.. ചേട്ടത്തി വച്ച് കൊടുത്ത പുളപ്പന്‍ അടിയുടെ വേദന തീര്‍ക്കാന്‍ അവന്‍ ഒന്നൂടെ വന്നു എന്റ്റെ കൊങ്ങക്ക്‌ കുത്തി പിടിച്ചിട്ടു ഇനി മേലാല്‍ അമ്മച്ചി കേക്കുന്ന പോലെ കരഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞിട്ട് പോയി...


എന്റ്റെ നാലാമത്തെ വയസ്സില്‍ എത്തിയതാണ് ഞാനാ വീട്ടില്‍.അപ്പന്‍ (മത്തയിച്ചന്റ്റെ അപ്പനാണ് ഞാനും അപ്പനെന്നാ വിളിക്കാറ്.)കാഞ്ഞിരപള്ളിയില്‍ കച്ചോടത്തിനു പോയപ്പോ വഴിയില്‍ വിശന്നു കരഞ്ഞു തളര്‍ന്നു കൈ അയഞ്ഞ ഒരു പെറ്റികോട്ടുമിട്ട് നില്‍കുന്ന എന്നെ കണ്ടതാണ്..അപ്പന്റ്റെ കുടുംബത്തില്‍ പെണ്‍പിള്ളേര്‍ കുറവായത് കൊണ്ട് അപ്പന് പെണ്‍കൊച്ചുങ്ങളെ വല്യ ഇഷ്ട്ടമായിരുന്നു..അന്നെന്നെ കൂടെ കൂട്ടിയതാണ്. എന്നെ കൂട്ടി വീട്ടില്‍ ചെന്നപ്പോ അന്നമ്മ ചെട്ടത്തിക്ക് ഹാലിളകി മത്തായിച്ചനേം കൂട്ടി സ്വന്തം വീട്ടിലേക്കു പോയെങ്കിലും ചേട്ടത്തിയുടെ അപ്പന്‍ തിരിച്ചോടിച്ചു..തിരിച്ചു വീട്ടിലെത്തിയ ചേട്ടത്തി അപ്പന്‍ പറഞ്ഞ കഥകളെല്ലാം പണിപ്പെട്ട് വിശ്വസിച്ചു..ഒന്ന് രണ്ടു ദിവസം തട്ടുകേടൊക്കെ കാണിച്ചെങ്കിലും പിന്നെ എന്നോട് വല്യ സ്നേഹമായി..അല്ലേലും ചേട്ടത്തി പാവമാ.. അപ്പനും ചേട്ടത്തീം സ്നേഹിച്ചു കെട്ടിയതാ. പരുമല പള്ളിയിലെ വല്യ പെരുന്നാള്‍ പ്രദിഷണത്തില്‍ വച്ച് ആദ്യമായി കണ്ട കഥയൊക്കെ നാണത്തോടെ ചേട്ടത്തി പറയാറുണ്ട്‌...ചേട്ടത്തി പറയുന്നത് അപ്പന്‍ ഒരു സംഭവമാണെന്നാ..


മത്തായിച്ചനും എനിക്കും ഒരേ പ്രായം..രണ്ടു പേരേം ഒരുമിച്ചാ സ്കൂളില്‍ ചേര്‍ത്തത്..അവനെ ഇംഗ്ലീഷ് മീഡിയത്തിലും എന്നെ ഗവണ്മെന്റ് സ്കൂളിലും..അപ്പനും ചെട്ടത്തിക്കും എന്നെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ വിടണം എന്നായിരുന്നു .പക്ഷെ വീട്ടിലെ കുറെ കാരണവന്മാര്‍ " അവളെ സ്കൂളില്‍ പോലും വിടണ്ട..അന്നമ്മക്കൊരു സഹായമായി അടുക്കളയില്‍ നിക്കട്ടെ '' എന്നാണ് ഉത്തരവിട്ടത്..ചേട്ടത്തി നിര്‍ബന്ദിച്ചു പറഞ്ഞിട്ടാ  ഗവണ്മെന്റ്  സ്കൂളിലെങ്കിലും  വിട്ടത്.

മത്തായിച്ചന്‍ പറയുന്ന ഇംഗ്ലീഷ് കേട്ടാണ് ഞാന്‍ പഠിച്ചത്. അവനു എന്നെ പണ്ട് മുതലേ കണ്ടുകൂടാ . തരം കിട്ടുംപോളൊക്കെ എന്നെ ഉപദ്രവിക്കും ആ പരമ ദുഷ്ട്ടന്‍. അപ്പന് എന്നോടാണ് സ്നേഹം പോലും. അതവന്റ്റെ മനസിന്റ്റെ കുഴപ്പമാണ് കേട്ടോ. അപ്പന് അങ്ങനൊന്നുമില്ല. ഞാന്‍ പഠിക്കാന്‍ നന്നേ മോശമാരുന്നു. മത്തായിച്ചനെ  കൊണ്ട് ആകെയുള്ള ഗുണം അവനെന്നെ കണക്ക് പഠിപ്പിക്കുമായിരുന്നു എന്നുള്ളതാണ്. അന്നും ഇന്നും നാലും മൂന്നും ഏഴു എന്ന് കൂട്ടാന്‍ കാല്‍സി ഇല്ലാതെ പറ്റില്ല എനിക്ക്, അവനാണെങ്കില്‍ കണക്കില്‍ പുപ്പുലിയും. അവന്‍ സ്വന്തം ഇഷ്ട്ടപ്രകാരം പഠിപ്പിക്കുന്നത് ഒന്നുമല്ല കേട്ടോ. അപ്പന്റെ ആക്രോശം പേടിച്ചാ .
പ്രായം പിന്നേം മുന്നോട്ടു പോയപ്പോ ഞങ്ങള്‍ കൂട്ടുകാരൊക്കെ ആയി കേട്ടോ. പത്തില്‍ അവനു ഡിസ്റ്റിംഗ്ഷനും എനിക്ക് ഫസ്റ്റ് ക്ലാസും. അന്ന് അവനാണ് അപ്പനെ നിര്‍ബന്ധിച്ചത് ഒരു സ്കൂളില്‍ ചേര്‍ക്കാന്‍. അന്നും കുറെ കള്ള കാരണവ കൂട്ടം എതിര്‍ക്കാന്‍ വന്നെങ്കിലും മത്തായിച്ചന്റ്റെ തര്‍ക്കുത്തരങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാല് മടക്കി. അങ്ങനെ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ്റ് തോമസ്‌ സ്കൂളില്‍ പ്ലസ്‌ ടു ഒരുമിച്ചു പഠിച്ചു . അവന്റ്റെ താന്തോന്നി താരങ്ങള്‍ക്ക് ഞാനായിരുന്നു കൂട്ട്.അന്നേ അവന്‍ ഒരു പൊടിക്ക് അടിക്കുമായിരുന്നു. കൂട്ടുകാരുമായി ചേര്‍ന്ന് ബിയറും മറ്റും. അപ്പനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്തിയ  എന്നെ അവന്‍ അവന്റ്റെ മസില്‍ പവറു കൊണ്ട് അടക്കി നിര്‍ത്തി.. ഒരു കൊച്ചു പ്രേമവും ഉണ്ടായിരുന്നു അന്നവന്.ആന്‍സ്‌ മേരി. എന്നേക്കാള്‍ സുന്ദരിയായിരുന്ന കൊണ്ടാണോ എന്തോ എനിക്കവളെ നന്നേ ഇഷ്ട്ടമാല്ലായിരുന്നു. അഹങ്കാരി. പിന്നെ അവന്റ്റെ കയ്യിലിരിക്കുന്നത് മേടിച്ചു കെട്ടി ആരോഗ്യം കളയണ്ടാന്നു കരുതി അവളെ കാണുമ്പോള്‍ ഒക്കെ ഒരു വളിച്ച ചിരി പാസ്സാക്കിയിരുന്നു. അവന്‍ സ്കൂളെന്നോ വഴിയെന്നോ നോട്ടമില്ലാതെ ഉപദ്രവിക്കും. ഒരിക്കല്‍ ക്ലാസ്സില്‍ വച്ച് എന്തിനോ എന്നെ ഉപദ്രവിക്കുന്ന കണ്ട പ്രിന്സിപ്പാളിന്റ്റെ അടുത്ത് പെങ്ങളാണ് എന്ന് പറഞ്ഞു രക്ഷപെട്ടതാണ് അവന്‍. അതപ്പന്റ്റെ ചെവിയില്‍ എത്തിയതിന്റ്റെ വേദന എനിക്കിന്നും ഉണ്ട്. ഒരു മയമില്ലാത്ത ഇടിയാണ് കാലപാമ്പിന്റ്റെ.
എന്നിട്ടെന്താ പ്ലസ്‌ ടു കഴിഞ്ഞപ്പോ ഞാന്‍ ഡിസ്റ്റിംഗ്ഷന്‍ കാരിയും അവന്‍ സെക്കന്‍ഡ്‌ ക്ലാസും ആയി. അന്നു  മത്തായിച്ചന് ആദ്യമായി എന്നെ നിര്‍ബന്ദിച്ചു സ്കൂളില്‍ ചേര്‍ത്തതിനു കുറ്റ ബോധം തോന്നി. അവനതു പറയുകേം ചെയ്തു. മനുഷ്യനെ നാണം കെടുത്താന്‍ ഓരോന്നിനെ പഠിക്കാന്‍ വിട്ടോളും എന്ന്. ‘’എല്ലാം ഈ അമ്മച്ചി കാരണമാ.’’ അപ്പോളും അമ്മച്ചിക്ക് കുറ്റം. ഞാന്‍ പിന്നെ എന്ട്രന്‍സ് ഒക്കെ എഴുതി എടുത്തു ഡോക്ടര് പഠിക്കാന്‍ പോയി അവന്‍ മാനേജ്മെന്റ് സീറ്റില്‍ എഞ്ചിനീയരും ആയി.

ഇപ്പോള്‍ മത്തായി യു കെ യില്‍ ആണ്. അന്നത്തെ ആന്‍സ്‌ മരിയയെയും കെട്ടി സുഖമായി ജീവിക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്റ്റെ അടുത്ത് വരും ചെക്ക്‌ അപ്പിന്. കള്ള്‌ കുടിച്ചു കുടിച്ചു ലിവര്‍ മൊത്തം തകരാറിലാ. വരുമ്പോ എപ്പളും പറയും അന്ന് ഞാന്‍ കുടിക്കുന്ന കാര്യം നീ അപ്പനോട് പറഞ്ഞിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു എന്ന്. എന്നിട്ടൊരു കൊങ്ങക്ക് പിടുത്തമുണ്ട് പണ്ടത്തെ പോലെ. എല്ലാം നീ ഒറ്റ ഒരുത്തി കാരണമാടീ പോത്തേന്നു പറയും.

ഞാന്‍ അപ്പന്റ്റെം ചെട്ടത്തിയുടെയും കല്ലറയില്‍ തിരി കത്തിച്ചിട്ടു വരുന്ന വഴിയ ഇപ്പൊ. സ്റ്റീഫന്‍ [എന്റ്റെ കെട്ടിയോന്‍] അവിടെ പള്ളി മുറ്റത്ത്‌ പള്ളീലച്ചന്റ്റെ കുറ്റം പറച്ചില്‍ ഗാങ്ങില്‍ നിന്ന് ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ട്. പള്ളി മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന  എട്വേര്‍ഡും അന്ന മോളും ഓടി വന്നു എന്റ്റെ സാരി തുമ്പില്‍ തൂങ്ങി. എഡ്വേര്‍ഡ്‌ എന്റ്റെ മോന്‍ ആണ്. അന്നയെ സ്റ്റീഫന് ഒരിക്കല്‍ ആലുവാ റെയില്‍ വേ സ്റ്റേഷനില്‍  നിന്ന് കിട്ടിയതാ. അന്ന് അന്നയെയും കൂട്ടി വീട്ടില്‍ വന്നപ്പോ അന്നാമ്മ ചേട്ടത്തി ചെയ്ത അതേ പണി തന്നെ ഞാനും ചെയ്തു. അല്ലേലും പഠിക്കുന്ന കാലത്തേ സ്റ്റീഫന് കുറെ പെണ്പില്ലെരുമായി കൂട്ടുള്ള കാര്യം എനിക്കറിയാമായിരുന്നു. വഴക്കിട്ടു വീട്ടീന്നു ഇറങ്ങാന്‍ പോകുമ്പോ അപ്പന്റ്റെ ഫോട്ടോ എന്നെ തിരിച്ചു വിളിക്കുംപോലെ തോന്നി.അന്ന് കാഞ്ഞിരപ്പള്ളി മാര്‍കെറ്റില്‍ വിശന്നു വലഞ്ഞ ഞാന്‍ ഇന്നിവിടെ വരെ എത്തിയത് ആ മനുഷ്യന്റ്റെ കാരുണ്യം കൊണ്ടായിരുന്നു. അന്ന മോളെ കണ്ടപ്പോ അന്ന് അപ്പന്റ്റെ കയ്യില്‍ കിട്ടിയ നിന്നെയാ ഞാന്‍ അവളില്‍  കണ്ടത് എന്ന് സ്റ്റീഫന്‍ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. ഇപ്പൊ അവള് ഞങ്ങടെ മോളാണ്. അല്ലേലും അപ്പന്റ്റെ കല്ലറയില്‍ വന്നാല്‍ ഞാന്‍ ഇങ്ങനാ.. എല്ലാം ഓര്‍ക്കും. കുറെ കരയും. പിന്നെ അപ്പനെ പോലെ തന്നെ ഒരു കേട്ടിയോനെ എനിക്ക് തന്നതിന് കര്‍ത്താവിനോട് നന്ദി പറയും. എട്വേര്ടിനെയും അന്നയെയും ചേര്‍ത്ത് പിടിച്ചു കാറിന്റെ അരികിലേക്ക് നടക്കുമ്പോ സ്റ്റീഫന്‍ എപ്പളും പറയാറുള്ള കാര്യം ഞാന്‍ ഓര്‍ക്കുകയായിരുന്നു. ''എടുത്തു ചാട്ടവും മണ്ടത്തരങ്ങളും അതിലുപരി സംശയവും പെണ്ണുങ്ങളുടെ സിരകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ജന്മ സ്വഭാവങ്ങളാണ്''....